തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. തിരുവനന്തപുരത്ത് നടക്കുന്ന വാർത്താസമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ രാജി പ്രഖ്യാപിച്ചു. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇത് ഫലം കണ്ടില്ല. സൈബർ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് ഇത്.

കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണൻ രാജിവയ്ക്കാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ഈ വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിന് ശേഷവും സൈബർ ആക്രമണം തുടർന്നു. ഈ സാഹചര്യത്തിലാണ് അടൂർ മാറുന്നത്.

ശങ്കർ മോഹന് പൂർണ്ണ പിന്തുണയും നൽകി. ശങ്കർ മോഹനെ ക്ഷണിച്ചു വരുത്തി ആക്ഷേപിച്ചു. ശങ്കർ മോഹനെതിരെ ഉയർത്തിയ എല്ലാ ആരോപണങ്ങളും പച്ചക്കള്ളമാണെന്നും അടൂർ കൂട്ടിച്ചേർത്തു. ജാതി വിവേചനം എന്നത് പച്ചക്കള്ളമാണെന്നും അടൂർ പറഞ്ഞു. ഡയറക്ടർ ശങ്കർ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ അടൂർ അതൃപ്തനായിരുന്നു. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ എന്ന നിലയിൽ അദേഹത്തിന്റെ പ്രവർത്തന കാലാവധി മാർച്ച് 31 വരെയാണ്. 

ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹനെ പുകച്ച് പുറത്തുചാടിക്കുകയായിരുന്നുവെന്ന് അടൂർ ആരോപിച്ചു. ദളിത് വിരോധവും ജാതിവിവേചനവും നടക്കുന്നു എന്ന പ്രചാരണം കള്ളമാണ്. ദളിത് ജീവനക്കാരെ അടിമപ്പണി ചെയ്യിച്ചു എന്ന പ്രചാരണവും പച്ചക്കള്ളമാണ്. മാധ്യമങ്ങൾ ഒരു വിഭാഗത്തെ മാത്രമാണ് കേട്ടത്. ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയമിച്ച അന്വേഷണ കമ്മിറ്റി തന്നെയോ ശങ്കർ മോഹനെയോ അന്വേഷണത്തിൽ ഉൾപ്പെടുത്തിയില്ല. വല്ലവരുടെയും വാക്കുകേട്ടാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. ശങ്കർ മോഹൻ പോയാൽ സ്ഥാപനത്തിൽ അരാജകാവസ്ഥ വരും. ബയോമെട്രിക്ക് സംവിധാനം ഏർപ്പെടുത്തിയതാണ് ജീവനക്കാർക്ക് ശങ്കർ മോഹനോട് എതിർപ്പ് വരാൻ കാരണമെന്നും അടൂർ ആരോപിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിലെ സമരങ്ങൾക്ക് പിന്നിൽ ഗേറ്റ് കാവൽക്കാരനുൾപ്പെടെയുള്ള ഒരു സംഘമാളുകളുടെ ഒളിപ്രവർത്തനമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട് തന്റെ രാജി കൊടുക്കുകയായിരുന്നുവെന്നും സാമാന്യം ദീർഘമായിത്തന്നെ സംസാരിച്ചെന്നും അടൂർ പറഞ്ഞു. നാശത്തിന്റെ വക്കിൽ നിന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ധാരണത്തിനും അതിനെ രാജ്യത്തെ തന്നെ മികച്ചതാക്കുന്നതിനും വേണ്ടി ആത്മാർത്ഥമായിത്തന്നെ പരിശ്രമിച്ച മൂന്നുകൊല്ലമാണ് കടന്നുപോയത്. ശങ്കർ മോഹൻ എന്നോടൊപ്പം അഹോരാത്രം പണിയെടുത്ത ഒരു വ്യക്തിയാണ്. ചലച്ചിത്ര മേഖലയേക്കുറിച്ച് അദ്ദേഹത്തോളം അറിവോ പ്രവർത്തനപരിചയമോ ഉള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. അങ്ങനെ ഒരാളെയാണ് നമ്മൾ ക്ഷണിച്ചുവരുത്തി അടിസ്ഥാനരഹിതമായ ദുരാരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളും സത്യവിരുദ്ധമായ കുറ്റാരോപണങ്ങളും നടത്തി അപമാനിച്ച് പടികടത്തി വിട്ടതെന്ന് അടൂർ പറഞ്ഞു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സമരം തുടങ്ങിയത്. സമരം ആരംഭിച്ചതിന് ശേഷമാണെന്ന് തോന്നുന്നു സമരകാരണങ്ങൾ ആലോചിച്ച് തുടങ്ങിയത്. എന്തായാലും അവർ തിരുവനന്തപുരത്തേക്ക് രഹസ്യയാത്ര നടത്തിയത് ചലച്ചിത്രമേള കാണാനല്ല, മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ആരോപണങ്ങൾ ഫലവത്തായി മാധ്യമങ്ങളിൽ പടർത്തിവിടുന്നതിന് വേണ്ടിയാണ്. സമരാഘോഷങ്ങൾക്ക് പിന്നിൽ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവൽക്കാരനായിരുന്ന വിദ്വാൻ സ്ഥലത്തെ പ്രധാന റൗഡിയും പൊലീസ് കേസുകളിലെ പ്രതിയും ധനികനുമാണ്. ഇയാൾക്കും സമരാസൂത്രണത്തിൽ നല്ല പങ്കുണ്ട്. മിലിട്ടറി ക്വാട്ടയിൽ കിട്ടുന്ന മദ്യം ക്യാംപസിലെത്തിച്ച് കച്ചവടം ചെയ്തിരുന്ന ഇയാൾക്ക് കാവൽ ജോലിയിൽ നിന്നുള്ള മാറ്റത്തോടെ വന്ന സാമ്പത്തികനഷ്ടം ചില്ലറയല്ല. അയാൾ ശത്രുസംഹാരാർത്ഥം നടത്തിയ പൊടിക്കൈയാണ് ശുചീകരണ ജോലിക്കാരെക്കൊണ്ട് കള്ളങ്ങൾ പറയിച്ച് വീഡിയോ റെക്കോർഡ് ചെയ്തത്. അതയാളുടെ വീട്ടിൽ വെച്ചുതന്നെയാണ് ചെയ്തത്.

