കോഴിക്കോട്: ഉന്തിയ പല്ലുമൂലം ആദിവാസി യുവാവിന് സർക്കാർ ജോലി നഷ്ടപ്പെട്ടുവന്ന വാർത്ത കേരളം ഏറെ ചർച്ചചെയ്തതാണ്. ആദിവാസികൾക്കു മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ച മുത്തു എന്ന ഉദ്യോഗാർഥിയാണ് ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനായത്. ഇതോടെ സോഷ്യൽ മീഡിയയിൽ പിഎസ്‌സിക്കെതിരെ രോഷം ഉയർന്നിരുന്നു.

എന്നാൽ പിഎസ്‌സിയുടെ പ്രശ്നമല്ല ഇതെന്നും ബ്രിട്ടീഷ് കാലത്ത് തുടങ്ങിയ മെഡിക്കൽ സമ്പ്രദായങ്ങൾ അന്ധമായി പിന്തുടരുന്നത്കൊണ്ടാണെന്നുമാണ് ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉന്തിയ പല്ലുള്ളതുകൊണ്ട് ഒരാൾക്ക് ഫോറസ്റ്റ് ഓഫീസറുടെ ജോലിചെയ്യുന്നതിൽ ഒരു തടസ്സവും പ്രത്യക്ഷമായി ഇല്ല. മാത്രമല്ല വിവിധ ദന്തശസ്ത്രക്രിയകളും, മേക്ക്ഓവറകും നിലനിൽക്കുന്ന ഇക്കാലത്ത് ഇതും ഭേദമാക്കാൻ കഴിയും. അതിനാൽ ഉദ്യോഗാർഥിയെ തള്ളുകയല്ല ഒരു അവസരം കൂടി കൊടുക്കുകയാണ് വേണ്ടതെന്നും പൊതുവേ ആവശ്യം ഉയരുന്നുണ്ട്.

നടപടിയെടുക്കേണ്ടത് സർക്കാർ

ഉന്തിയ പല്ലുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ നിയമന ചട്ടങ്ങളിൽ (സ്പെഷൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് പിഎസ്‌സി വൃത്തങ്ങൾ അറിയിക്കുന്നത്. യൂണിഫോം തസ്തികളിൽ അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയുടെ യോഗ്യത നിശ്ചയിക്കുന്നത്. നിയമന ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്ന വിധം വേണം മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ.

യൂണിഫോം തസ്തികകളിൽ പറയുന്ന ശാരീരിക യോഗ്യതകൾ ഇങ്ങനെ: ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കളർ ബ്ലൈൻഡ്നസ് അടക്കമുള്ള വൈകല്യങ്ങൾ അയോഗ്യതയായി കണക്കാക്കും. മുട്ടു തട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ, വൈകല്യമുള്ള കൈകാലുകൾ, കോമ്പല്ല് (മുൻപല്ല്), ഉന്തിയ പല്ലുകൾ, കൊഞ്ഞ, കേൾവിയിലും സംസാരശേഷിയിലുമുള്ള കുറവുകളും അയോഗ്യതയാണ്. ശാരീരിക യോഗ്യതയും കണ്ണട കൂടാതെയുള്ള കാഴ്ച ശക്തിയും തെളിയിക്കുന്നതിന് സർക്കാർ സർവീസിലുള്ള അസി.സർജൻ അല്ലെങ്കിൽ ജൂനിയർ കൺസൾട്ടന്റിന്റെ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫിസറിൽനിന്നു ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അസ്സൽ കായിക ക്ഷമതാ പരീക്ഷയുടെ സമയത്ത് ഹാജരാക്കണം.

ഉന്തിയ പല്ലുകൾ എന്ന് മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാൽ അയോഗ്യനാക്കാതെ പിഎസ്‌സിക്കു മറ്റു വഴികളില്ല. ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട കായികക്ഷമതാ ബോർഡാണ് പരിശോധന നടത്തുന്നത്. ഇതു കഴിഞ്ഞാലും, ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ ജോലിയിൽ കയറുന്നതിനു മുൻപ് വകുപ്പ് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. ഈ ഘട്ടത്തിലും അയോഗ്യനാകാം. പിഎസ്‌സി നിയമന ശുപാർശ കൊടുത്താലും വകുപ്പിന്റെ മെഡിക്കൽ പരിശോധനയും കഴിഞ്ഞാലേ പരിശീലനത്തിനു വിളിക്കൂ. വർഷങ്ങളായി ഈ നിയമമാണ് നിലനിൽക്കുന്നത്.

നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണോ എന്നത് സർക്കാർ വിവിധ വകുപ്പുകളുമായി ആലോചിച്ച് എടുക്കുന്ന നയപരമായ തീരുമാനമാണ്. പുതിയ വിവാദത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആണ് തീരുമാനം എടുക്കേണ്ടത്.

സൈന്യത്തിലും അയോഗ്യത

ബ്രിട്ടീഷ് കാലത്ത് സൈനിക റിക്രുട്ട്മെന്റിന് വേണ്ടിയുള്ള നിയങ്ങൾ ഇപ്പോഴും അതേ പടി തുടരുകയാണ്. ഫൈമോസിസ് എന്ന് ലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥയുള്ളവരെ സൈന്യത്തിൽ എടുക്കില്ല. ചെവിയിലെ ചെപ്പിതൊട്ട്, ഫംഗസ്് രോഗംപോലും ഇപ്പോഴും അയോഗ്യതയാണ്. ഇതുസംബന്ധിച്ച് ഡോ മനോജ് വെള്ളനാട് ഇങ്ങനെ കുറിക്കുന്നു. -''ഫൈമോസിസ് (ലിംഗാഗ്രചർമ്മം പുറകോട്ട് മാറാത്ത അവസ്ഥ) ഉള്ളവരെ പട്ടാളത്തിൽ എടുക്കാത്തതെന്താണെന്ന് ആ വിഷയം കേൾക്കുമ്പോഴൊക്കെ ചിന്തിക്കാറുണ്ട്. ഇപ്പോഴും ഉത്തരം അറിയില്ല. അതുപോലെ ഹെർണിയ, വെരിക്കോസീൽ തുടങ്ങിയ പ്രശ്നങ്ങളും ടെമ്പററി റിജക്ഷന് കാരണമാകാമത്രേ. ഈ വക പ്രശ്നങ്ങളുള്ളവർ സർജറി ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റുമായി ചെല്ലുമ്പോൾ അവർക്ക് ജോലി കിട്ടാറുമുണ്ട്.

ഓരോ ജോലിക്കും ഇതുപോലെ പ്രത്യേകം ശാരീരിക ക്ഷമതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് മിക്കവാറും എല്ലാവർക്കുമറിയാം. പല്ലുന്തിയതിന്റെ പേരിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ജോലി കിട്ടാതെ പോയ ഒരു യുവാവിന്റെ വാർത്തയാണ് ഇന്നത്തെ മെയ്ൻ. ആ ജോലിയുടെ നോട്ടിഫിക്കേഷനിൽ പല്ലുന്തിയവരെ എടുക്കില്ലായെന്ന് പ്രത്യേകം എഴുതിയിട്ടുമുണ്ട്.

പല്ലിന്റെ ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യപ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് എല്ലായിടത്തുമുണ്ട്. അദ്ദേഹം ഒരു ആദിവാസി യുവാവാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ ഏത് സർക്കാർ ഡെന്റൽ കോളേജിലും ഏതൊരു വിലയേറിയ ചികിത്സയും അദ്ദേഹത്തിന് സൗജന്യമായി തന്നെ ലഭിക്കുകയും ചെയ്യും. എന്തുകൊണ്ടത് നേരത്തേ ചെയ്തില്ലാ എന്ന് ഇനി ചോദിച്ചിട്ട് കാര്യമില്ല.

