പാലക്കാട്:സി പി എമ്മിന്റെ മുതിർന്ന നേതാവും ഇടതുമുന്നണി കൺവീനറുമായ ഇ പി ജയരാജനെതിരെ ഉയന്ന സാമ്പത്തിക ആരോപണത്തിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്.തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇ.പി യെ ബൽറാം ട്രോളിയിരിക്കുന്നത്.'തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെട എന്ന കുറിപ്പോടെ ഇ പിയുടെ ചിത്രവും പങ്കുവച്ചാണ് ബൽറാമിന്റെ കുറിപ്പ്.ബൽറാമിന്റെ പോസ്റ്റിന് താഴെ ഇ പിക്കെതിരായി ഒട്ടേറെ കമന്റുകളാണ് വരുന്നത്.

 

സി പി എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ പിക്കെതിരെ പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചത്.ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നും ആരോപണമുണ്ട്.ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞു.റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തിയിരുന്നു.ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്നാണ് പാർട്ടിയോട് പി ജയരാജൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം ആരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ പി ജയരാജൻ പങ്കെടുത്തിരുന്നില്ല.ആരോപണം സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ എം വി ഗോവിന്ദൻ തള്ളിയില്ല എന്നതും ശ്രദ്ധേയമാണ്.പകരം ആരോപണം എഴുതി നൽകാനാണ് പി ജയരാജന് നിർദ്ദേശം നൽകിയത്.പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇ പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങളെ കണ്ടപ്പോൾ പി ജയരാജൻ തള്ളിക്കളയാത്തതും വിഷയത്തിന്റെ ഗൗരവം വർദ്ദിപ്പിക്കുന്നുണ്ട്.ഇ പി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്,പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.