എന്തെങ്കിലും ജോലിയേൽപ്പിച്ചാൽ ദീർഘാവധിയെടുത്ത് കടന്നുകളയുന്ന പി,ആർഒ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായിരുന്നു. ഈ തസ്തിക അനാവശ്യമാണെന്ന് അധികൃതർ അറിയിച്ചുണ്ട്. ഓഫീസ് സമയം പാലിക്കാത്ത ഇയാൾക്ക് ഔദ്യോഗിക ജോലികളോട് വൈമുഖ്യമാണ്. പി.ആർ.ഓ, അദ്ധ്യാപകരിൽ രണ്ടുപേർ, ഒരു ഡെമോൺസ്‌ട്രേറ്റർ, ഒരു ക്ലാർക്ക്, സ്റ്റോർ കീപ്പർ എന്നിവരാണ് സ്ഥാപനത്തിനെതിരെ ഒളിപ്രവർത്തനം നടത്തിയത്. മൂന്നുമാസംമുമ്പ് ഇന്റർവ്യൂ നടത്തി ഏതാനും അദ്ധ്യാപകരെ തിരഞ്ഞെടുത്ത അവസരത്തിൽ താനുൾപ്പെടെയുള്ള ബോർഡ് അംഗങ്ങൾ അപേക്ഷകരുടെ യോഗ്യതയും പരിചയവും സമീപനവുമെല്ലാം പരിഗണിച്ച് സ്ഥാപനത്തിന് ഉപയോഗപ്പെടുന്നവരെ മാത്രമാണ് തിരഞ്ഞെടുത്തതെന്നും അടൂർ വിശദമാക്കി.