തിരുവനന്തപുരം: ഇടുക്കിയെയും തമിഴ്‌നാടിനെയും വിറപ്പിച്ച അരിക്കൊമ്പനെ  തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ട സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങളിലെ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ ജാഗ്രത. തിരുനെൽവേലിക്കടുത്ത് കുറ്റിയാർ, കോതയ്യാർ, ആനനിരത്തി വനമേഖലകളിലൂടെ അരിക്കൊമ്പന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകും. അപ്പർ കോതയാറും നെയ്യാർ വന്യജീവി സങ്കേതവുമായുള്ള ആകാശദൂരം വെറും 10 കിലോമീറ്റർ മാത്രമാണ്.

ചെങ്കുത്തായ മലനിരകളും കുത്തിറക്കങ്ങളും ഉള്ള നിബിഡ വനമേഖല ആയ ഈ പ്രദേശത്ത് കൂടെ അരി കൊമ്പന് വെറും 20 മുതൽ 30 വരെ കിലോമീറ്റർ സഞ്ചരിച്ചാൽ നെയ്യാർ വന്യജീവി സങ്കേതത്തിലാ തൊട്ടടുത്ത അഗസ്ത്യ വനം ബയോളജിക്കൽ പാർക്കിലോ എത്താം. കലക്കാനം മുണ്ടൻ തുറൈ കടുവ സങ്കേതവുമായി അതിർത്തി പങ്കിടുന്ന കന്യാകുമാരി വന്യജീവി സങ്കേതത്തിലും അരി കൊമ്പന് നിഷ്പ്രയാസം കടക്കാനാകും. തോട്ടം മേഖലയും അതുപോലെ ജനവാസ കേന്ദ്രവും ഇവിടെ കൂടുതലാണ്. അരി കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിക്കുന്ന കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട് വനം വകുപ്പുമായും ആശയ വിനിമയം നടത്തുന്നുണ്ട്.

തുറന്ന് വിട്ട അതേ സ്ഥലത്ത് തന്നെ അരി കൊമ്പൻ നിൽക്കുന്നതായാണ് അവസാന സിഗ്‌നൽ നൽകുന്ന വിവരം. ആന പാതിമയക്കത്തിലാണെന്നാണ് വനം വകുപ്പിന്റെ അനുമാനം. മയക്കം വിട്ടാൽ ആന കട്ടിനുള്ളിലേക്ക് നടന്നു തുടങ്ങും. ആനനിരത്തിയിലൂടെ ഒറ്റ രാത്രി കൊണ്ട് അരിക്കൊമ്പന്നെയ്യാർ വനമേഖലയിലേക്ക് കടക്കാനാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്ന് കാരയാറും ക്ടാവെട്ടിപ്പാറയും പേയാറും പാണ്ടിപ്പത്തും, കല്ലാർ ബോണക്കാടും താണ്ടി വിതുരയിലെത്താനും അധിക സമയം വേണ്ടന്നാണ് വനം വകുപ്പ് അനുമാനം.

കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ ആനനിരത്തിയിൽ നിന്നു കേരളത്തിലേക്കും തിരിച്ചും കാട്ടാനക്കൂട്ടം വരുന്നതും പോകുന്നതും പതിവാണ്. കാലാവസ്ഥ വ്യതിയാനം ഉള്ളപ്പോഴാണ് ആനക്കൂട്ടത്തിന്റെ അതിർത്തികടക്കൽ. ഈ പ്രദേശത്തിന്റെ ഒരു ഭാഗം ജനവാസമേഖലയുമാണ്. നെയ്യാർ വനമേഖലയുടെ ഒരു ഭാഗത്തും ജനവാസമേഖലകൾ കൂടുതലാണ്. ആനനിരത്തിയിലെ റബർ തോട്ടങ്ങൾ വൻതോതിൽ മുറിച്ചതിനാൽ ഇവിടം കാടിനു സമാനമാണ്.

തിരുവനന്തപുരത്തു നിന്നും 152 കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടൻതുറൈ കടുവ സങ്കേതം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യമല ബയോളജിക്കൽ റിസർവിന്റെ ഭാഗം കൂടിയാണ് ഇത്. ഉൾവനത്തിൽ തുറന്നു വിട്ടാലും ജനവാസമേഖലയിലേക്ക് കാട്ടാന വരുമെന്ന് തെളിഞ്ഞതായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ തന്നെ സ്ഥിരീകരിക്കുമ്പോൾ അരിക്കൊമ്പൻ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്ന പാണ്ടിപ്പത്ത് വഴിയും അരിക്കൊമ്പന് കേരളത്തിലേക്ക് പ്രവേശിക്കാനാകും. ഒരു ദിവസം 40 മുതൽ 100 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകും കാട്ടാനകൾക്ക്. കാട്ടാക്കടയ്ക്കു സമീപം കുറ്റിച്ചൽ പഞ്ചായത്തിൽപ്പെട്ട പരുത്തിപ്പള്ളി റേഞ്ചിൽ അരിക്കൊമ്പൻ എത്താനുള്ള സാധ്യതയും ചിലർ ചൂണ്ടിക്കാട്ടുന്നു.

അഗസ്ത്യാർ വനമേഖല ഭാഗത്ത് ചെങ്കുത്തായ പ്രദേശങ്ങളുള്ളതിനാൽ ഇതു വഴി നെയ്യാറിലെത്താൻ അരിക്കൊമ്പന് ബുദ്ധിമുട്ടുകളേറെയായിരിക്കുമെന്നും ചില വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, നാഗർകോവിൽ മേഖലയിലെ മലനിരകൾക്ക് അധികം ഉയരമില്ല. ഇവിടെ തോട്ടം മേഖല കൂടുതലാണ്. അതു കൊണ്ട് അരി കൊമ്പൻ അങ്ങോട്ട് നീങ്ങിയാലും അത്ഭുതപ്പെടാനില്ല.

അതേ സമയം, അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതായി തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൗത്യം പൂർത്തിയാക്കി വനംവകുപ്പ് സംഘം മടങ്ങിപ്പോയി. വനംവകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ നിരീക്ഷിക്കും. കുതിരവെട്ടി ഗസ്റ്റ് ഹൗസിലാണ് ഉദ്യോഗസ്ഥർ തുടരുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് അരി കൊമ്പനെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ട്. ആന മണിക്കൂറായി അനിമൽ ആംബുലൻസിലായിരുന്നു. ഉൾക്കാടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്‌നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പൻ വീണ്ടും തമിഴ്‌നാടിലെ ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോൾ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.