കോതമംഗലം: മാതാപിതാക്കളുമായുള്ള സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം കാട്ടിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. പല്ലാരിമംഗലം, അടിവാട്, കൊച്ചുതുണ്ടിൽ വീട്ടിൽ രഘു (57) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കലാ പ്രവർത്തനത്തിൽ തൽപരരായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ. ഉത്സവകാലങ്ങളിൽ കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി ഇവർ നാട്ടിലെ സമാന ചിന്താഗതിക്കാരുമായി ചേർന്ന് പരിശീലന പരിപാടിയും മറ്റും നടത്തിയിരുന്നു.

ഈയവസരത്തിൽ കലാപരിപാടികളുടെ ആസ്വാദകൻ എന്ന നിലയിൽ രഘു ഈ വീട്ടിൽ എത്തിയിരുന്നു. കുടുംബവുമായി അടുത്ത ബന്ധം മുതലാക്കി അവസരം ഒത്തുവന്നപ്പോൾ രഘു പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രഘു ഒളിവിൽ പോയിരുന്നു. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് രഘു പൊലീസിൽ ഹാജരാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കി, റിമാൻഡ്് ചെയ്തു.