കൊച്ചി: കേരളത്തിൽ നാട്ടാനകളേക്കാളും ഫാൻസ് ഉള്ള കാട്ടാനയാണ് അരിക്കൊമ്പൻ. എന്തൊക്കെയോ അദ്ഭുത സിദ്ധിയുള്ള ആനയായിപ്പോലും ഇത് വിലയിരുത്തപ്പെടുന്നു. പക്ഷേ ഈ ആനയെക്കുറിച്ച് പ്രചരിക്കുന്നതിൽ ഏറെയും കെട്ട് കഥകളാണെന്നതാണ് വാസ്തവം. അരിക്കൊമ്പൻ അരി മാത്രം തിന്നാണ് ജീവിക്കുന്ന് എന്ന പ്രചാരണംപോലും ശുദ്ധ കെട്ടുകഥയാണെന്നാണ് ശാസ്ത്രകാരന്മാർ പറയുന്നത്. അരി മനുഷ്യന് തിന്നാനുള്ളതാണ്. പനമ്പട്ടയും, പുല്ലും, മുളയും മനുഷ്യന് തിന്നാൻ പറ്റുന്നതല്ല. അരിക്കൊമ്പൻ കൂടിയ അളവ് അരി തിന്നാൽ അതിന്റെ കഥ കഴിയുമെന്നതാണ് സത്യം. അത് രസത്തിന് ഇടക്ക് അരി രുചിക്കുക മാത്രമേ ചെയ്യാൻ സാദ്ധ്യത ഉള്ളു എന്നാണ് ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്.

ആനയുടെ ശരീരഘടനവെച്ച് അരിമാത്രം തിന്ന് ജീവിക്കാൻ കഴിയില്ല എന്ന് ഫോറസ്റ്റ് അധികൃതരും സമ്മതിക്കുന്നുണ്ട്. അതിനിടെ അരിക്കൊമ്പനു കാട്ടിനുള്ളിൽ അധികൃതർ അരിയെത്തിച്ചു നൽകിയെന്ന പ്രചാരണം തമിഴ്‌നാട് വനംവകുപ്പ് അധികൃതർ നിഷേധിച്ചു. ആനയെ കാടിനു പുറത്തേക്കെത്തിക്കാൻ തമിഴ്‌നാട് അരിയും സാധനങ്ങളും വച്ചുകൊടുത്തെന്നായിരുന്നു പ്രചാരണം. ഇപ്പോൾ ഇത് ശരിയല്ലെന്ന് തമിഴ്‌നാട് വനം വകുപ്പ് തന്നെ സ്ഥിരീകരിച്ചിരിക്കയാണ്.

ആനക്ക് അരി തിന്ന് ജീവിക്കാനാവില്ല

ആന അരി തിന്നല്ല ജീവിക്കുന്നത് എന്നാണ് ശാസ്ത്രീയമായി ഈ വിഷയം പഠിച്ചിട്ടുള്ളവർ പ്രതികരിക്കുന്നത്. വൈൽഡ് ലൈഫ് മാനേജ്മെന്റ് എന്നുപറഞ്ഞാൽ ആനയ്ക്ക് കാട്ടിൽ അരി കൊണ്ടുപോയിക്കൊടുക്കുന്നതല്ല. സ്വാഭാവികമായി അനയുടെ ഭക്ഷണം കാട്ടിൽ വളർത്തുന്ന പദ്ധതി വിദേശ രാജ്യങ്ങളിലുണ്ട്.പക്ഷേ ആനയുടെ പ്രധാനഭക്ഷണമല്ലാത്ത അരി കാട്ടിൽ വെച്ച് പോയിട്ട് ഒരു കാര്യവുമില്ല. ഇങ്ങനെ ആണെങ്കിൽ കടുവ ശല്യം നിയന്ത്രിക്കാൻ കാട്ടിൽ മാനിന്റെയോ, മുയലിന്റെയും ഇറച്ചി വിതറിയിട്ടാൽ പോരെ എന്നാണ് മറുചോദ്യം.

