ടക്കാലത്തിനുശേഷം തമിഴ് സിനിമാ വ്യവസായത്തിൽ താരയുദ്ധം ശക്തിപ്പെട്ട് വരികയാണ്. രജനീകാന്ത്- വിജയ് ആരാധകർ തമ്മിലുള്ള ഫാൻ ഫൈറ്റ്, 'ലാൽസലാം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് സാക്ഷാൽ രജനി തന്നെ തണുപ്പിച്ചിരുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം ജയിലർ ട്രെയ്‌ലർ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ കാക്ക- കഴുകൻ പരാമർശം വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെ ഫാൻ ഫൈറ്റ് കടുത്തു. പക്ഷേ ലാൽസലാം ട്രെയിലർ ലോഞ്ചിനിടെ സംസാരിച്ച രജനി തന്റെ കൺമുന്നിലൂടെ വളർന്ന നടനാണ് വിജയ് എന്നും, അവനുമായി യാതൊരു പ്രശ്നവുമില്ലെന്നും, ആരാധകർ ഇതിന്റെ പേരിൽ തമ്മിലടക്കരുതെന്നും താഴ്മയായി അഭ്യർത്ഥിച്ചു.

അതോടെ രജനി-വിജയ് ഫാൻ ഫൈറ്റ് തണുത്തു. പക്ഷേ ലാൽസാലം എന്ന അതേ സിനിമ മറ്റൊരു ഫാൻ ഫൈറ്റിന് തുടക്കമിടുകയും ചെയ്തു. രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽസലാമിന്റെ മ്യൂസിക്ക് കമ്പോസ് ചെയ്തിരിക്കുന്നത് എ ആർ റഹ്‌മാനാണ്. ചിത്രത്തിലെ തിമിരി യെഴടാ എന്ന ഗാനത്തിന് വേണ്ടി അന്തരിച്ച രണ്ട് ഗായകരായ ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം പുനഃസൃഷ്ടിക്കാൻ സംഗീത സംവിധായകൻ എആർ റഹ്‌മാൻ എഐ സാങ്കേതിക വിദ്യഉപയോഗിച്ചതാണ് വൻ വിവാദമായത്.

പ്രതിഫലം കൊടുത്തുവെന്ന് റഹ്‌മാൻ

ഹോളിവുഡിൽപോലും രണ്ടുമാസത്തോളം സമരം നടന്ന കാര്യമാണ് എ ഐയുടെ ഉപയോഗം. ശതകോടികൾ നിർമ്മാതാക്കൾക്ക് നഷ്ടമാക്കിയ ഈ സമരത്തിനുശേഷമുള്ള പ്രധാന ഒത്തുതീർപ്പ് വ്യവസ്ഥകളിലൊന്ന്, എ ഐയുടെ ഉപയോഗം പരിമിതപ്പെടുത്തുമെന്നാണ്. ഇന്നും ഗ്രാഫിക്സിന്റെയും ഇഫക്റ്റ്സിന്റെയും അവസാന വാക്കായ ഹോളിവുഡിൽ പക്ഷേ എ ഐ ഉപയോഗിച്ചിട്ടില്ല. പക്ഷേ എന്നിട്ടാണ് ഇത് റഹ്‌മാൻ ഇന്ത്യൻ സിനിമയിൽ ഉപയോഗിച്ചത്. ഇതിനെതിരെ ഗായകരുടെ കുട്ടായ്മ ഫിലിം ചേംബറിൽ പരാതി നൽകിയിട്ടുണ്ട്.

ആദ്യം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എ ആർ റഹ്‌മാന്റെ പുത്തൻ പരീക്ഷണത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ചെയ്തത്. പക്ഷേ പിന്നീട് ഇതിൽ പ്രതിഷേധവും വന്നുതുടങ്ങി. ഇങ്ങനെപോയാൽ എങ്ങനെയാണ് പുതിയ ഗായകർക്ക് അവസരം കിട്ടുക എന്നാണ് പലരും ചോദിക്കുന്നത്. വിവാദം കനത്തതോടെ വിശദീകരവുമായി ചെന്നൈ മൊസർട്ടുമെത്തി.

ഇതിഹാസ ഗായകരുടെ കുടുംബാംഗങ്ങൾ അനുവാദം വാങ്ങിയെന്നും പ്രതിഫലം അവർക്ക് നൽകിയുമാണ് ബംബ ബക്യ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം ഉപയോഗിച്ചത് എന്നാണ് ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ വിശദീകരിച്ചു. ''ഞങ്ങൾ ഗായകരുടെ കുടുംബാംഗങ്ങളിൽ നിന്ന് അനുവാദം വാങ്ങുകയും അവരുടെ വോയ്‌സ് അൽഗോരിതം ഉപയോഗിച്ചതിന് അർഹമായ പ്രതിഫലം നൽകുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചാൽ അത് ഒരു ഭീഷണിയും ശല്യവുമല്ല''-റഹ്‌മാൻ എക്സ് പോസ്റ്റിൽ പറയുന്നു.

ഗായകൻ ബംബ ബക്യ നിരവധി ഗാനങ്ങളിൽ റഹ്‌മാനുമായി സഹകരിച്ചിട്ടുണ്ട്. 2022 ൽ ഹൃദയാഘാതത്തെ തുടർന്നാണ് ഗായകൻ അന്തരിച്ചത്. ഗായകൻ ഷാഹുൽ ഹമീദ് 1997ൽ ചെന്നൈയ്ക്ക് സമീപം വാഹനാപകടത്തിലാണ് മരിച്ചത്.

