കോഴിക്കോട്: 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററിയുടെ പേരിൽ രാജ്യം ഇളകി മറയുന്ന ദിവസമാണല്ലോ കടന്നുപോയത്. ഇന്ത്യയിൽ യു ട്യുബിൽ നിന്നും ട്വിറ്ററിൽ നിന്നും നീക്കം ചെയ്യപ്പെട്ട ഈ ഡോക്യൂമെന്ററി ഇപ്പോൾ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും പ്രദർശിച്ചിച്ചുവരികയാണ്.

തങ്ങളുടെ നൂറുവർഷത്തെ ചരിത്രത്തിനിടയിൽ, അഫ്ഗാനിസ്ഥാൻ തൊട്ട് അന്റാർട്ടിക്ക വരെയുള്ള വിവിധ സ്ഥലങ്ങളിലായി ബിബിസി എടുത്ത നിരവധി ഡോക്യൂമെന്ററികളുടെ പൊതു സ്വഭാവമാണ് ഇതിനും. ഒരു സംഭവത്തിൽ ഉൾപ്പെട്ട ഇരകളുടെ അനുഭവങ്ങൾ, അന്വേഷണ ഉദ്യോഗസ്ഥർ, അക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവത്തകർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെയൊക്കെ അഭിമുഖങ്ങളിലുടെയും വസ്തുതാന്വേഷണത്തിലൂടെയുമാണ് ഇത് കടന്നുപോകുന്നത്. ഫലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കുറ്റപത്രമായി മാറുകയാണ് ഈ ഡോക്യുമെന്ററി.

കലാപമല്ല വംശഹത്യ

ഗുജറാത്ത് റയട്ട് അഥവാ കലാപം എന്ന വാക്കല്ല ജിനോസൈഡ് അഥവാ വംശഹത്യ എന്ന വാക്കാണ് ഡോക്യുമെന്ററി ഉപയോഗിക്കുന്നത്്. ഒരു വംശത്തെ ലക്ഷ്യമിട്ടുണ്ടായ ആസൂത്രിത കാലാപം തന്നെയാണ് അത് എന്നാണ് ബിബിസി പറഞ്ഞുവെക്കുന്നത്. എന്നാൽ ഗുജറാത്ത് കലാപ സമയത്തും പിന്നീടുമായി സാംസ്കാരിക- മനുഷ്യാവകാശ പ്രവർത്തകരും, തെഹൽക്ക സിറ്റിങ്ങ് ഓപ്പറേഷനിലും ഒക്കെ കണ്ടെത്തിയ കാര്യങ്ങൾ തന്നെയാണ് ബിബിസിയും അവർത്തിക്കുന്നത്. വെളിപ്പെടുത്തൽ എന്ന് പറയാവുന്നത്, ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ടിലെ കാര്യങ്ങളാണ്. ഇത് ഇത്രയും കാലം പുറത്തുവിട്ടിരുന്നില്ല. പക്ഷേ അതിലെ പല വിവരങ്ങളും മാധ്യമങ്ങൾ ചോർത്തിയിരുന്നു. ഡോക്യുമെന്ററിയിൽ ബ്രിട്ടീഷ് സർക്കാറിലെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നവർ റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതി തയാറാക്കിയാണ് ഗുജറാത്ത് കലാപം നടന്നതെന്ന് ബിബിസി പറയുന്നു.

2002ലെ വംശഹത്യയുടെ കാരണങ്ങൾ അറിയാൻ യുകെ സർക്കാർ ഔദ്യോഗികമായി നിയമിച്ച സംഘത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചാണ് രണ്ട് ഭാഗമായുള്ള ബിബിസി ഡോക്യുമെന്ററി. ഇതുവരെ പുറത്തുവരാതിരുന്ന അന്വേഷണറിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. വംശഹത്യാവേളയിൽ യുകെയുടെ വിദേശ സെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോ അടക്കം പല പ്രമുഖരുടെയും പ്രതികരണങ്ങളുമുണ്ട്.

