കോതമംഗലം; തങ്കളം ഗ്രീൻവാലി സ്‌കൂളിൽ ഓണം ആഘോഷത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വസ്തകൾക്ക് അനുഭവപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇഴയുന്നതായി ആക്ഷേപം. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഡോ. അശോക് കുമാർ, മനോജ്, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്‌കൂളിലെ ജലസ്രോതസുകൾ പരിശോധിച്ച്, സാമ്പിളുകൾ ശേഖരിച്ചിരുന്നു.ഇതിന്റെ പരിശോധന ഫലം ഇനിയും ലഭിച്ചിട്ടില്ലന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്ത നൂറിലേറെ വിദ്യാർത്ഥികൾ ശർദ്ദിയും പനിയും തലവേദനയും മൂലം ആശുപത്രികളിൽ ചികത്സ തേടിയിരുന്നു. കുടിവെള്ളത്തിൽ നിന്നുള്ള അണുബാധയാണ് വിദ്യാർത്ഥികളുടെ ശാരീരിക അസ്വസ്തകൾക്ക് കാരണമെന്നായിരുന്നു രക്ഷിതക്കളുടെ പ്രധാന ആരോപണം.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ രക്ഷിതാക്കളിൽ ഒരു വിഭാഗം സ്‌കൂളിൽ പ്രതിഷേധവുമായി എത്തിയിരുന്നു.തുടർന്ന് ഇവരിൽ ചിലർ മാധ്യമപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ സ്‌കൂളിലെ വാട്ടർ ടാങ്ക് പരിശോധിച്ചിരുന്നു.

പായൽ പറ്റിപ്പടിച്ച നിലയിലായ ടാങ്കിലെ വെള്ളത്തിന് നിറം മാറ്റവും ഉണ്ടായിരുന്നു.ഇത് രക്ഷിതാക്കളുടെ പ്രതിഷേധത്തിന്റെ ആക്കം കൂട്ടി.ഇക്കാര്യം പലതവണ സ്‌കൂൾ അധികൃതരെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നെന്നും പിന്നാലെ രക്ഷിതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
.
ഇപ്പോഴുണ്ടായ സംഭവത്തിൽ വേദനയുണ്ടന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രിച്ചെലവുകൾ വഹിക്കാൻ തയ്യാറാണെന്നും സ്‌കൂൾ ഡയറക്ടർ പ്രദീപ് കുര്യാക്കോസ് രക്ഷിതാക്കൽക്ക് ഉറപ്പുനൽകിയിരുന്നു.ഇതിന്് പിന്നാലെ പിറ്റിഎ കമ്മറ്റി അടിയന്തിര യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തിരുന്നു.

സ്‌കൂൾ തുറന്നുപ്രവർത്തിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തികളെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതർ സ്‌കൂൾ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇത് നടപ്പിലാക്കിയ ശേഷം സ്‌കൂൾ തുറന്നാൽ മതിയെന്നാണ് സ്‌കൂൾ പിറ്റിഎയുടെ നിലപാടെന്നും പിറ്റിഎ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയിട്ടുണ്ടെന്നും സെക്രട്ടറി റഫീക്ക് ഉമ്മർ അറിയിച്ചു.

വാട്ടർ ടാങ്ക് ശുചിയാക്കുക, വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുക, ശുചിമുറികൾ അണുവിമുക്തമാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായിട്ടുള്ളത്.ഈ വഴിക്കുള്ള പ്രവർത്തനങ്ങൾ നല്ലരീതിയിൽ പുരോഗമിക്കുന്നതായിട്ടാണ് മനസിലാക്കുന്നത്.സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ മുൻകാലങ്ങളേക്കാൾ കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും പിറ്റിഎ തീരുമാനമായിട്ടുണ്ട്.റഫീക്ക് വിശദമാക്കി.