കണ്ണൂർ: കേരളത്തിലെ ജനങ്ങൾ വിമോചന സമരത്തിന്റെ മാനസികാവസ്ഥയിലാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു വിലക്കയറ്റത്തിനും ഇടതു സർക്കാരിന്റെ സ്വജന പക്ഷപാതിത്വത്തിനും പിൻവാതിൽ നിയമനത്തിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

വിമോചന സമരത്തോട് ഞങ്ങൾക്ക് യോജിപ്പില്ലെങ്കിലും കേരളം അതി ഭീകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 1957 ലെ ഇ എം എസ് ഭരണത്തിന് ശേഷം ഇതു പോലുള്ള ഒരു സർക്കാരിനെ കേരളം കണ്ടിട്ടില്ല. സംസ്ഥാന ഖജനാവിനെ ധൂർത്തടിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശത്ത് ടൂർ നടത്തിയത്. ഗവർണർ തെറ്റായ തീരുമാനങ്ങൾ എടുത്താൽ അതിനെ തെറ്റാണെന്ന് പറയാനും എതിർക്കാനുള്ള ആർജ്ജവം കോൺഗ്രസിനുണ്ട്.

കലാമണ്ഡലം സർവ കാലാശാല വി സിയെ മാറ്റി വി.എൻ വാസവനെ നിയമിക്കാൻ എന്തു യോഗ്യതയാണ് വാസവനുള്ളതെന്ന് ജനങ്ങൾക്കറിയാം. സർക്കാർ നിയമനങ്ങൾ പി.എസ്.എസി ക്ക് വിടാൻ മടിക്കുന്നത് സർവകലാശാലകളിലും മറ്റിടങ്ങളിലും സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും ജോലി നൽകുന്നതിനാണെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അധ്യക്ഷനായി. അഡ്വ: സണ്ണി ജോസഫ് എം.എൽ എ, സോണി സെബാസ്റ്റ്യൻ, സജീവ് മാറോളി , വി.എ നാരായണൻ ,പി.ടി മാത്യു, പ്രൊഫ. എ.ഡി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.