തിരുവനന്തപുരം: സിനിമ രംഗത്തെ പ്രശസ്തനും ബിജെപി സംസ്ഥാന സമിതി അംഗവുമായ ഒരു പ്രമുഖ നേതാവ് ബിജെപി വിട്ടേക്കും. കലാകാരന്മാർക്ക് പാർ'ട്ടി അർഹിക്കുന്ന പരിഗണന നൽകുന്നില്ലായെന്ന പരാതി ഈ നേതാവിന് ഉണ്ട്. പാർട്ടി നേതൃത്വം തന്നെ പരിഗണിക്കുന്നില്ലായെന്ന ആക്ഷേപവും ഇദ്ദേഹത്തിന് ഉണ്ട്.

ബിജെപി. കേന്ദ്ര ഭരണത്തിൽ തുടർന്നിട്ടുംവിവിധ കേന്ദ്ര ബോർഡുകളിലോ, കോർപ്പറേഷനുകളിലോ പരിഗണിക്കാത്ത പരിഭവവും അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം പങ്കു വെച്ചിരുന്നു. അതു കൊണ്ട് തന്നെ ചില മധ്യസ്ഥരെ മുന്നിൽ നിർത്തി സി പി എം കേന്ദ്രങ്ങളുമായി ഈ നേതാവ് ആശയ വിനിമയം നടത്തിയിരുന്നു.

സി പി എമ്മിലെത്തിയാൽ ഏത് ഘടകത്തിൽ പ്രവർത്തിക്കേണ്ടി വരും എന്നതടക്കമുള്ള കാര്യങ്ങളിൽ ഏകദേശ ധാരണ രൂപപ്പെട്ടുവെന്നാണ് വിവരം. കണ്ണൂരിലെ ചില പാർട്ടിക്കാരാണ് മധ്യസ്ഥ ചർച്ച നടത്തിയതെന്നും സൂചനയുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളിലോ ഒരാഴ്ചക്കകമോ സിനിമ രംഗത്ത് സാങ്കേതിക പ്രവർത്തകനും നടനുമായി അറിയപ്പെടുന്ന നേതാവ് എം കെ.ജി. സെന്ററിലെത്തും.

ഗ്രീൻ സിഗ്‌നൽ ലഭിച്ചു കഴിഞ്ഞാൽ പാർട്ടി സെന്ററാവും ഈ നേതാവിന്റെ ചുമതലകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക. ബിജെപി കേന്ദ്രങ്ങളിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടു വരുന്നതെന്ന് ഈ നേതാവ് പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോടും തുറന്ന് പറഞ്ഞിരുന്നു.2016ലെ നിയമസഭാ തിരഞ്ഞടുപ്പിൽ ഇദ്ദേഹം ബിജെപി. സ്ഥാനാർത്ഥിയായിരുന്നു.

ഒരു കാലത്ത് ശ്രദ്ധിക്കപ്പെട്ട ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ പേരെടുത്ത ഈ നേതാവ് അടുത്തിടെ മോദി പങ്കെടുത്ത യുവ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കേന്ദ്രനേതാക്കളുമായി അധിക ബന്ധമില്ലാത്തതും രാഷ്ട്രീയത്തിൽ എത്തിയതോടെ സിനിമാരംഗത്ത് ശ്രദ്ധ പതിപ്പിക്കാത്തതും നേതാവിന്റെ സ്വീകാര്യതയിൽ കോട്ടം ഉണ്ടാക്കി.

ബിജെപി. മിഷൻ കേരള മുന്നിൽ നിർത്തി ലോക്‌സഭാ തെരഞ്ഞടുപ്പിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാനിരിക്കെയാണ് പാർട്ടിക്ക് തന്നെ അടി നൽകി കൊണ്ട് സംസ്ഥാന നേതാവ് രഹസ്യനീക്കം നടത്തിയിരിക്കുന്നത്. 2016 ലെ തെരെഞ്ഞടുപ്പിന് ശേഷം നേതാവിനെ പാർട്ടി ഉപയോഗപ്പെടുത്തിയില്ലായെന്നും പരിഗണിക്കുന്നില്ലായെന്നും പരാതി പറഞ്ഞ് നടന്ന നേതാവിന് കഴിഞ്ഞ തിരഞ്ഞടുപ്പിൽ സീറ്റ് കൂടി കിട്ടാതെ വന്നതോടെ അദ്ദേഹം പരിപാടികളിൽ നിന്നും പിൻവലിയുകയായിരുന്നു.

ഇതിനിടെ കടുത്ത അസംതൃപ്തിയിലേക്ക് പോയതോടെ സിനിമ രംഗത്ത് തിരിച്ചു വരാനും അദ്ദേഹം ശ്രമം തുടങ്ങി. ഇദ്ദേഹത്തിന് പുറമെ കൂടുതൽ നേതാക്കൾ സി പി എം ലേക്ക് ബിജെപി യിൽ നിന്നും ഉടൻ ചേക്കേറുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ ആശയ വിനിമയങ്ങളും ചർച്ചകളും വരും ദിവസങ്ങളിൽ ഉണ്ടായേക്കാം.