കൽപറ്റ: വയനാട് കൃഷ്ണഗിരിയിൽ സ്വകാര്യ തോട്ടത്തിലെ സംരക്ഷിത വീട്ടിമരങ്ങൾ മുറിച്ചതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസർക്ക് സസ്‌പെൻഷൻ. കൃഷ്ണഗിരി വില്ലേജ് ഓഫിസർ അബ്ദുൽ സലാമിനെയാണ് ജില്ല കലക്ടർ എ. ഗീത സസ്‌പെൻഡ് ചെയ്തത്.

ഭൂരേഖകൾ പൂർണമായും പരിശോധിക്കാതെ ഈട്ടിമരങ്ങൾ മുറിക്കാൻ അനുമതി നൽകി എന്ന പ്രാഥമിക കണ്ടെത്തലിലാണ് നടപടി. മുറിച്ച മരങ്ങൾ കസ്റ്റഡിയിലെടുക്കാൻ സുൽത്താൻ ബത്തേരി തഹസിൽദാർ നേരത്തെ ഉത്തരവ് നൽകിയിരുന്നു. 13 വീട്ടി മരങ്ങളാണ് മുറിച്ചത്. മരങ്ങൾ മുറിച്ചത് പട്ടയം ലഭിക്കാത്ത ഭൂമിയിൽനിന്നാണെന്നും മേലധികാരികളെ അറിയിക്കാതെയാണ് കൃഷ്ണഗിരി വില്ലേജ് ഓഫിസർ അനുമതി നൽകിയതെന്നും സുൽത്താൻ ബത്തേരി തഹസിൽദാർ ജില്ല കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ജന്മം ഭൂമിയാണെന്ന് രേഖകളിൽനിന്ന് വ്യക്തമായതുകൊണ്ടാണ് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്നാണ് കൃഷ്ണഗിരി വില്ലേജ് ഓഫിസറുടെ വാദം. 36 വീട്ടിമരങ്ങൾ മുറിക്കാനാണ് മേപ്പാടി വനം റേഞ്ച് ഓഫിസിൽനിന്ന് വില്ലേജ് ഓഫിസർ കൈമാറിയ രേഖകൾ പ്രകാരം അനുമതി നൽകിയിരുന്നത്. മുറിച്ച മരങ്ങൾ കസ്റ്റഡിയിലെടുക്കാനും ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാനുമാണ് തഹസിൽദാർ വില്ലേജ് ഓഫിസർക്ക് നിർദ്ദേശം നൽകിയത്. മരങ്ങൾ മുറിക്കാൻ ഉടമകൾ മൂന്നുമാസം മുമ്പാണ് മേപ്പാടി വനം റേഞ്ച് ഓഫിസറെ സമീപിച്ചത്.

ഈ അപേക്ഷയിൽ കൃഷ്ണഗിരി വില്ലേജ് ഓഫിസർ വനംവകുപ്പിന് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ മരം മുറിക്കാനും കടത്താനുമുള്ള പാസ് റേഞ്ച് ഓഫിസർ അനുവദിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് തഹസിൽദാർ സംഭവം അന്വേഷിച്ചത്.