തിരുവല്ല: ചിട്ടിയുടെയും സ്ഥിര നിക്ഷേപത്തിന്റെയും പേരില്‍ നൂറുകണക്കിന് ആളുകളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ പ്രധാന പ്രതി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എസ് എന്‍ ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് ബോര്‍ഡ് അംഗങ്ങളും ഒന്നാം പ്രതിയുമായ കവിയൂര്‍ ഞാലിക്കണ്ടം രാധാ തിരുവല്ല നിലയത്തില്‍ സദാശിവന്‍ ( 88), ആറാം പ്രതി ചങ്ങനാശ്ശേരി പെരുന്ന പുത്തന്‍ പറമ്പില്‍ വിശ്വനാഥന്‍ (68) എന്നിവരാണ് പിടിയിലായത്.

സദാശിവന്‍, പുരുഷോത്തമന്‍, ദിലീപ്, റേണി, പ്രവീണ, വിശ്വനാഥന്‍, രാജേന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഏഴംഗ ഡയറക്ടര്‍ ബോര്‍ഡ് ആണ് ചിട്ടി കമ്പനി നടത്തിയിരുന്നത്. ഇതില്‍ രണ്ടാം പ്രതി പുരുഷോത്തമനും ഏഴാം പ്രതി രാജേന്ദ്രനും മരണപ്പെട്ടു. 15 വര്‍ഷക്കാലത്തിലേറെ ആയി തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ചിട്ടി കമ്പനി അടച്ചുപൂട്ടി മൂന്നു വര്‍ഷം മുമ്പാണ് പ്രതികള്‍ മുങ്ങിയത്.

ചിട്ടി ചേര്‍ന്നതും സ്ഥിര നിക്ഷേപം നടത്തിയവരും ആയ നൂറുകണക്കിന് നിക്ഷേപകരുടെ മൂന്നരക്കോടിയില്‍ അധികം വരുന്ന പണമാണ് നഷ്ടമായത്. തുടര്‍ന്ന് നിരവധി നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതികളെ തുടര്‍ന്ന് മുങ്ങിയ പ്രതികള്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബാക്കിയുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ ബി.കെ സുനില്‍ കൃഷ്ണന്‍, സീനിയര്‍ സിപിഒ സുനില്‍, സിപിഒ മാരായ അവിനാഷ്, മനോജ്, അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.