തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് പി.എഫ്.ഐ ഉൾപ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് സംസ്ഥാന ബിജെപി. അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. പാർട്ടി ഇപ്പോൾ അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലിം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. റിയാസിനെതിരായ പരാമർശത്തിൽ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്ജ് രംഗത്ത് എത്തി.

സമൂഹത്തിൽ വർഗ്ഗീയ വിഷം പടർത്താൻ ലക്ഷ്യം വെച്ചുള്ള പരാമർശമാണ് സുരേന്ദ്രൻ നടത്തിയതെന്നും വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകളാണിതെന്നും വീണ പറഞ്ഞു. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രനെന്നും, പൊതുപ്രവർത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മന്ത്രി റിയാസിനെതിരെ നടത്തിയതെന്നും വീണ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വീണാ ജോർജ്ജിന്റെ കുറിപ്പ് 

മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയത് സമൂഹത്തിൽ വർഗ്ഗീയ വിഷം പടർത്താൻ ലക്ഷ്യം വെച്ചുള്ളതാണ്. വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകളാണിത്. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് കെ സുരേന്ദ്രൻ. പൊതുപ്രവർത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണിത്. അങ്ങേയറ്റം അപലപനീയമാണ്. കെ.സുരേന്ദ്രന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത് ബിജെപിയുടെ യഥാർത്ഥ മുഖം.