കോഴിക്കോട്: മലപ്പുറത്ത് പെൺകുട്ടികൾ തട്ടം ഉപേക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഫലമാണെന്ന സിപിഎം സംസ്ഥാനസമിതി അംഗം കെ. അനിൽകുമാറിന്റെ പ്രസ്താവന വൻ വിവാദമായിരിക്കയാണല്ലോ. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 23യിലാണ് അനിൽകുമാർ വിവാദ പ്രസംഗം നടത്തിയത്. ഇതിനെതിരെ മുൻ മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ പ്രതികരിക്കുകയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനിൽകുമാറിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ഇതേക്കുറിച്ച് മലയാളത്തിലെ ചാനലുകളിൽ നടന്ന ഒരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത്. മാതൃഭൂമി ചാനലിൽ അഭിലാഷ് മോഹൻ നയിച്ച ഒരു ചർച്ചയിൽ സ്വതന്ത്ര ചിന്തകനും, പ്രഭാഷകനുമായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്. അഭിലാഷ് മോഹൻ അടക്കമുള്ളവർ ഇസ്ലാമിനെ കഷ്ടപ്പെട്ട് വെളുപ്പിച്ചെടുക്കുമ്പോൾ, അവരുടെ മുഖമടച്ചുള്ള മറുപടിയാണ്, ആരിഫ് കൊടുക്കുന്നത്. ഇവിടെ തട്ടത്തിനുപകരം പൂണൽ എന്നാണെങ്കിൽ പുരോഗമനം ആവില്ലേ എന്നാണ് ആരിഫ് ചോദിക്കുന്നത്. ഗണപതി വിവാദത്തിൽ ഷംസീറിന് കൊടുത്ത പിന്തുണ എന്തുകൊണ്ട്, അനിൽകുമാറിന് കൊടുത്തില്ല എന്നും അദ്ദേഹം ചോദിക്കുന്നു.

ഷംസീറിന് പിന്തുണ കൊടുത്തവർ എവിടെ?

ആരിഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.-'ശാസ്ത്രവും സ്വതന്ത്രചിന്തയും വർധിപ്പിക്കാനായി ഏറെ മുന്നിട്ട് നിൽക്കുന്ന ഒരു സംഘടനയാണ് എസ്സെൻസ് ഗ്ലോബൽ. അതിൽ പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ ഞാൻ ഒരു കാര്യം പറയാം. ഏറ്റവും വലിയ നാസ്തിക സമ്മേളനം എന്ന് പറഞ്ഞ് നടക്കുന്ന ആ പരിപാടിയുടെ ഒരു ആമ്പിയൻസ് എന്ന് പറയുന്നത്, അത് ഒരു കോൺഫിഡൻസുള്ള ഒരു ആമ്പിയൻസ് ആണ്. ഒരു സിനിമയിലെ ഒരു രംഗമാണ് എനിക്കിപ്പോൾ ഓർമ്മവരുന്നത്. ബിഗ് ബി എന്ന സിനിമയിൽ, മമ്മൂട്ടി കുറച്ച് ഗുണ്ടകളെ തല്ലാൻ പോവുമ്പോൾ, മമ്മൂട്ടിയുടെ കൂടെയുണ്ടായിരുന്നു ഒരു നരന്ത് പയ്യൻ, ഒരു ഗുണ്ടയെക്കേറിയങ്ങ് തല്ലുന്നു. അപ്പോൾ മമ്മൂട്ടി നീ എന്തിനാണ് തല്ലിയത് എന്ന് ചോദിക്കുമ്പോൾ, ഒരു സ്റ്റെലിന് അവിടെ ഇരിക്കട്ടെ, എന്നാണ് അവൻ പറഞ്ഞത്. എന്നുപറഞ്ഞപോലെ, അവിടെ ഒരു ആമ്പിയൻസിലൂടെ കിട്ടിയിട്ടുള്ള കോൺഫിഡൻസിൽ, ഇവിടെ പുരോഗമനത്തിന്റെ ഏറ്റവും വലിയ വക്താക്കളായി നടിച്ചു നടന്നിരുന്ന, ഇടതുപക്ഷത്തിന്റെ പ്രതിനിധിയായ അനിൽകുമാർ നടത്തിയ ഒരു തള്ളായിരുന്നു സത്യത്തിൽ അത്.

