തിരുവനന്തപുരം: അങ്ങനെ തുടര്‍ച്ചയായുള്ള പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്നു. നിലവിലെ കമ്മിറ്റിയില്‍ സുപ്രധാന സ്ഥാനം വഹിക്കുന്ന പലര്‍ക്കെതിരെയും സമാനരീതിയിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായതിന് പിന്നാലെയാണ് സംഘടനാ തലപ്പത്ത് നിന്ന് തന്നെ അപൂര്‍വ്വ നീക്കം ഉണ്ടായത്. രണ്ട് മാസത്തിനുള്ളില്‍ പുതിയ കമ്മിറ്റിയെ കണ്ടെത്തേണ്ടതുണ്ടെങ്കിലും ഇത്തരമൊരു പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ആര് അതിന് മുന്നോട്ട് വരും എന്ന ചോദ്യം സജീവമാവുകയാണ്.

കോഴ വിവാദത്തില്‍ പെട്ട് നില്‍ക്കള്ളിയില്ലാതായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രക്ഷിക്കാന്‍ അന്നത്തെ യുവരക്തം സൗരവ് ഗാംഗൂലി മുന്നിട്ടിറങ്ങിയ പോലെ മലയാള സിനിമയെയും അമ്മ സംഘടനയെയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിനിമയിലെ ഏതെങ്കിലും യുവരക്തം മുന്നോട്ട് വരുമോ എന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. താരങ്ങള്‍ക്കുണ്ടായ ഒരു പ്രതിസന്ധിയില്‍ നിന്ന് രൂപം കൊണ്ട സംഘടനയെന്ന ചരിത്രം ആവര്‍ത്തിച്ചാല്‍ ഒരു പുനര്‍ജന്മവും നല്ലൊരു നാളെയും സംഘടനയ്ക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കാം

ഇന്ത്യന്‍ സിനിമയില്‍ തന്നെ അഭിനേതാക്കളുടെതായി ആദ്യ രൂപം കൊണ്ട കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് അഥവാ അമ്മ. 1994 മെയ് 31ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിര്‍ന്ന നടനായിരുന്ന തിക്കുറിശി സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ എന്ന കൂട്ടായ്മയ്ക്കു തുടക്കം. എണ്‍പതോളം താരങ്ങള്‍ പങ്കെടുത്ത ആ കൂട്ടായ്മ 30 വര്‍ഷത്തിലെത്തുമ്പോള്‍ 253 പുരുഷന്മാരും 245 സ്ത്രീകളും ഉള്‍പ്പടെ 498 അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്.

ഇന്ന് സംഘടനയില്‍ സജീവമല്ലാത്ത സുരേഷ്ഗോപിയും, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നീ മൂന്ന് പേര്‍ ചേര്‍ന്നാണ്
അഭിനേതാക്കളുടെ സംഘടനയെന്ന ആശയത്തിന് വിത്ത് പാകിയത്. അതിന് പിന്നിലുള്ള കഥയിങ്ങനെ..ഷൂട്ടിങ് സെറ്റില്‍ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍ തനിക്ക് നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവം സുരേഷ് ഗോപി സുഹൃത്തുക്കളായ ഗണേഷ് കുമാറിനോടും മണിയന്‍പിള്ള രാജുവിനോടും പങ്കുവച്ചു. എല്ലാവര്‍ക്കും സംഘടനയുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ക്കുമൊരു കൂട്ടായ്മ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുകയും ചെയ്തു.

സംഘടനയില്‍ ആദ്യ അംഗമായതും സുരേഷ് ഗോപി തന്നെ. ഗണേഷ് രണ്ടാമനും രാജു മൂന്നാമനുമായി. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു സംഘടനയുടെ പ്രാഥമിക മൂലധനം. തുടര്‍ന്നാണ് തിക്കുറിശിയുടെ അധ്യക്ഷതയില്‍ 1994 മെയ് 31ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേര്‍ന്നത്. ആദ്യ പ്രസിഡന്റായി സോമനും ജനറല്‍ സെക്രട്ടറിയായി ടി.പി.മാധവനും തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു വൈസ്പ്രസിഡന്റുമാര്‍. അടുത്ത ഊഴം മധുവും ബാലചന്ദ്ര മേനോനുമായി തലപ്പത്ത്. പിന്നീടാണ് അമ്മയിലെ ഇന്നസെന്റ് യൂഗത്തിനു തുടക്കം.

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നതുവരെയുള്ള 18 വര്‍ഷക്കാലത്തോളം ഇന്നസെന്റായിരുന്നു പ്രസിഡന്റ്. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ജനറല്‍ സെക്രട്ടറിമാരായി. നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ നായകത്വം ഏറ്റെടുത്തപ്പോള്‍ 20 വര്‍ഷം തുടര്‍ച്ചയായി സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിനേതാക്കള്‍ക്കും കലാകാരന്‍മാര്‍ക്കും സഹായമായ സംഘടന ഇക്കാലത്തിനിടെ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിരവധി. 1995ല്‍ ആയിരുന്നു ധനശേഖരണത്തിനായി അമ്മയുടെ ആദ്യ സ്റ്റേജ് ഷോ. മുതിര്‍ന്ന കലാകാരന്‍മാര്‍ക്ക് ആദരമായുള്ള കൈനീട്ടം പദ്ധതി ആരംഭിച്ചത് തുടര്‍ന്നാണ്.പ്രതിമാസം 1000 രൂപ വീതം 10 പേര്‍ക്കായിരുന്നു ആദ്യ കൈനീട്ടം. കഴിഞ്ഞ വര്‍ഷം 148 പേര്‍ക്കുവരെയായി. പ്രതിമാസം 5000 രൂപയാണിപ്പോള്‍ കൈനീട്ടം. അംഗങ്ങള്‍ക്കെല്ലാം 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് സംഭാവന ചെയ്ത അമ്മ പിന്നീട് ഗള്‍ഫില്‍ നടത്തിയ സ്റ്റേജ് ഷോയിലൂടെ 5 കോടിയും സമാഹരിച്ചു നല്‍കി. സുനാമി, ലാത്തൂര്‍ ഭൂകമ്പം, കാര്‍ഗില്‍ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടും സംഘടന സഹായധനം സ്വരൂപിച്ചു നല്‍കി. അമ്മവീട് പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്കായി 5 വീടുകളും അക്ഷര വീട് പദ്ധതിയിലൂടെ അവശ കലാ-കായിക താരങ്ങള്‍ക്ക് 8 വീടുകളും നിര്‍മ്മിച്ചു കൈമാറി. ഈ പദ്ധതികളിലൂടെ പിന്നെയും നിഗവധി വീടുകള്‍ നിര്‍മ്മിച്ചു നല്‍കി.

തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആസ്ഥാനം രജത ജൂബിലി വര്‍ഷത്തിലാണ് കൊച്ചിയിലേക്കു മാറിയത്. എറണാകുളം കലൂരില്‍ സ്വന്തം സ്ഥലത്താണ് ആസ്ഥാന മന്ദിരം. അമ്മയുടെ ചുവട് പിടിച്ചാണ് പിന്നീട് പല സംസ്ഥാനങ്ങളിലും അഭിനേതാക്കളുടെ സംഘടനകള്‍ രൂപമെടുത്തത്.

തിലകനെ സിനിമയില്‍ നിന്നും വിലക്കുന്നത് വരെ വിവാദങ്ങള്‍ ഒന്നും തന്നെ അമ്മയെന്ന സംഘടനയെ തേടിയെത്തിയിരുന്നില്ല. തിലകന്റെ വിലക്കും പിന്നാലെ ദിലീപ് വിഷയവും വന്നതോടെയാണ് സംഘടനയ്ക്ക് കാര്യമായി കോട്ടം സംഭവിച്ചതും പൊതുമധ്യത്തില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും. ഫെഫ്കയോട് ഉടക്കി പുറത്ത് പോയ സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടാണ് തിലകന് ആദ്യം അപ്രഖ്യാപിത വിലക്ക് വരുന്നത്. ഇത് ചൂണ്ടിക്കാട്ടി തിലകന്‍ അമ്മ നേതൃത്വത്തിന് പരാതി നല്‍കി. ഈ പരാതിയില്‍ കാര്യമായ നടപടിയുണ്ടായില്ല എന്ന് കണ്ടതോടെയാണ് ഇരുവരും തമ്മില്‍ തുറന്നപോര് തുടങ്ങുന്നത്.

