മാനന്തവാടി: സർക്കാർ ഡോക്ടറെ വിജിലൻസ് ഓഫീസർ ഭീഷണിപ്പെടുത്തിയതായി ആരോപണം. കോഴിക്കോട് വിജിലൻസ് എസ് പി പ്രിൻസ് എബ്രഹമിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസിലറിയിക്കാതെ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. വയനാട് മെഡിക്കൽ കോളജിലെ ഡ്യൂട്ടി ഡോക്ടർ സിൽബിയെയാണ് വയനാട് സ്വദേശിയായ പ്രിൻസ് എബ്രഹാം ഭീഷണിപ്പെടുത്തിയത്.

എസ്‌പി ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരണവിവരം പൊലീസിൽ അറിയിക്കണമെന്ന് പറഞ്ഞപ്പോഴാണ് വിജിലൻസ് ഉദ്യോഗസ്ഥൻ ഇടപെട്ടത്. തുടർന്ന് ഡോക്ടറോട് ഒച്ചയുയർത്തി സംസാരിക്കുകയായിരുന്നു. എന്തെങ്കിലും ഉണ്ടെങ്കിൽ അൽപ്പം എല്ലാം പൊലീസിന്റെ തലയിൽ ഇടും..എത്ര കോടി അനാവശ്യമായി ചെലവാക്കുന്നു.. ഇവർക്കാർക്കും സംശയം ഇല്ലല്ലോ എന്നുമായി എസ്‌പിയുടെ വാദം.

അതേസമയം തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും നടപടികൾ തുടരാൻ അനുവദിച്ചില്ലെന്നും വനിതാ ഡോക്ടർ ആരോപിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടതിനാൽ പോസ്റ്റുമോർട്ടം വേണോ വേണ്ടയോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസാണ് തീരുമാനിക്കേണ്ടത്. ഈ നടപടിയാണ് ഉന്നതതലത്തിലിരിക്കുന്ന ഉദ്യോഗസ്ഥൻ തടസപ്പെടുത്തിയതെന്നും ഡോക്ടർ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച അബോധാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച രോഗിയാണ് മരണപ്പെട്ടത്. സംശയാസ്പദമായ സാഹചര്യം ആയതിനാൽ പൊലീസിനെ അറിയിക്കാൻ ഡോക്ടർ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് അനാവശ്യമായ നടപടിയാണെന്നും ചെയ്യരുതെന്നും ആവശ്യപ്പെട്ടാണ് എസ്‌പി രംഗത്തെത്തിയത്. ആശുപത്രിയിലെ ജീവനക്കാരിൽ ഒരാളാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. അതേസമയം, ഡോക്ടർ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ആരോപിച്ചു.

എന്നാൽ ഡോക്ടറുടെ പരാതിയും തള്ളുകയാണ് വിജിലൻസ് എസ് പി പ്രിൻസ് എബ്രഹാം ചെയ്തത്. പരാതി വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അയൽവാസിയും വർഷങ്ങളായി അറിയാവുന്ന ആളുമാണ് മരിച്ചത്. അയൽവാസി എന്നനിലയിൽ മൃതദേഹം വേഗം വീട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിലെത്തിയത്. അസഭ്യമായ ഒരുകാര്യവും അവിടെ പറഞ്ഞില്ല. ആശുപത്രിയിലുള്ളവർ എടുത്തുവെച്ച വീഡിയോ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽവെച്ച് മരിച്ചതിനാൽ മരണകാരണം വ്യക്തമായി ഡോക്ടർമാർക്ക് മനസ്സിലാകുമെന്നിരിക്കെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കളെയും മറ്റും പ്രയാസപ്പെടുത്തുന്ന ആശുപത്രി അധികൃതരുടെ കാര്യങ്ങൾ ശരിയല്ലെന്നാണ് പറഞ്ഞതെന്നും ഈ വിഷയത്തിൽ ജയിലിൽ കിടക്കേണ്ടിവന്നാലും പ്രയാസമില്ലെന്നും പ്രിൻസ് എബ്രഹാം പറഞ്ഞു.