കൊച്ചി: റിലീസ് ചെയ്ത് 42 ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾക്കെതിരെ തിയറ്റർ ഉടമകളുടെ സംഘടന. അത്തരം ചിത്രങ്ങളുടെ നിർമ്മാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.

റിലീസ് ചെയ്ത് 42 ദിവസങ്ങൾക്കുള്ളിൽ ഒടിടിയിൽ ചില ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നതായി ആരോപിച്ചാണ് ഫിയോക് നടപടികൾ കടുപ്പിച്ചത്. ജനുവരി ഒന്നുമുതൽ തീരുമാനം കർശനമായി നടപ്പാക്കുമെന്ന് ഫിയോക് അറിയിച്ചു.

ഇതിന്റെ ഭാഗമായി സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സംഘടനകൾക്കും കത്ത് നൽകും. ഇത് അംഗീകരിക്കാത്ത നിർമ്മാതാക്കളുമായും നടീനടന്മാരുമായും വിതരണക്കാരുമായും സഹകരിക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം.