മുംബൈ: ഔദ്യോഗികമായി വിവാഹം ജൂലായ് മാസത്തിലെ നടക്കുകയുള്ളുവെങ്കിലും ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹപൂർവ്വ ആഘോഷങ്ങൾ അത്യാഡംബരമായി നടക്കുവാൻ പോകുന്നു. ആയിരത്തിലധികംവരുന്ന അതിഥികൾക്കായി 2500 ൽ അധികം വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുവാൻ 21 ഷെഫുമാർക്കാണ് കരാർ നൽകിയിരിക്കുന്നത്. ഈയാഴ്‌ച്ച അവസാനം ജാംനഗറിലെ കുടുംബ വീട്ടിലായിരിക്കും ഇന്ത്യയിലെ രണ്ട് അതി സമ്പന്ന കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന ചടങ്ങ് നടക്കുക.

2018 നവംബറിൽ നടന്ന ആനന്ദിന്റെ സഹോദരിയുടെ ആഡംബര വിവാഹത്തിൽ പങ്കെടുത്ത പ്രമുഖ വ്യക്തികളെല്ലാം ഈ ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. ബിൽ ഗെയ്റ്റ്സ്, മാർക്ക് സുക്കർബർഗ്, ഹിലാരി ക്ലിന്റൺ തുടങ്ങിയവരൊക്കെ ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. എൻകോർ ഹെൽത്ത്കെയറിന്റെ ചീഫ് എക്സിക്യുട്ടീവ് ആയ ശതകോടീശ്വരൻ വിരേൻ മർച്ചന്റിന്റെ മകളാണ് അംബാനി കുടുംബത്തിലേക്ക് മരുമകളായി എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയമകനായ ആനന്ദ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ മാനേജിങ് ഡയറക്ടർ ആണ്. 110 ബില്യൻ ഡോളർ വരുമാനമുള്ള കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. പ്രീ വെഢിങ് ആഘോഷങ്ങൾക്ക് എത്തുന്ന അതിഥികൾക്ക് ഡ്രസ്സ് കോഡ് നിശ്ചയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച രാത്രി ഇരു കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും കോക്ക്ടെയിൽ പാർട്ടി ആഘോഷമാക്കും.

തൊട്ടടുത്ത ദിവസം സൗകര്യപ്രദമായ ഷൂസ് ധരിക്കുവാനാണ് അതിഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വനാതിർത്തിയിലൂടെ നടന്ന് അവർ വരന്റെ മേൽനോട്ടത്തിലുള്ള റിലയൻസ് അനിമൽ റേസ്‌ക്യു സെന്റർ സന്ദർശിക്കും. 650 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഇവിടെ 2,000 ൽ അധികം പക്ഷി മൃഗാധികളാണ് വസിക്കുന്നത്. അന്ന് വൈകിട്ടായിരിക്കും വധൂവരന്മാർ ആതിഥേയം വഹിക്കുന്ന മേള റോഗ്. അതിനായി എല്ലാ അതിഥികളും ദേശി- റൊമാൻസ് സ്‌റ്റൈൽ വസ്ത്രങ്ങൾ അണിയണം എന്നാണ് നിർദ്ദേശം.

മൂന്നാം ദിവസവും പല പരിപാടികളുണ്ട്. ആഘോഷങ്ങളുടെ കൊട്ടിക്കലാശംഹസ്താക്ഷർ എന്ന് പേരിട്ടിരിക്കുന്ന ഈവന്റിൽ അതിഥികൾ പരമ്പരാഗത വസ്ത്രങ്ങളിലായിരിക്കും എത്തുക. ആനന്ദിന്റെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് 6 മില്യൻ ഡോളർ നൽകി കലാപരിപാടികൾ അവതരിപ്പിച്ച അംബാനി കുടുംബം ഈ അവസരത്തിൽ പ്രശസ്ത പഞ്ചാബി ഗായകൻ ദില്ജിത്ത് ദൊസാഞ്ജയുടെ സംഗീത വിരുന്നും ഒരുക്കുന്നുണ്ട്.

ഒൻപത് പേജുള്ള ക്ഷണക്കത്താണ് അതിഥികൾക്ക് നൽകിയിരിക്കുന്നത്. ഓരോ ദിവസത്തെ പരിപാടികളെ കുറിച്ചും ഡ്രസ്സ് കോഡിനെ കുറിച്ചുമൊക്കെ അതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ചാർട്ടേർഡ് വിമാനങ്ങളിലും ഫെറികളിലുമായിരിക്കും അതിഥികൾ ജാം നഗറിൽ എത്തുക എന്നാണ് പ്രാദേശിക മധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്. അതിഥികൾക്കായി ഹെയർ സ്‌റ്റൈലിസ്റ്റുമാർ, മേക്ക് അപ് ആർട്ടിസ്റ്റുമാർ, സാരി ഡ്രേപ്പർമാർ എന്നിവരെയും തയ്യാറാക്കിയിട്ടുണ്ട്.

ആഡംബര ഹോട്ടലായ ജാർഡിൻ ഹോട്ടൽ നിയമിച്ച പാചകക്കാർ ജാപ്പനീസ്, മെക്സിക്കൻ, തായ് വിഭവങ്ങൾ ഉൾപ്പടെ 2500 ഓളം വിഭവങ്ങളാണ് തയ്യാറാക്കുന്നത്. പ്രാതലിനായി അതിഥികൾക്ക് തിരഞ്ഞെടുക്കാൻ 75 തരം ഭക്ഷണ വിഭവങ്ങൾ ലഭ്യമായിരിക്കും എന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിന് 225 ഓപ്ഷനുകളും അത്താഴത്തിന് 275 വിഭവങ്ങളും ഉണ്ടായിരിക്കും. അതുപോലെ രാത്രി 12 മണി മുതൽ വെളുപ്പിന് 4 മണി വരെ നീളുന്ന പരമ്പരാഗത അർദ്ധരാത്രി അത്താഴത്തിന് 75 ഓപ്ഷനുകളും ഉണ്ടാകും.