കൽപറ്റ: തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനായി വിദ്യാർത്ഥികളെ വിളിച്ചതിന്റെ പേരിൽ ആക്രമിക്കുമെന്ന് എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പരാതി. വീട്ടിൽ കേറി കൈയും കാലും തല്ലിയൊടിക്കുമെന്നും പറമ്പിൽ കൂടി അടിച്ചോടിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എംഎസ്എഫ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

മുട്ടിൽ ഡബ്ല്യു എം ഒ കോളജ് വിദ്യാർത്ഥിയായ സൈനുൽ ആബിദാണ് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജിക്കെതിരെ കൽപറ്റ പൊലീസിൽ പരാതി നൽകിയത്. തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാനായി വിദ്യാർത്ഥികളെ വിളിച്ചതിന്റെ പേരിൽ ആക്രമിക്കുമെന്നാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണവും പരാതിക്കാരൻ പുറത്തുവിട്ടു.

'മടക്കിക്കെട്ടി പൂട്ടി പെട്ടിയിലാക്കി അടിച്ച് തരുന്നുണ്ട് ഞങ്ങൾ. അത് കഴിഞ്ഞ് നീ ഡയലോഗടിക്ക്... (അസഭ്യം വിളിക്കുന്നു)... ഇനി മേലിൽ ഏതെങ്കിലും യുയുസിന്റെ ഫോണിലേക്ക് നിന്റെ കോള് വന്നാൽ നിന്റെ കൈയും കാലും ഞാൻ തല്ലിയൊടിക്കും. ഒരു സംശയോം വേണ്ട, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയാണ് പറയുന്നത്. ഒരു കോളെങ്കിലും നീ ഞങ്ങളുടെ യുയുസിനെ വിളിച്ചാൽ നിന്റെ കൈയും കാലും തല്ലിയൊടിക്കും. തലയെണ്ണി 16 യുയുസിമാർ ഇവിടെ നിൽപ്പുണ്ട്. അതിലേതെങ്കിലും ഒരുത്തനെ നീ വിളിച്ചിട്ടുണ്ടെങ്കിൽ നിന്റെ കൈയും കാലും നിന്റെ വീട്ടിൽ കേറി തല്ലിയൊടിക്കും. ഒരു സംശയോം വിചാരിക്കണ്ട. ഏത് എംഎസ്എഫിന്റെയും ഏത് ലീഗിന്റെയും (അസഭ്യം) കൂട്ടി നിർത്തിയിട്ടുണ്ടെങ്കിലും കൈയും കാലും ഞങ്ങള് തല്ലിയൊടിക്കും. അങ്ങനെ അടിച്ച ചരിത്രം ഞങ്ങൾക്കുണ്ട്. പറമ്പിൽ കൂടി അടിച്ചോടിച്ചിട്ടുണ്ട്. അത് നിന്റെ ഫായിസൽക്കനോട് ചോയ്ച്ചാൽ മതി. പൊലീസുകാരുള്ളപ്പോ ഐടിഐയിന്റെ പറമ്പിൽ കൂടി (അസഭ്യം) ഓടിയതെന്ന് ചോദിച്ചാൽ മതി. അറിയില്ലെങ്കിൽ നിന്റെ മറ്റ് നേതാക്കന്മാരോട് ഇവിടുത്തെ എസ്എഫ്‌ഐ ആരാന്ന് ചോദിച്ചാ മതി'- എന്നാണ് പരാതിക്കാരൻ പുറത്തുവിട്ട ശബ്ദശകലത്തിലെ ഭീഷണി.

അതേസമയം പരാതി അടിസ്ഥാന രാഹിതമെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി പറഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കൂടിയാണ് ജിഷ്ണു ഷാജി.