കൊച്ചി:സപ്ലൈകോയുടെ മൂന്നാർ ഡിപ്പോയിൽ വിൽക്കാനെത്തിച്ച ശബരി വെളിച്ചെണ്ണയിൽ മായമെന്ന് കണ്ടെത്തൽ.റോയൽ എഡിബിൾ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാർക്ക് വെളിച്ചെണ്ണയിൽ മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്.വിവരം പുറത്തുവന്നതിന് പിന്നാലെ ഈ ബാച്ചിൽ പെട്ട വെളിച്ചെണ്ണ എല്ലാ വിൽപനശാലകളിൽനിന്നും ഡിപ്പോകളിൽനിന്നും തിരിച്ചെടുക്കാൻ സപ്ലൈകോ ഉത്തരവിറക്കി.

സപ്ലൈകോയുടെ ഗുണനിലവാര പരിശോധന വിഭാഗം കോന്നിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സി.എഫ്.ആർ.ഡി ലാബിൽ പരിശോധനക്ക് വിധേയമാക്കിയ വെളിച്ചെണ്ണയിലാണ് മിനറൽ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം ഉള്ളതായി 25ന് റിപ്പോർട്ട് ലഭിച്ചത്.മിനറൽ ഓയിലിന്റെ സാന്നിധ്യം വെളിച്ചെണ്ണയിൽ അനുവദനീയമല്ല.ഇവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തരമായി വെളിച്ചെണ്ണ തിരിച്ചെടുത്ത് വിതരണക്കാർക്ക് തിരികെ നൽകാൻ 26ന് തന്നെ സപ്ലൈകോ നിർദ്ദേശം നൽകി.

വെളിച്ചെണ്ണ വിതരണം ചെയ്ത റോയൽ എഡിബിൾ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.ഇതിന് നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ കമ്പിനിയെ കരിമ്പട്ടികയിൽ പെടുത്തുന്നത് അടക്കം തുടർനടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീബ് പട്‌ജോഷി അറിയിച്ചു.

സപ്ലൈക്കോ വഴി ഏറ്റവുമധികം വിറ്റഴിക്കുന്ന ബ്രാൻഡുകളിലൊന്നായിരുന്നു ശബരി വെളിച്ചെണ്ണ.എൻ.എ.ബി.എൽ അംഗീകൃത ലബോറട്ടറിയിൽ നിന്ന് ലഭ്യമായ ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിപ്പോകളിൽ ശബരി അഗ്മാർക്ക് വെളിച്ചെണ്ണയുടെ സ്റ്റോക്ക് സപ്ലൈകോ സ്വീകരിച്ചത്.