ശാസ്ത്രകാരൻ വിജയകുമാർ ബ്ലാത്തുർ ഇങ്ങനെ എഴുതുന്നു. 'ഒരു ആനയ്ക്ക് എത്ര കിലോ വേവിക്കാത്ത അരി തിന്നാൻ പറ്റും? ഓരോ തരം ജീവികളുടെയും ദഹന സ്വഭാവങ്ങൾ വ്യത്യാസമുള്ളതാണ്. മനുഷ്യർ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നതു പോലെ തന്നെയാകും മറ്റ് എല്ലാ സസ്തനികളും ഉരഗങ്ങളും ഒക്കെ തിന്നവ ദഹിക്കുന്നത് എന്നാണ് പൊതുവെ പലരും തെറ്റായി കരുതുന്നത്. നമ്മൾക്ക് ഊർജ്ജം ലഭിക്കുന്നത് ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റുകളെ പഞ്ചസാര ആക്കി മാറ്റി രക്തത്തിലേക്ക് വലിച്ചെടുത്ത് അത് കോശങ്ങളിലെത്തിച്ചാണല്ലോ. അവിടെ വെച്ച് ഓക്സിജൻ ഉപയോഗിച്ച് 'കത്തിച്ച് ' നമ്മുടെ കാര്യങ്ങൾ നടത്തുന്നു. ചോറിലും മറ്റുമുള്ള സ്റ്റാർച്ച് വെള്ളത്തിൽ ലയിക്കാത്തതാണ്? അവ ഉമിനീരിലും ആമാശയത്തിലും ഉള്ള എൻസൈമുകളുമായി പ്രവർത്തിച്ചാണ് വെള്ളത്തിൽ ലയിക്കുന്ന ഷുഗർ ആക്കുന്നത്. പുല്ലിലും വേവിക്കാത്ത അരിയിലും ഉള്ള കോശങ്ങളിലെ സെല്ലുലോസ് നമുക്ക് ദഹിപ്പിക്കാനുള്ള എൻസൈം ഇല്ല. അതുകൊണ്ടാണ് അവ മനുഷ്യർ തിന്നാത്തതും. പരിണാമമാണ് പല ജീവികളുടെയും ഭക്ഷണകാര്യങ്ങളെ തീർപ്പാക്കിയത്. അല്ലെങ്കിൽ ഭക്ഷണമാണ് പരിണാമത്തിന്റെ ഒരു ആധാരം.

പശു പുല്ല് തിന്നുന്നത് പോലെ അല്ല ആന തിന്നുന്നത്. അവയുടെ ദഹന രീതിയും വ്യത്യസ്തമാണ്. പശുവും മാനുമൊക്കെ, കടുവയും പുലിയും ഏതു നിമിഷവും കൊന്നു തിന്നും എന്ന ഭയത്തിലാണ് ഏറ്റവും വേഗത്തിൽ കിട്ടുന്നത്ര പുല്ലും ഇലകളും അകത്താക്കി, സുരക്ഷിത ഇടത്തേക്ക് മാറി സ്വസ്ഥമായി തിന്നതുമുഴുവൻ വീണ്ടും തികട്ടി എടുത്ത് ചവച്ച് ഇറക്കി അയവെട്ടുന്നത്. രണ്ടാമത്തെ അറയായ റൂമനിൽ വച്ചാണ് ദഹനം നടക്കുന്നത്. അവിടെ നമ്മുടെ ആമാശയത്തിലേത് പോലെ ദഹന രസങ്ങളും ആസിഡും ഉണ്ടാക്കാനുള്ള ഗ്രന്ഥികളില്ല. ഫെർമന്റേഷൻ, പുളിപ്പിക്കലാണ് അവിടെ നടക്കുക. നമ്മുടെ ദഹനം പോലെ, കാർബോഹൈഡ്രേറ്റ് ഷുഗറായി മാറിയല്ല ഊർജ്ജം ലഭിക്കുന്നത്.