തന്നെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നതായി തിലകന്‍ അമ്മയോട പരാതിപ്പെട്ടിരുന്നു. ഈ പരാതിയില്‍ നടപടികളൊന്നും എടുക്കാതെ ആരോപണ വിധേയര്‍ക്കൊപ്പം നിലകൊണ്ട അമ്മയുടെ നേതൃത്വത്തെ തിലകന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇതേ തുടര്‍ന്നായിരുന്നു അമ്മ തിലകനെ പുറത്താക്കിയത്. 2010 ഏപ്രിലില്‍ ആയിരുന്നു തിലകനെ അമ്മയില്‍ നിന്ന് ആജീവനാന്തം പുറത്താക്കിയത്. അമ്മയിലെ ചിലം അംഗങ്ങള്‍ ഇടപെട്ട് തനിക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന് തിലകന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. അമ്മ ഭാരവാഹികള്‍ക്ക് നേരേയും സംഘടനക്കകത്തും പുറത്തും ഗുരുതര ആരോപണങ്ങളായിരുന്നു തിലകന്‍ ഉയര്‍ത്തിയിരുന്നത്.

തിലകന്‍ നല്‍കിയ പരാതികള്‍ അന്വേഷിക്കാതെ താരസംഘടന നടനെതിര നടപടി എടുക്കുകയായിരുന്നുവെന്നും പരാമര്‍ശങ്ങള്‍ ുണ്ടായിരുന്നു. തുടര്‍ന്ന് അമ്മ തിലകനെതിരെ അച്ചടക്കനടപടി എടുത്തു. തിലകന്റെ വിശദീകരണം കേള്‍ക്കാന്‍ വിളിച്ച യോഗത്തിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുയായിരുന്നു.മാപ്പ് പറയണമെന്ന് അമ്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും തിലകന്‍ തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് തിലകന്റെ വിശദീകരണത്തില്‍ തൃപ്തി രേഖപ്പെടുത്താതെ അമ്മ നടനെ പുറത്താക്കുകയായിരുന്നു.

2010ല്‍ തിലകനെ വിലക്കിയ അമ്മ 2012ല്‍ ഇദ്ദേഹം മരിക്കുന്ന കാലം വരെയും വിലക്ക് നീക്കാന്‍ തയ്യാറായിരുന്നില്ല.മോഹന്‍ലാല്‍ നായകനായ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം തിലകനെ ഒഴിവാക്കുകയായിരുന്നു അത്.ഇതിന് പുറമെ പല ചിത്രങ്ങളില്‍ നിന്നും തിലകനെ ഒഴിവാക്കാന്‍ കാര്യമായ സമ്മര്‍ദ്ദം സംവിധായകര്‍ക്കുമെലെ ഉണ്ടായിരുന്നുവെന്നും പിന്നീട് വെളിപ്പെടുത്തലുകള്‍ ഉണ്ടായി.തിലകനെതിരെ അമ്മ എടുത്ത നടപടി ശരിയല്ല എന്ന നിലപാട് ഇന്ദ്രന്‍സിനെപോലുള്ള നടന്‍മാര്‍ അന്ന് തന്നെ തുറന്ന് പറഞ്ഞിരുന്നു.തിലകെ സംഘടനയിലേക്ക് തിരികെ എത്തിക്കണമെന്ന ചില നടന്‍മാര്‍ ആവശ്യപ്പെട്ടെങ്കില്‍ നേതൃത്വം വഴങ്ങിയില്ല അത് കൊണ്ട് തന്നെ മരണം വരെ തിലകന്‍ സംഘടനക്ക് പുറത്ത് നിലകൊണ്ടു.അമ്മയിലെ തന്റെ അവസാനയോഗത്തെ പറ്റി ആത്മകഥാപരമായ പുസ്തകത്തില്‍ തിലകന്‍ വിശദീകരിക്കുന്നുണണ്ട്.

ഇ സംഭവത്തോടെ തന്നെ അമ്മ സംഘടനയുടെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിച്ചു.പിന്നാലെ ദിലീപ് വിഷയം സംഭവിക്കുന്നത്.നടിയെ ആക്രമിച്ച കേസില്‍ ജയില്‍ശിക്ഷയനുഭവിച്ച ദീലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതും തുടര്‍ന്ന് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യമാവുകയായിരുന്നു. ദിലീപ് അനുകൂല പക്ഷവും എതിര്‍ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറര്‍ ജഗദീഷിന്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നു.

2018ല്‍ സിദ്ദിഖിന്റെ ചില ഇടപെടലുകളായിരുന്നു പ്രതിസന്ധി തുടങ്ങി വച്ചത്.സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ നിലപാടുകളെ തള്ളിപ്പറഞ്ഞ് സെക്രട്ടറി സിദ്ദീഖ് കെപിഎസി ലളിതയ്‌ക്കൊപ്പം പത്ര സമ്മേളനം നടത്തിയതിനെതിരെയാണ് വാട്‌സാപ് ഗ്രൂപ്പില്‍ ഇരുവരുടെയും പ്രതികരണം. എന്നാല്‍, ജഗദീഷ് വ്യക്തമാക്കിയ സമവായ നിലപാടിനെ തള്ളിയ സിദ്ദീഖിന്റെ നിലപാടാണ് ഔദ്യോഗികം എന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പറയേണ്ട പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രതികരണം ലഭ്യമായതുമില്ല.

സംയമനം പാലിക്കാന്‍ മോഹന്‍ലാല്‍ ഇരുപക്ഷത്തുള്ളവരോടും നിര്‍ദേശിച്ചപ്പോള്‍ 2018ലെ ആ വിഷയം അവിടെ തീര്‍ന്നു.2018ല്‍ ദിലീപിന്റെ രാജിക്കാര്യവും സിദ്ധീഖിന്റെ പത്രസമ്മേളന നീക്കവും അറിഞ്ഞിരുന്നില്ല എന്ന അമ്മ നിര്‍വാഹക സമിതിയിലെ പല അംഗങ്ങള്‍ക്കും പരിഭവമുള്ളതായി സൂചനകള്‍ പുറത്തു വന്നു.എന്നാല്‍, അമ്മയുടെ ഒദ്യോഗിക പത്രക്കുറിപ്പിലെ ചില പരാമര്‍ങ്ങളാണ് ദിലീപ് അനുകൂല വിഭാഗത്തെ ചൊടിപ്പിച്ചതന്നെും വാര്‍ത്തയെത്തി.

മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് പത്രക്കുറിപ്പ് പുറത്തിറക്കിയതെന്നു ജഗദീഷ് ഉറപ്പിച്ചു പറയുന്നു. വിവാദ വിഷയങ്ങളില്‍ സംഘടനാ ചട്ടങ്ങള്‍ക്കുപരിയായി ധാര്‍മ്മികതയില്‍ ഊന്നിയുള്ള തീരുമാനം ഉണ്ടാവുമെന്ന ആ പത്രക്കുറിപ്പിലെ സൂചനയാണു ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചത്. രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ സന്നദ്ധമാണെന്ന സൂചനയും അവര്‍ക്ക് ഹിതകരമായില്ല. ഇതോടെ പെട്ടെന്നുള്ള തീരുമാനപ്രകാരമായിരുന്നു ഷൂട്ടിങ് സെറ്റില്‍ സിദ്ധീഖ് നടത്തിയ തുറന്നടിച്ചുള്ള പത്രസമ്മേളനം.

