രാജാക്കാട്: രാജകുമാരി ബിവറേജസ് ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ കാണേണ്ടതായ പണത്തിൽ പതിനേഴായിരം രൂപയുടെ കുറവാണ് പരിശോധനയിൽ കണ്ടെത്തിയത്.

പണം കുറവ് വന്നതിനെക്കുറിച്ച് വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികൾ പതിവായി വാങ്ങുന്ന 110 രൂപ വിലയുള്ള ഒരു കുപ്പി ബിയറിന് 140 രൂപയ്ക്കാണ് വിൽപന നടത്തിയിരുന്നത്. ഈ വിഭാഗം വാങ്ങുന്ന മദ്യത്തിന് ബില്ല് നൽകാറില്ല. ഈ ബില്ലുകൾ കീറി വെയ്സ്റ്റ് ബോക്സിൽ ഇട്ടതായും കണ്ടെത്തി. സ്റ്റോക്കിൽ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യം നൽകാതെ കമ്മീഷൻ കൂടുതൽ കിട്ടുന്ന മദ്യം മാത്രം നൽകുന്നതായും പരിശോധനയിൽ തെളിഞ്ഞു.

ഉത്തരവാദികളായ ജീവനക്കാരുടെ പേരിൽ തുടർ നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുറഞ്ഞവിലയുടെ മദ്യം അന്വേഷിച്ചെത്തുന്നവർക്ക് അത് നൽകാതെ കമ്മീഷൻ മോഹിച്ച് കൂടിയ വിലയുടെ മദ്യമാണ് വിറ്റിരുന്നത്. ഇത്തരത്തിൽ കമ്മീഷൻ കൈപ്പറ്റുന്നതിനായി പ്രത്യേക കമ്പനിയുടെ മദ്യം മാത്രം വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്തി. കോട്ടയം റേഞ്ച് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്‌പി പി.വി. മനോജ്കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.