കോട്ടയം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയെന്ന് ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനാണ് പരാതി നൽകിയതെന്ന് ഷോൺ ജോർജ്ജ് വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്വേഷണം നടക്കാത്തതു കൊണ്ടാണ് പരാതി നൽകിയത്. 15 ദിവസത്തിനുള്ളിൽ ഏജൻസി അന്വേഷണം തുടങ്ങിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ മാസപ്പടി ആരോപണം ഉന്നയിച്ചു മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് സിഎംആർഎൽ ഭിക്ഷയായി നൽകിയതാണോ പണമെന്ന് മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ ചോദിച്ചിരുന്നു. മാസപ്പടി ലിസ്റ്റിൽ പേരുവന്ന പിവി എന്ന ചുരുക്കപ്പേര് പിണറായി വിജയൻ തന്നെയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ഏത് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണ് സർക്കാർ ചെയ്യുന്നതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. വിജിലൻസാണ് സർക്കാരിന്റെ ശക്തമായ ആയുധം. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് സർക്കാരിന്റെ ശ്രമം. അന്വേഷണം നിയമ വിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.

വിജിലൻസ് അന്വേഷണം നടത്തി തളർത്തികളയാമെന്ന് കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.