തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത. തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒക്ടോബർ 17 മുതൽ 21 വരെ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്. ഒക്ടോബർ 20 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

നേരത്തെയുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി സംസ്ഥാനത്തെ 13 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പുതുതായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ രണ്ട് മണിക്കൂറുൽ കോട്ടയത്തെ പൂഞ്ഞാറിൽ 96 mm മഴയാണ് ലഭിച്ചത്. ആര്യനാട് 96 mm, പീരുമേട് 89 mm, പാലോട് 74 mm, കുളത്തൂപുഴ 52 mm, കുളമാവ് 51 mm എന്നിങ്ങനെയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത മഴയുടെ കണക്ക്. കണ്ണൂർ പയ്യാവൂരിൽ ഒന്നര മണിക്കൂർ 54 mm മഴ ലഭിച്ചു.

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപത്തായി നിലവിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ മറ്റൊരു ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും.

 മഴ സാധ്യത പ്രവചനം

17-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്.

18-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

19-10-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.

20-10-2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ. 21-10-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലയിൽ പെയ്ത മഴയിൽ വ്യാപക നാശം. വിതുര തൊളിക്കോട് മഴയിൽ മണ്ണ് ഇടിഞ്ഞ് വീട് തകർന്നു. ജോൺ സാമുവൽ റെഗുലസിന്റെ വീടാണ് ഇടിഞ്ഞ് വീണത്. ആർക്കും പരിക്കില്ല. തൊളിക്കോട് റോഡിലെ മണ്ണ് ആട്ടിൻകൂടിലേക്ക് ഇടിഞ്ഞുവീണ് അഞ്ച് ആട്ടിൻകുട്ടികൾ മരിച്ചു. ഷംസുദ്ദീന്റെ വീടിനോട് ചേർന്നുള്ള ആട്ടിൻകൂടാണ് ഇടിഞ്ഞുവീണത്. വീട് അപകടാവസ്ഥയിലാണ്. ഉച്ചമുതൽ പെയ്ത മഴയിൽ തിരുവനന്തപുരം തെങ്കാശി ദേശീയപാതയിൽ വെള്ളംകയറി. പാലോട് ഇളവെട്ടത്താണ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്തവിധം വെള്ളക്കെട്ടുണ്ടായത്.