വസ്തുതകൾ ഇങ്ങനെ വ്യക്തമായിരിക്കുമ്പോൾ ആദിവാസി യുവാവിന് മനപ്പൂർവ്വം ജോലി നിഷേധിച്ചു എന്ന രീതിയിൽ വാർത്തകൾ കൊടുക്കുന്നത് ശരിയല്ലാന്നാണ് എന്റെ അഭിപ്രായം. ജടഇ അയാൾക്ക് പല്ല് ശരിയാക്കി വരാൻ സമയം അനുവദിക്കുകയും ശരിയാക്കി വരുമ്പോൾ അർഹനെങ്കിൽ ജോലി നൽകുകയും ചെയ്യുക. അതല്ലേ ശരി? അങ്ങനെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുന്നു.. എന്നാലും പട്ടാളക്കാർക്ക് ഫൈമോസിസ് ഉണ്ടായെന്ന് വച്ച് എന്താ കുഴപ്പം? എനി ഐഡിയ''- ഡോ മനോജ് വെള്ളനാടിന്റെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്.

ഇപ്പോൾ ഗ്രനേഡ് കടിച്ച് പൊട്ടിക്കേണ്ടതുണ്ടോ?

എന്തുകൊണ്ടാണ് പട്ടാളത്തിൽ പല്ലുന്തിയവരെ എടുക്കാത്തതെന്നും സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നുണ്ട്. ശാസ്ത്ര പ്രഭാഷകനും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''പട്ടാളം, പൊലീസ് പോലുള്ള യൂണിഫോം ഉള്ള ജോലികളിൽ പല്ലുന്തിയവരെ എടുക്കാത്തതിന്റെ കാരണം എനിക്കറിയില്ല. ഞാനൊരു ഡെന്റൽ ഡോക്ടർ ആയിട്ടും. പട്ടാളത്തിൽ ചേരാൻ പോകുന്നവർ ധാരാളം പേർ പല്ല് പരിശോധിപ്പിക്കാനൊക്കെ വരാറുണ്ട്.

ഇപ്പോൾ പ്രസക്തിയില്ലാത്ത എന്നാൽ പണ്ട് പ്രസക്തിയുണ്ടായിരുന്ന എന്തോ കാരണത്താലാണ് അത്തരമൊരു നിയമം എന്നാണ് ഞാൻ അനുമാനിക്കുന്നത്. പണ്ടത്തെ പ്രാകൃതമായ ഗ്രനേഡിന്റെ പിൻ കടിച്ചൂരണം എന്നതുകൊണ്ടായിരിക്കാം ഇത്തരമൊരു നിയമം ഉണ്ടാക്കിയത്. ഇന്നാരും ഗ്രനേഡിന്റെ പിൻ കടിച്ചൂരാറില്ല. (നമ്മുടെ സിനിമയിലല്ലാതെ.) അതുകൊണ്ട് അത്തരമൊരു നിയമവും ഇനി അത്യാവശ്യമില്ല.ഏതോ അന്തമില്ലാത്ത വങ്കൻ പട്ടാളത്തിലെ ആ നിയമം എല്ലാ യൂണിഫോം സർവീസിനും പകർത്തി വച്ചു. പണ്ടത്തെ ഒരു കഥയിലെ യാഗത്തിന് ഒരു പൂച്ചയെ തൂണിൽ കെട്ടിയിടുന്ന നിയമം ഉണ്ടായ പോലെ.''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പക്ഷേ എയർഫോഴ്സിലൊക്കെ എഴുത്ത് പരീക്ഷയുൾപ്പടെയുള്ള ടെസ്റ്റുകൾ പാസ്സായവരോട് മെഡിക്കലിൽ എന്തെങ്കിലും ചെറിയ അപാകതകൾ കണ്ടെത്തിയാൽ അത് പരിഹരിച്ച് വരാണ് പറയാറ്. ഉദാഹരണമായി ലിംഗത്തിന്റെ ഫോർസ്‌കിൻ വേണ്ടത്ര നീങ്ങുന്നില്ലെങ്കിൽ ചെറിയൊരു സർജറി നടത്തി വരാൻ അവർ ആവശ്യപെടാറുണ്ട്. ചെയ്തിട്ട് ചെല്ലുമ്പോൾ നിയമനം നൽകും. ഈ രീതി പിഎസ്‌സിയിലും ബാധകമാക്കണമെന്നാണ് ആവശ്യം.