ആലപ്പുഴ: മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ ഭരണ കൂടങ്ങളിലെ ജാഗ്രത സമിതികൾക്ക് പുരസ്‌കാരം നൽകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വനിതാ കമ്മീഷൻ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുക്കുകയായിരുന്നു അവർ. ജാഗ്രത സമിതികൾ കാര്യക്ഷമമാകുന്നതോടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, അയൽവാസികളുമായുള്ള തർക്കങ്ങൾ എന്നിവ തടയുന്നതിനും നിയമസഹായം നൽകുന്നതിനും വേഗത്തിൽ സാധിക്കും.

ഇതിലൂടെ കുടുംബപ്രശ്‌നങ്ങൾ ഉൾപ്പടെ കമ്മീഷനുമുമ്പിൽ എത്തുന്ന പ്രശ്‌നങ്ങൾ പ്രാരംഭഘട്ടത്തിൽ പരിഹരിച്ച് മുന്നോട്ടു പോകാൻ സാധിക്കുമെന്നും അതിനുള്ള പരിശീലനം വനിത കമ്മീഷന്റെ നേതൃത്വത്തിൽ നൽകി വരുന്നുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത് തുടങ്ങിയ നാല് തലങ്ങളിൽ ഓരോ അവാർഡുകളാണ് നൽകുക. അതിനുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിട്ടുണ്ട്.

ജില്ലയിൽ നടന്ന അദാലത്തിൽ ആകെ ലഭിച്ച 90 പരാതികളിൽ 30 എണ്ണം തീർപ്പാക്കി. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. 48 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറിയ വരനും കുടുംബത്തിനുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഹരിജൻ വിഭാഗത്തിൽപ്പെട്ട ആലപ്പുഴ സ്വദേശിനി കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ നഷ്ടപരിഹാരം അനുവദിച്ചു കിട്ടിയതിനെ തുടർന്ന് കമ്മീഷിനിലെ പരാതി പിൻവലിച്ചുവെന്ന് കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

അദാലത്തിൽ ലഭിച്ച പരാതികളിലേറെയും കുടുംബ പ്രശ്‌നവും അയൽപക്ക തർക്കവുമാണ്. കുടുംബ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരുന്നു എന്നതാണ് ഈ കാലഘട്ടം നേരിടുന്ന പ്രധാന പ്രശ്‌നം. ഭാര്യ അടിമയാണ് എന്ന പുരുഷന്മാരുടെ കാഴ്ചപ്പാട് മാറണം സഹജീവിയായി അംഗീകരിക്കുന്ന മാനസികാവസ്ഥ പുരുഷന്മാർക്ക് ഉണ്ടാകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. പുതിയ സുപ്രീം കോടതി വിധി പോലും ഇത്തരം മനോഭാവങ്ങൾക്കെതിരെയാണ് വന്നിട്ടുള്ളത്. വനിത കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ, അഡ്വക്കേറ്റുമാരായ ജിനു എബ്രഹാം, മിനിസ, അംബിക കൃഷ്ണൻ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.