റഹ്‌മാനെതിരെ രാജാ-രവി ഫാൻസ്

അതേ സമയം എഐ ഉപയോഗിക്കുന്ന രീതിയോട് പൂർണ്ണമായും അനുകൂലമല്ല സോഷ്യൽ മീഡിയയുടെ പ്രതികരണം. നിരവധി ഉപയോക്താക്കൾ ഈ രീതി തെറ്റാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ചലച്ചിത്ര ഗാന രംഗത്തേക്ക് വരാനിരിക്കുന്ന പ്രതിഭകൾക്കുള്ള അവസരം ഇത്തരം എഐ കുറയ്ക്കും എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.എന്നാൽ പലരും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഗൃഹാതുരത്വം ഉണ്ടാക്കും എന്നാണ് പറയുന്നത്. പക്ഷെ നിലവിലുള്ള ഗാനങ്ങൾ പോരെ ഗൃഹാതുരത്വം ഉണർത്താൻ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

ഇളയരാജയുടെയും അനിരുദ്ധ് രവിചന്ദ്രറിന്റെയും ആരാധകരാണ് വിഷയം കൊഴുപ്പിക്കുന്നത്. തന്റെ പഴയ ശിഷ്യനായ റഹ്‌മാനെ കുത്താൻ കിട്ടുന്ന ഒരു അവസരവും ഇളയരാജ പാഴാക്കാറില്ല. അമിതമായ ടെക്ക്നോളജി മൂലം റഹ്‌മാൻ സംഗീതത്തെ നശിപ്പിക്കുന്നുവെന്നും, തന്റെത് മാത്രമാണ് ശുദ്ധ സംഗീതമെന്നും, നേരത്തെ തന്നെ ഇളയരാജ, റഹ്‌മാനെ വിമർശിക്കാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ രാജ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും, ആരാധകർ സോഷ്യൽമീഡിയയിൽ ഉറഞ്ഞുതുള്ളുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങൾ പറയുന്നത്.

അതുപോലെ ജയിലറിലെ 'കാവാലയ' പാട്ട് അടക്കം ചെയ്ത പുതിയ സംഗീത വിസ്മയം അനിരുദ്ധ് രവിചന്ദ്രറിന്റെ ആരാധകരും റഹ്‌മാനെതിരെ രംഗത്തുണ്ട്. നേരത്തെ തന്നെ ഇവർ തമ്മിൽ ഈഗോ ക്ലാഷ് നിലനിൽക്കുന്നുണ്ട്. 10 കോടിയാണ് അനിരുദ്ധ് ഒരു ചിത്രത്തിനു വേണ്ടി വാങ്ങുന്ന പ്രതിഫലം. എ ആർ റഹ്‌മാന്റെ 8 കോടിയെന്ന റെക്കോർഡ് തിരുത്തിയാണ് അനിരുദ്ധ് രാജ്യത്തെ ഏറ്റവും വിലപിടിച്ച സംഗീതസംവിധായകനായത്. കഴിഞ്ഞ കുറേ വർഷങ്ങളായി പ്രതിഫലത്തിന്റെ കാര്യത്തിൽ റഹ്‌മാനെ മറികടക്കാൻ ഒരു സംഗീതജ്ഞനും സാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ ഷാറുഖ് ഖാൻ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.

ഇതോടെ എ ആർ റഹ്‌മാനും പ്രതിഫലം ഒറ്റയടിക്ക് 8 കോടിയിൽ നിന്ന് 10 കോടിയിലേക്ക് ഉയർത്തി. നാനി നായകനായെത്തുന്ന പുതിയ ചിത്രത്തിനു സംഗീതമൊരുക്കാനാണ് റഹ്‌മാൻ 10 കോടി ആവശ്യപ്പെട്ടതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. തെലുങ്കിലെ കീരവാണി അടക്കമുള്ള പ്രഗത്ഭരായ സംഗീത സംവിധായകരുടേതിനേക്കാൾ ഇരട്ടി പ്രതിഫലമാണ് റഹ്‌മാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൂട്ടിച്ചോദിച്ചതുകൊണ്ട് ചിത്രത്തിന്റെ നിർമ്മാതാക്കൾ അന്തിമതീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണു വിവരം.

പക്ഷേ ഇത് ചെന്നൈ സംഗീത ലോകത്ത് വമ്പൻ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ ചിത്രങ്ങൾ തുടർച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അയാൾ പ്രതിഫലം ഉയർത്തുന്നത്. എന്നാൽ അടുത്തകാലത്തായി എ ആർ റഹ്‌മാന്റെ ഗാനങ്ങളും ബിജിഎമ്മുമൊന്നും പഴയപോലെ എൽക്കുന്നില്ല.

എന്നിട്ടും ഒരു പാട്ടിന് റഹ്‌മാൻ കൈപ്പറ്റുന്നത് 3 കോടി രൂപയാണ്. ഇത് കുറയ്ക്കണമെന്നാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. റഹ്‌മാന്റെ കാലം കഴിഞ്ഞുവെന്ന് അനിരുദ്ധിന്റെ ആരാധകർ പറയുമ്പോൾ, രജനീകാന്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ് അനിരുദ്ധ് വളർന്നതെന്നും നമുക്ക് കാത്തിരുന്ന് കാണാമെന്നുമാണ് റഹ്‌മാൻ ഫാൻസ് തിരിച്ചടിക്കുന്നത്. ഈയിടെ ഒരു മധുരയിലെ ഒരു സംഗീത പരിപാടിക്കിടെ ഇരുവരുടെ ആരാധകർ ഏറ്റുമുട്ടിയതും വാർത്തയായിരുന്നു.