കൊല്ലം: കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിന് 22,91,67,000 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടന്നു വരുന്ന വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വിവിധ അത്യാധുനിക ഉപകരണങ്ങൾക്കും ആശുപത്രി സാമഗ്രികൾക്കുമായാണ് തുകയനുവദിച്ചത്. കൊല്ലം മെഡിക്കൽ കോളേജിന്റെ വികസനത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്.

കൊല്ലം മെഡിക്കൽ കോളേജിന് നഴ്‌സിങ് കോളേജ് അനുവദിച്ചു. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ആദ്യമായി കൊല്ലം മെഡിക്കൽ കോളേജിൽ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉൾപ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ പ്രവർത്തനസജ്ജമാക്കി. ആദ്യ എംബിബിഎസ് ബാച്ച് പൂർത്തിയാക്കി ഹൗസ് സർജൻസി ആരംഭിച്ചു. 2022-23 വർഷത്തേയ്ക്കുള്ള എബിബിഎസ് വിദ്യാർത്ഥി പ്രവേശനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

ജനറൽ സർജറി വിഭാഗം ശക്തിപ്പെടുത്തുന്നു. ജനറൽ സർജറി വിഭാഗത്തിൽ അൾട്രാസൗണ്ട് കളർ ഡോപ്ലർ, ലേസർ സിസ്റ്റം, സർജിക്കൽ എൻഡോട്രെയ്‌നർ, ഒടി എൽഇഡി ലൈറ്റ്, ലാപ്രോസ്‌കോപ്പി ഇൻസ്ട്രമെന്റ് സെറ്റ് ആൻഡ് ഓപ്പൺ സർജറി ഇൻസ്ട്രമെന്റ് സെറ്റ് എന്നിവയ്ക്ക് തുകയനുവദിച്ചു. ഇഎൻടി വിഭാഗത്തിൽ വീഡിയോ ലാറിന്‌ഗോസ്‌കോപ്പ്, എൻഡോസ്‌കോപ്പ് ആൻഡ് ചെസ്റ്റ് ഹോൾഡർ, 2 ഓപ്പറേറ്റിങ് മൈക്രോസ്‌കോപ്പ്, 2 ഇഎൻടി വർക്ക് സ്റ്റേഷൻ, ടു ചാനൽ ഓഡിയോ മീറ്റർ ആൻഡ് ടൈപനോമീറ്റർ, മൈക്രോ ബയോളജി വിഭാഗത്തിൽ ഫുള്ളി ഓട്ടോമെറ്റഡ് എലിസ സിസ്റ്റം, ഒഫ്ത്താൽമോളജി വിഭാഗത്തിൽ ഒപ്റ്റിക്കൽ ബയോമീറ്റർ, ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ സിആം ഹൈ എൻഡ്, ഓർത്തോപീഡിക്‌സ് ഓപ്പറേഷൻ തീയറ്ററിൽ 2 ഡബിൾ ഡൂം ഷാഡോലസ് ഓപ്പറേഷൻ തീയറ്റർ ലൈറ്റ്, പത്തോളജി വിഭാഗത്തിൽ ഫുള്ളി ഓട്ടോമേറ്റഡ് കോഗുലേഷൻ അനലൈസർ, വിവിധ വിഭാഗങ്ങൾക്കായുള്ള റീയേജന്റ്, കെമിക്കലുകൾ, മെഡിക്കൽ ഗ്യാസ്, ലൈബ്രറി ബുക്കുകൾ എന്നിവയ്ക്കും തുകയനുവദിച്ചിട്ടുണ്ട്.