രാജാക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്.

ഇടമലക്കുടി സ്വദേശി മുരുകനെ(19) യാണ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി കോമാളിക്കൂടിയിൽ താമസിക്കുന്ന മുരുകൻ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയുമായി ഇടമലക്കുടിയിലേക്ക് പോയി. പെൺകുട്ടിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെട്ടിമുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ ചെക്ക്പോസ്റ്റിൽ തടഞ്ഞുവച്ചു.

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. പിന്നാലെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. രാജാക്കാട് എസ്എച്ച്ഒ പങ്കജാക്ഷന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജൂഡി, സജി എൻ. പോൾ, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.