തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നടിയും സംവിധായികയുമായ രേവതി ആരോപിച്ചു. റിപ്പോര്‍ട്ട് നേരത്തെ പരസ്യപ്പെടുത്തിയിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നുവെന്നും രേവതി പറഞ്ഞു.

താരസംഘടനയ്‌ക്കെതിരെ രേവതി വിമര്‍ശനം ഉന്നയിച്ചു. 2018ല്‍ 'അമ്മ' ഡബ്ല്യൂസിസിയുമായി സംസാരിക്കാന്‍ തന്നെ മടിച്ചിരുന്നു അതേസമയം, സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ സര്‍ക്കാര്‍ വൈകി. അതുകൊണ്ടുതന്നെ നീതി വൈകി. നേരത്തെ പരസ്യമായിരുന്നെങ്കില്‍ പലരെയും രക്ഷിക്കാമായിരുന്നു.

സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവരില്‍ നിന്നുപോലും വിവേചനം നേരിട്ടു. ഈ വിവേചനം വേദനയും ഞെട്ടലുമുണ്ടാക്കിയെന്നും രേവതി വ്യക്തമാക്കി. ആരോപണങ്ങളില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിനെയും അവര്‍ സ്വാഗതം ചെയ്തു.

എന്നാല്‍ പരാതികളില്‍ അന്വേഷണവും വിചാരണയും അനന്തമായി നീളരുത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല എന്നും രേവതി പറഞ്ഞു.

അതേസമയം സിനിമാ രംഗത്തെ ലൈംഗിക അതിക്രമം തുറന്നുപറഞ്ഞവരില്‍ നിന്ന് മൊഴിയെടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം. നാലു വനിത ഐ.പി.എസുകാര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ തലവന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഐ.ജി സ്പര്‍ജന്‍ കുമാറാണ്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയായ എച്ച്. വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വന്ന വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കി നടപടി സ്വീകരിക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി നിയമോപദേശം നല്‍കുകയും ചെയ്തു. പരാതി കിട്ടണമെന്ന് നിര്‍ബന്ധമില്ല. ആരോപണം പരിശോധിക്കാം. പോക്സോ ആണെങ്കില്‍ നിയമനടപടി തുടങ്ങാം. പൊതുജന മദ്ധ്യത്തില്‍ വന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ട സര്‍ക്കാരിന് തുടര്‍ നടപടി എടുക്കാമെന്നായിരുന്നു നിയമോപദേശം.