പറഞ്ഞ കാര്യത്തിൽ തെറ്റുണ്ടോ എന്ന് ചോദിച്ചാൽ ഒരു തെറ്റുമില്ല. എന്റെ ചോദ്യം ഹിജാബ് അഥവാ തട്ടം എന്നത് വസ്ത്രം ആണോ എന്നാണ്. ഞാൻ നൂറ്റിയെന്ന് ശതമാനവും ഉറപ്പിച്ചുപറയുന്നു അത് വസ്ത്രമല്ല. ഇറാനിൽ ഹിജാബിന് എതിരെ നടന്നുകൊണ്ടിരിക്കുന്ന ആ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ, ഞാൻ പറയുന്നു ഈ ഹിജാബിന്റെ ഒക്കെ അർത്ഥം എന്നു പറയുന്നത് ചാസ്റ്റിറ്റി എന്ന വാക്കുമായി ചേർത്ത്് പറയാവുന്നതാണ്. അത് ഒരു മതചിഹ്നമാണ്. ഇവിടെ അനിൽകുമാർ പറഞ്ഞത്, തട്ടം എന്ന ആ വാക്ക് മാറ്റിയിട്ട്, പൂണുൽ എന്ന് സങ്കൽപ്പിക്കുക. ഇടതുപക്ഷം നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് തിരുവനന്തപുരത്തുള്ള നമ്പൂതിരിമാർ പൂണുൽ പൊട്ടിച്ചെറിഞ്ഞത് എന്ന് പറഞ്ഞാൽ, എങ്ങനെ ആയിരിക്കും ഇവിടുത്തെ പ്രതികരണം. അപ്പോൾ പൂണൽ പൊട്ടിക്കൽ എന്നതിനെ ഒരു പുരോഗമനമായിട്ട് കാണാൻ നമുക്ക് കഴിയുന്നു. അവിടെ നമുക്ക് കൃത്യമായിട്ട് മനസ്സിലാക്കാൻ കഴിയും അത് വസ്ത്രമല്ല ഒരു ചിഹ്നം ആണ് എന്ന്.

ഇവിടെ മതസ്വാതന്ത്ര്യമുണ്ട്. പക്ഷേ ഇവിടെ ഇവർ മതസ്വാതന്ത്ര്യം എന്ന പേരിൽ പറഞ്ഞുവെക്കുന്ന തട്ടം എന്നത് ഒരു അടിച്ചമർത്തലിന്റെ പ്രതീകമാണ്. അത് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഗതിയാണ്. അത് ചെറിയ തോതിലെങ്കിലും ഉള്ളിൽ കിടക്കുന്നതുകൊണ്ടാണേല്ലൊ, അദ്ദേഹം അങ്ങനെ പറഞ്ഞത്. സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലുകളെ ചോദ്യം ചെയ്യാൻ എടുത്തുപറയുന്ന ഒരു ഉപമ മാത്രമാണിത്. അത്രയേ ഉള്ളൂ. അല്ലാതെ അത് ഇടരുത് എന്നോ, ഇടിക്കില്ലേന്നോ, ഇട്ടാൽ അഴിച്ചുവെപ്പിക്കും ഒന്നും അവിടെ പറഞ്ഞിട്ടില്ല.

സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലിൽനിന്ന് അവർ പുറത്തുവരുന്നുണ്ട് എന്ന് അറിയാതെയാണെങ്കിലും ഒരു പൊതുവേദിയിൽ പറയുന്നത് നല്ലതാണ്. അത് പറയാനുള്ള പൂർണ്ണ സ്വതന്ത്ര്യം അനിൽകുമാറിന് ഉണ്ട്. അദ്ദേഹത്തിന്റെ ഫ്രീഡം ഓഫ് എക്സ്പ്രഷന് ഒപ്പമാണ് നാം നിൽക്കുന്നത്. ഗണപതിയെക്കുറിച്ച് പറഞ്ഞപ്പോൾ സിപിഎം എങ്ങനെയാണ് ഷംസീറിന് സപ്പോർട്ട് കൊടുത്തത്, സമാനമായ ഒരു സപ്പോർട്ട് ഇവിടെ അനിൽകുമാറിനും കൊടുക്കേണ്ടതായിരുന്നു. പക്ഷേ ഇപ്പുറത്ത് ഇസ്ലാം ആയതുകൊണ്ട്, മുട്ടുകുത്തി വീണരിക്കയാണ്. വളരെ നാണം കെട്ട രീതിയാണ് നമ്മൾ ഇപ്പോൾ കണ്ടുവരുന്നത്. ''- ആരിഫ് ഹുസൈൻ പറയുന്നു.