കൽപ്പറ്റ:അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാസ്ഥയും നിയന്ത്രണമില്ലതെയുള്ള ചരക്കുവാഹനങ്ങളുടെ സഞ്ചാരവുമാണ് താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് കാരണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.വയനാട്ടിലേക്കുള്ള പ്രധാന വഴികളിലൊന്നായ ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കുണ്ടാകുന്നതിൽ കോഴിക്കോട് ജില്ല കലക്ടർ മുതൽ മുഴുവൻ അധികൃതരും നിരുത്തരവാദിത്വപരമായ സമീപനമാണ് തുടരുന്നത്. വയനാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ ഉത്തവാദിത്തമുണ്ടെന്നും സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.

നാലു വർഷം മുമ്പ് ചുരം വികസനത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വനഭൂമി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വിട്ടുകൊടുത്തിട്ടും ചുരം റോഡ് വീതി കൂട്ടി ബലപ്പെടുത്താത്തതിനു പിന്നിൽ നിഷിപ്ത താല്പര്യങ്ങളാണ്. കണ്ടയ്‌നർ ലോറികൾ, ടിപ്പറുകൾ, ബസുകൾ തുടങ്ങിയവയിൽ മിക്കതും അനുവദനീയ ഭാരത്തിന്റെ മൂന്നു ഇരട്ടി ഭാരം പേറിയാണ് ചുരത്തിലൂടെ സഞ്ചരിക്കുന്നത്. ചുരത്തിൽ വഹിക്കാവുന്ന പരമാവധിഭാരം ഇതുവരെ ഏതെങ്കലും ഏജൻസി കണക്കാക്കിയതായി അറിയില്ല. ചരക്കുഗതാഗതവും മറ്റും രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയായി നിജപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

പുതിയ നിർമ്മാണ പ്രവർത്തനത്തിനു വരുന്ന കോടികളുടെ ഫണ്ടും കമ്മീഷനും നോട്ടമിടുന്ന ഉദ്യോഗസ്ഥ-രാഷ്ടിയ കൂട്ടുകെട്ടാണ് ഇപ്പോൾ ബദൽ റോഡുകൾക്കായി രംഗത്തു വരുന്നത്. 2018 ലെ മഹാപ്രളയാനന്തരമുണ്ടായ ഉരുൾ പൊട്ടലിൽ രണ്ടായിരത്തിലധികം ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുള്ളതായി വയനാട് ഭാഗത്തിൽ പഠനം നടത്തിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള മലഞ്ചെരുവിലൂടെ അഗാധമായ കൊക്കകളിലൂടെയും പാറക്കെട്ടുകളും പുതിയ റോഡുകളും വെട്ടുന്നത് പ്രകൃതി ദുരന്തങ്ങൾ വർധിക്കുന്ന ഇക്കാലത്ത് ഒട്ടും ആശാസ്യമല്ല. അത് മഹാദുരന്തങ്ങൾ ക്ഷണിച്ചു വരുത്തും.

ആധുനിക സാങ്കേതികവിദ്യ ഉയോഗിച്ച് വയനാട്ടിലേക്കുള്ള അഞ്ച് ചുരം പാതകൾ വീതി കൂട്ടി ബലപ്പെടുത്തിയാൽ വയനാട്ടിലേക്കുള്ള ഗതാഗത പ്രശ്‌നം ശാശ്വതമായി പരിഹരിക്കപ്പെടും. കുറ്റ്യാടി- പക്രന്തളം റോഡ് വീതി കൂട്ടി കയറ്റങ്ങൾ കുറച്ച വയനാട്ടിൽ നിന്നു കേരളത്തിന്റെ ഇതര ഭാഗത്തക്ക് തിരിച്ചും പോകുന്ന ചരക്കു നീക്കം ഇതു വഴി തിരിച്ചു വിടണം. പക്രന്തളം വീതി കൂട്ടാൻ വനഭ്രമി ആവശ്യമില്ല. സ്വകാര്യ ഭൂമികൾ ഏറ്റെടുത്താൽ മതി.

താമരശ്ശേരി ചുരമടക്കമുള്ള മറ്റു അഞ്ചു ചുരങ്ങളുടെ വികസനത്തിന് ഇനിയും വനഭൂമി ആവശ്യമെങ്കിൽ അതു ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം. ചുരത്തിലെ പാർക്കിങ് നിരോധിക്കുന്നതിനു കർശന നടപടികൾ സ്വീകരിക്കണം. പാർക്കിങ്ങിനു വേണ്ടി ലക്കിടിയിലെ തണ്ണീർത്തടങ്ങൾ മണ്ണിട്ടു നികത്താൻ സ്വകാര്യ വ്യക്തികൾക്ക് അനുവാദം നൽകിയത് കോഴിക്കോട് - വയനാട് ജില്ലാ കലക്ടർമാർ ചേർന്നാണ്. എന്നാൽ ഒരു വാഹനവും അവിടെ പാർക്ക് ചെയ്തിട്ടില്ല. ചുരം വ്യൂപോയന്റിലെ ഗതഗത തടസ്സത്തിന്റെ കാരണമിതാണെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.