തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ സാരഥികളാരെന്ന് മാസങ്ങൾക്കു മുൻപേ വാർത്ത വന്നെങ്കിലും എന്തുകൊണ്ടോ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഒടുവിൽ മട്ടന്നൂർ ശങ്കരൻകുട്ടിയും കരിവെള്ളൂർ മുരളിയും അക്കാദമിയുടെ അമരക്കക്കാരാകുന്നു. ഗായിക പുഷ്പാവതിയാണ് വൈസ് ചെയർപേഴ്‌സൺ. 14 അംഗ ജനറൽ കൗൺസിലിനെയും ഉൾപ്പെടുത്തി അക്കാദമി ഭരണസമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ചെയർമാൻ സ്ഥാനത്തേക്ക് ഗായകൻ എം.ജി. ശ്രീകുമാറിന്റെ പേര് ഉയർന്നിരുന്നു. ഈ നീക്കത്തിലുണ്ടായ എതിർപ്പ് ഭാരവാഹി തിരഞ്ഞെടുപ്പ് വൈകാൻ ഇടയാക്കി. എന്നാൽ, കഴിഞ്ഞ മാർച്ച് അവസാനം അക്കാദമി ചെയർമാനായി മട്ടന്നൂരും സെക്രട്ടറിയായി കരിവള്ളൂർ മുരളിയുമെത്തുമെന്ന് വാർത്തയെത്തിയിരുന്നു.

അന്താരാഷ്ട്ര നാടകോത്സവം വരാനിരിക്കെ ഭരണസമിതി ഇല്ലാത്തത് ചർച്ചയായിരുന്നു. ഇതേത്തുടർന്നാണ് ചൊവ്വാഴ്ച വൈകീട്ട് പുതിയ ഭരണസമിതിയെ നിയമിച്ച് ഉത്തരവിറങ്ങിയത്. ചെയർമാനും സെക്രട്ടറിയും കണ്ണൂർ ജില്ലക്കാരാണെന്ന വാദം ഇതിനിടയിൽ ഉയർന്നിരുന്നു. എന്നാൽ, മട്ടന്നൂർ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസമെന്നത് അദ്ദേഹത്തിന് അനുകൂലമായി. മറ്റ് അക്കാദമികളുടെ ഭരണനേതൃത്വത്തിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തതിനാൽ സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർമാൻ സ്ഥാനം സ്ത്രീയ്ക്ക് നൽകുമെന്നും സൂചനയുണ്ടായിരുന്നു. ഇതു തന്നെയാണ് തൃശ്ശൂർ ജില്ലക്കാരിയായ പുഷ്പാവതിക്ക് ഗുണകരമായത്.

സംഗീത നാടക അക്കാദമിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. മനുഷ്യൻ മാത്രമല്ല, കലപോലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത് അക്കാദമിയെ ജനകീയ ഇടമാക്കി മാറ്റണം എന്ന ആഗ്രഹമാണുള്ളത്. 1988-ലും 1996-ലും ഭരണനിർവഹണ സമിതിയിലുണ്ടായിരുന്നു. മികച്ച നേതൃത്വത്തിന് കീഴിൽ കലയുടെ ലോകത്ത് വിശാലമായ പ്രവർത്തനങ്ങൾ അന്ന് കഴിഞ്ഞിരുന്നു. എന്നാൽ, പിന്നീടെപ്പോഴോ അക്കാദമി ഫണ്ടുവിതരണ ഏജൻസിയായി മാറിത്തുടങ്ങി. കലാസമിതികളും കലാകാരന്മാരുമായുള്ള ബന്ധം പുതുക്കി ഭാവനാത്മകമായ പ്രവർത്തനം നടത്താനാകുമെന്ന പ്രതീക്ഷയുണ്ട്.

കലാകാരന്മാർക്ക് വേണ്ടതെല്ലാം ചെയ്യുമെന്ന് നിയുക്ത ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അറിയിച്ചു. കലാകാരന്മാർക്ക് പെൻഷൻ കിട്ടാത്ത സാഹചര്യം അവസാനിപ്പിക്കും. കലാകാരന്മാരെ കാണാനും കേൾക്കാനും പരമാവധി ശ്രമം ഉണ്ടാകും. വാദ്യകലകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുമെന്നും മട്ടന്നൂർ ശങ്കരൻകുട്ടി പറഞ്ഞു.