വനിത കൂട്ടായ്മയെ വിമര്‍ശിക്കുന്നതിനാല്‍ വനിതാ മുഖമായി കെപിഎസി ലളിതയെയും ഒപ്പം കൂട്ടി. എന്നാല്‍ നിര്‍വാഹക സമിതി അംഗം പോലുമല്ലാത്ത ലളിതയെ എന്തിന് പത്രസമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് മറുപക്ഷം ചോദിച്ചു.ആക്രമിക്കപ്പെട്ട നടി ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതായി പരാതി നല്‍കിയിട്ടില്ലെന്ന സിദ്ധീഖിന്റെ പത്ര സമ്മേളനത്തിലെ വാദത്തെ ഖണ്ഡിക്കാന്‍ അദ്ദേഹം മുന്‍പ് പൊലീസിനു കൊടുത്ത മൊഴിയും ചിലര്‍ പുറത്തുവിട്ടു. പക്ഷേ ആ വിവാദത്തെ തടഞ്ഞു നിര്‍ത്താന്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനായി.ഇത്തവണ പക്ഷെ അതുണ്ടായില്ല.

ഇതിനിടെ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ ഉണ്ടായി.ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് അമ്മ അന്ന് കാട്ടിയ വിവേചനവും ചര്‍ച്ചയായിയിരുന്നു. ഈ സാഹചര്യത്തിലാണ് തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യവുമായി മകന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്.പക്ഷെ തിലകന്റെ കാര്യത്തില്‍ അതും സംഭവിച്ചില്ല.

നിരവധി പ്രതിസന്ധികളില്‍ പ്രമുഖതാരങ്ങളുടെ ഇടപെടല്‍ അമ്മസംഘടനയെ സംരക്ഷിച്ചു നിര്‍ത്തിയെങ്കിലും ദിലീപ് വിഷയത്തിന് പിന്നാലെ അമ്മയില്‍ നിന്നും മാറി നടികള്‍ ചേര്‍ന്ന് ഡബ്ല്യൂ സി സി രൂപീകരിച്ചതും സിനിമാ മേഖലയിലെ സ്ത്രീ വിഷയങ്ങള്‍ പഠിക്കാന്‍ ജസ്റ്റീസ് ഹേമ കമ്മീഷനെ നിയമിച്ചതുമൊക്കെ അമ്മയെന്ന സംഘടനയെ കൂടുതല്‍ ചോദ്യം ചെയ്യപ്പെടലിന് ഇടയാക്കി.2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്.ജസ്റ്റിസ് ഹേമക്കൊപ്പം കെ.ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍.രാജ്യത്ത് തന്നെ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഇത്.പിന്നീട് അഞ്ച് വര്‍ഷത്തോളം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ നിന്നെങ്കിലും സമ്മര്‍ദ്ദമേറിയതോടെ കഴിഞ്ഞ ആഴ്ച്ച പുറത്തുവിട്ടു.കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമയിലെ പവര്‍ഗ്രൂപ്പ് പരാമര്‍ശവും തങ്ങള്‍ നേരിടുന്ന പലവിധ പീഡനങ്ങളെക്കുറിച്ച് നടിമാരുടെ വെളിപ്പെടുത്തല്‍ അമ്മ സംഘടനയെതന്നെ പിടിച്ചുലച്ചു.

നിലവിലെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ സിദ്ദീഖ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് സംഘടന.കൂടുതല്‍ പേര്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ്് വിഷയത്തിന്റെ ധാര്‍മ്മീക ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹന്‍ലാലും പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെക്കുകയായിരുന്നു.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു.

രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും.'അമ്മ' ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവര്‍ക്കും നന്ദി, വിമര്‍ശിച്ചതിനും തിരുത്തിയതിനും',എന്നാണ് പത്രക്കുറിപ്പില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എത്രയെത്ര പേരാണ് ആരോപണങ്ങളുമായി മുന്നോട്ടുവന്നത്, എത്ര പ്രമുഖ സിനിമാക്കാരാണ് അവയില്‍ കുടുങ്ങിപ്പോയത്, എത്ര പേരാണ് തങ്ങളുടെ പേരും പുറത്തുവരുമോ എന്നു ഭയന്ന് ജീവിക്കുന്നത്!ഈ ആരോപണ പരമ്പര പെയ്തുതീരുന്നതിനിടെ ആരൊക്കെയാണ് കടപുഴകുക എന്ന് ഉല്‍ക്കണ്ഠയോടെ നോക്കിയിരിക്കുകയാണ് മോളിവുഡ്.ഒപ്പം അമ്മയെന്ന സംഘടനയുടെ ഭാവി എന്തായിരിക്കുമെന്നും