പയ്യന്നൂർ: ഷവർമ സ്റ്റാന്റിൽ പൂച്ചകൾ കയറാനിടയായ സംഭവത്തിൽ ഹോട്ടൽ അടപ്പിച്ചു. പയ്യന്നൂർ നഗരസഭ കേളോത്ത് അബ്ദുൾ റഹ്‌മാൻ കെ.പി.സി. എന്ന ലൈസൻസിയുടെ ഉടമസ്ഥതയിലുള്ള മജ്‌ലീസ് ഹോട്ടലാണ് അടപ്പിച്ചത്. ഷവർമ സ്റ്റാന്റിൽ പൂച്ചകൾ കയറാൻ കാരണം അടച്ചുറപ്പില്ലാതെ അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനാലാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് കട അടപ്പിച്ചത്.

നിലവിലുള്ള അപാകതകൾ പരിഹരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. പയ്യന്നൂരിലെ മജ്ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് പൂച്ചകൾ കയറിയത്. പൂച്ച കഴിച്ചതിന്റെ ബാക്കി ഷവർമ നശിപ്പിച്ചെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്.

സ്റ്റാൻഡിൽ കയറിയ പൂച്ചകൾ ഷവർമ കഴിക്കുകയും ചെയ്തു. പാചകക്കാർ പൂച്ചകളെ ഓടിച്ചുവിട്ടെങ്കിലും, അവിടെ ആ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി.

അപ്രതീക്ഷിതമായി രണ്ട് പൂച്ചകൾ വന്നുകയറി. അത് ശ്രദ്ധയിൽ പെട്ടപ്പോൾ പൂച്ചകളെ ഓടിച്ചുവിട്ടു. ഇതിന് പിന്നാലെ പൂച്ച കഴിച്ച ഷവർമ നശിപ്പിച്ചു. പിന്നീട് അത് വിൽപന നടത്തിയിരുന്നില്ല. അത് ഹോട്ടലിലെ മറ്റ് ആളുകൾ കണ്ടതാണ്. അത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. തുറസായ സ്ഥലത്താണ് ഷവർമ പാചകം ചെയ്യുക. ബോധപൂർവം കുഴപ്പങ്ങൾ വരുത്താൻ ശ്രമിച്ചിട്ടില്ല, എന്നായിരുന്നു ഹോട്ടൽ അധികൃതരുടെ വിശദീകരണം.