പാലാ:ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിൽ.പാറപ്പള്ളി കരയിൽ കളത്തൂകുന്നേൽ റോണി (27), കൊണ്ടൂർ മുണ്ടപ്ലാക്കൽ ജിത്തു (23) എന്നിവരാണ് പാലാ പൊലീസിന്റെ പിടിയിലായത്.കിഴപറയാർ ഭാഗത്ത് മയക്കുമരുന്നുമായി രണ്ടുപേർ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് എം.ഡി.എം.എ., ഹാഷിഷ്, കഞ്ചാവ് എന്നിവയുമായി പ്രതികൾ പിടിയിലായത്.

പാലാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കെ.പി.ടോംസന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്, അശോകൻ, ബിജു കെ.തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് പറയുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.