കൊച്ചി: വാട്ടർ മെട്രോയുടെ കടമക്കുടി ബോട്ട് ജെട്ടിക്കുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തുടർ നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

ജെട്ടി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ കിടന്നിരുന്ന 12.35 സെന്റ് ഭൂമിയുടെ അസൽ രേഖകൾ ഉടൻ ഹാജരാക്കാൻ ഉടമകൾക്ക് കളക്ടർ നിർദ്ദേശം നൽകി. ഇവർക്കുള്ള നഷ്ടപരിഹാരത്തുക കൊച്ചി മെട്രോയിൽ നിന്ന് ഏറ്റെടുത്ത് കോടതിയിൽ കെട്ടിവയ്ക്കും. ഈ ഭൂമിയിലുള്ള കെട്ടിടം നോട്ടീസ് നൽകി പൊളിച്ച് മാറ്റിയശേഷം വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും.

രേഖകൾ കോടതിയിൽ ഹാജരാക്കിയ ശേഷമാകും സ്ഥലമുടകൾക്കുള്ള പണം കൈമാറുക. ഇതോടെ വാട്ടർ മെട്രോയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ള സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയായി.

യോഗത്തിൽ കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, കൗൺസിലർമാരായ പി.ആർ ഡൈനീഷ്യസ്, വി.കെ പ്രബിൻ, വി.എ ബെഞ്ചമിൻ, ഡെപ്യൂട്ടി കളക്ടർ പി.ബി സുനിലാൽ, കൊച്ചി മെട്രോ സ്പെഷ്യൽ തഹസിൽദാർ എ.കെ അബൂബക്കർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.