പശുവിന്റെ രക്തത്തിലേക്ക് തീറ്റ ദഹിച്ച് ( ചോറ് കഴിച്ചാലും ) പഞ്ചസാരയായി മാറിയതല്ല വലിച്ചെടുക്കപ്പെടുന്നത്. ബാക്ടീരിയകളുടെ പ്രവർത്തനം കൊണ്ട് പുളിച്ച് വൊളട്ടൈൽ ഫാറ്റി ആസിഡുകളാണ് ഉണ്ടാവുക. അതാണ് രക്തത്തിലെത്തി ഊർജ്ജ ആവശ്യം നിറവേറ്റുന്നത്. (അതായത് ഉത്തമാ പശുവിന് നമ്മുടെ പോലെ രക്തത്തിൽ പഞ്ചസാര കൂടുന്ന അസുഖം വരില്ല ). ഈ പുളിക്കൽ നടക്കുന്നത്.പശുവിന്റെ വയറ്റിലെ പല തരം സൂഷ്മ ജീവികളെ കൊണ്ടാണ്. ഈ പുളിപ്പിക്കലിന്റെ ഭാഗമായി ധാരാളം മീതൈൻ ഗ്യാസ് ഉണ്ടാവും. അത് ഇടക്ക് പശു വാ പൊളിച്ച് പുറത്ത് കളയും. (ആഗോളതാപനം കൂട്ടുന്നത് ഇന്ത്യയിലെ പശുക്കൾ കൂടി കൂടീട്ടാണ് എന്ന് പരാതി ഇതു കൊണ്ടാണ് ) . പശു അധികം ചോറ് കഴിച്ചാൽ വയറ്റിലെ സൂഷ്മ ജീവികളുടെ ബാലൻസിങ്ങ് തെറ്റി പശു വയറു വീർത്ത് ചാവും.''- വിജയകുമാർ ചൂണ്ടിക്കാട്ടുന്നു.

കൂടതൽ അരിതിന്നാൽ കഥ കഴിയും

സമാനമായ അവസ്ഥയാണ് മനുഷ്യരിലുമെന്ന് വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. 'ആനകൾക്ക് കടുവ പുലികളെയൊന്നും പേടിക്കാനില്ലാത്തതിനാൽ പശുവിനെപ്പോലെയുള്ള വാരിവലിച്ച് അകത്താക്കൽ വേണ്ട. വയറിൽ രണ്ട് അറകളും ഇല്ല, അയവിറക്കലും ഇല്ല . വലിയ വയർ നിറയ്ക്കാൻ വളരെഏറെ നേരം സ്വസ്ഥമായി തിന്നണം എന്ന് മാത്രം. കാടും പടലും വേരും തൊലിയും പഴങ്ങളും വിത്തുകളും ഒക്കെ അതിൽ പെടും. വയറിനുള്ളിലെ സിംബയോട്ടിക് ബാക്റ്റീരിയകളുടെ പ്രവർത്തനഫലമായുള്ള ഹിൻഡ്ഗട്ട്് ഫെർമിന്റേഷൻ ആണ് ആനകളിൽ നടക്കുക. തിന്ന സെല്ലുലോസൊക്കെ ദഹിക്കാൻ സഹായിക്കുന്നത് ഈ സൂഷ്മ ജീവികളാണ്. എന്നാലും പശുവിന്റെ തീറ്റ ദഹിക്കുന്നതു പോലെ ആന തിന്നത് ദഹിക്കില്ല. അതിൽ പകുതിയും ദഹിക്കാതെ പുറത്തേക്ക് ആനപിണ്ടമായി പോകും. അതിനാലാണ് ഇത്രയധികം ഭക്ഷണം ആനകൾക്ക് തിന്നേണ്ടി വരുന്നത്. ദിവസം 15 - 18 മണിക്കൂർ വരെ തീറ്റ തേടി അലയേണ്ടി വരും ചിലപ്പോൾ. (ജനിച്ച ഉടൻ കുട്ടിയാനകളുടെ വയറ്റിൽ ബാക്റ്റീരിയകൾ ഇല്ലാത്തതിനാൽ സെല്ലുലോസ് ദഹനം നടക്കില്ല. അതിനാൽ അവ ബാക്റ്റീരിയകൾ കിട്ടാൻ അമ്മയുടേയോ മറ്റ് ആനകളുടെയോ പിണ്ടമാണ് ആദ്യം തിന്നുക. )

