തിരുവനന്തപുരം: വീടുകളിൽ ക്രിസ്മസ് സ്റ്റാർ തൂക്കാൻ പാടില്ലെന്ന് പറഞ്ഞ നേതാക്കൾ സംഘപരിവാറിനുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും റിയാസ് വ്യക്തമാക്കി. ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ ക്രൈസ്തവ ബിഷപ്പുമാരെ കണ്ടിരുന്നു. വീടുകളിലും പോയി. ഈ പശ്ചാത്തലത്തിലാണ് റിയാസിന്റെ വിമർശനം.

വീടുകൾ സന്ദർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് റിയാസ് പറഞ്ഞു. എന്നാൽ ഒരു പ്രത്യേക വിഭാഗത്തിന്റെ വീട് മാത്രം തിരഞ്ഞെടുക്കുന്ന രീതി കേരളത്തിൽ ഇല്ലായിരുന്നു. ഇത്തരം രീതികൾ ശരിയോണോ എന്നും റിയാസ് ചോദിച്ചു. വിജയദശമി ദിനങ്ങളിലെ സംഘപരിവാർ നേതാക്കളുടെ പ്രസംഗങ്ങൾ പരിശോധിച്ചാൽ ന്യൂനപക്ഷവിരുദ്ധമായ പ്രസ്താവനകൾ ഉയർന്നുവന്നതായി കാണാമെന്നും റിയാസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇങ്ങനെയുള്ള അക്രമണങ്ങൾ മതന്യൂനപക്ഷങ്ങൾ നേരിടാതിരിക്കുന്നതിന്റെ കാരണം സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്ന കർക്കശമായ നിലപാടാണെന്നും റിയാസ് പറഞ്ഞു. അതിനാലാണ് സർക്കാറിനെ ദുർബലപ്പെടുത്താൻ സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.