'ഭാര്യയും കുട്ടിയും ' ഒക്കെയായി മനുഷ്യനെപ്പോലെ കുടുംബ ജീവിതം നയിക്കുന്ന അരിക്കൊമ്പന്റെ ഭക്ഷണ ശീലവും മനുഷ്യരെപ്പോലെ ആവും എന്ന് കരുതുന്നവരുണ്ടാവാം. അതാവും ,ആനക്ക് തിന്നാൻ കാട്ടിൽ തമിഴ് നാട് വനം വകുപ്പ് അരി കൊണ്ട് വെക്കുന്നു എന്ന വാർത്തയുമായി ചിലർ ആഘോഷിക്കുന്നത്. അരിക്കൊമ്പൻ കൂടിയ അളവ് അരി തിന്നാൽ അതിന്റെ കഥ കഴിയും. അത്രയേ ഉള്ളു. അത് രസത്തിന് ഇടക്ക് അരി രുചിക്കുക മാത്രമേ ചെയ്യാൻ സാദ്ധ്യത ഉള്ളു. വളർത്താനകൾ വേവിച്ച ചോറും ശർക്കരയും തിന്നാറുണ്ടെങ്കിലും വേവിക്കാത്ത അരി തിന്നാറില്ല. എല്ലാവരും പറഞ്ഞ് പരത്തിയ പോലെ ഇവൻ റേഷൻ അരിപ്രാന്തനാണെങ്കിൽ ആനപ്പിണ്ടത്തിൽ പകുതിയും അരി കാണേണ്ടതാണ്.

ഇതുവരെ ആരും അങ്ങിനെ അരി കണ്ടതായി പറയുന്നില്ല. ഉപ്പിനും മറ്റും ആനകൾ പ്രത്യേക ഇഷ്ടം കാണിക്കുന്നത് സാധാരണമാണ്. അരിക്കൊമ്പൻ സത്യത്തിൽ അരി പ്രാന്തൻ തന്നെയാണോ? അവൻ കടകൾ പൊളിച്ചത് അരിക്ക് വേണ്ടിയാവില്ല എന്നാണ് ഞാൻ കരുതുന്നത്. വേറെ എന്തെങ്കിലും കിട്ടുമോ എന്ന അന്വേഷണത്തിൽ - അരിയെങ്കിൽ അരി എന്ന് പറഞ്ഞ് രുചിച്ച് നോക്കീട്ടേ ഉണ്ടാവു. 2000 ജൂണിൽ ബാങ്കോക്കിലെ മൃഗശാലയിൽ പാങ്ക് ബൂന്മി എന്ന 27 വയസുള്ള ഒരാന 50 കിലോ അരി തിന്ന് ധാരാളം വെള്ളവും കുടിച്ച് , വയറിൽ ഗ്യാസ് നിറഞ്ഞ് ചത്തുപോയിട്ടുണ്ട്. ''- വിജയകുമാർ ബ്ലാത്തുർ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ നമ്മുടെ നാട്ടിൽ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ, മനുഷ്യന് സമാനമായ ബുദ്ധിയും, ഭാവനയും, കുടുംബബന്ധങ്ങളും, ഭക്ഷണ ശീലവുമുള്ള ഒരു ജീവിയായിട്ടാണ് അരിക്കൊമ്പനെ അതിന്റെ ആരാധകർ കാണുന്നത്. എന്നിട്ട് ഇവർ കൂട്ട പരാതികൾ അയച്ച് സർക്കാറിനുമേൽ സമ്മർദ്ദം നടത്തുകയാണ്. ആൾക്കൂട്ടം പറയുന്നതല്ല, ശാസ്ത്രീയമായി വിദഗ്ദ്ധർ പറയുന്ന കാര്യമാണ് നാം നടപ്പാക്കേണ്ടത് എന്നാണ് ശാസ്ത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്.