കലാപത്തിന്റെ നേരിട്ടുള്ള ഉത്തരവാദി മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവ പങ്കുവഹിച്ചെന്ന് റിപ്പോർട്ട് പറയുന്നു. ജാക്ക് സ്ട്രോയും ഇത് സ്ഥിരീകരിക്കുന്നണ്ട്. പുറത്തുവന്നതിലും ഭീകരമാണ് കാര്യങ്ങളെന്നും റിപ്പോർട്ടിലുണ്ട്. മുസ്ലിം സ്ത്രീകൾ ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായിരുന്ന കലാപത്തിൽ ഹിന്ദു മേഖലകളിൽനിന്ന് മുസ്ലിങ്ങളെ ആട്ടിപ്പായിക്കുകയായിരുന്നു ലക്ഷ്യം എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരകളുടെ ശക്തമായ പ്രതികരണങ്ങൾ

കലാപത്തിലെ ഇരകളുടെ ശക്തമായ പ്രതികരണങ്ങളാണ് ഡോക്യുമെന്ററിയിലെ എറ്റവും തീക്ഷ്ണമായ ഭാഗം. ഗുൽഭർഗ സൊസൈറ്റിയിലെ കൂട്ടക്കൊലയെ കുറിച്ച് ദൃക്‌സാക്ഷിയായ ഇംത്തിയാസ് പഠാൻ, കോൺഗ്രസ് എം പിയായ ഇഹ്സാൻ ജാഫ്രിയുടെ കൊലപാതകത്തെ കുറിച്ച് പറയുന്നുണ്ട്. നൂറോളം പേർ അഭയം തേടിയ ജാഫ്രിയുടെ വീട് കലാപകാരികൾ വളഞ്ഞപ്പോൾ അദ്ദേഹം രക്ഷക്ക് വേണ്ടി സകലമാന നേതാക്കളോട് സഹായം തേടി. പക്ഷേ നിരാശയായിരുന്നു ഫലം. ഒടുവിൽ ജാഫ്രി ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ തന്നെ നേരിട്ട് വിളിച്ച് സഹായം തേടുന്നു. പക്ഷേ പരിഹാസമായിരുന്നു മറുപടിയെന്നും ഇംതിയാസ് പഠാൻ പറയുന്നു.

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ജാഫ്രി 'എന്നെ കൊന്നിട്ട് നിങ്ങൾക്ക് സന്തോഷം കിട്ടുമെങ്കിൽ എന്നെ കൊന്നോളൂ എന്നും, ഇവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും വെറുതെ വിടണമെന്നും, ഞാൻ താഴേക്ക് ഇറങ്ങി വരുകയാണ് എന്നെ കൊല്ലാം' എന്ന് പറഞ്ഞു കൊലയാളികൾക്കിടയിലേക്ക് നടന്നുപോയി. വൈകാതെ അദ്ദേഹത്തെ വെട്ടിയും കുത്തിയും തീവെച്ചും കൊല്ലുന്നു. ഇംതിയാസ് പഠാന്റെ ഈ വാക്കുകൾ, ഹൃദയഭേദകമായാണ് ബിബിസി ചിത്രീകരിക്കുന്നത്. അതുപോലെ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല, ഹരേൺ പാണ്ഡ്യവധം, സഞ്ജീവ്ഭട്ട്, ടീസ്റ്റ, ആർബി ശ്രീകുമാർ തുടങ്ങിയവരുടെ അറസ്റ്റ്, എന്നിവയും കാണിക്കുന്നുണ്ട്. അതോടെ ഒരു സിനിമയിൽ എന്ന പോലെ ഗുജറാത്ത് കലാപത്തിന്റെ വ്യാപ്തിയും, ആസുത്രണവും എല്ലാം പ്രേക്ഷകന്റെ മനസ്സിലേക്ക് കടുന്നുവരികയാണ്.

ഡോക്യമെന്ററിയിൽ മോദിയുടെ രൂപഭാവങ്ങൾ ഇന്ന് കാണുന്നതിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. കഷണ്ടിക്കാരനായ, പെറുക്കിപ്പെറുക്കി ഇംഗ്ലീഷ് പറയുന്ന, പരുത്തി വസ്ത്രം ധരിച്ച മോദിയാണ് ഡോക്യമെന്ററിയിലുള്ളത്. ഇന്ന് നാം കാണുന്നതാവട്ടെ ഇംഗ്ലീഷ് ഒഴുക്കോടെ പറയുന്ന, നെറ്റി വരെ മുടിയുള്ള ഇറ്റാലിയൻ വസ്ത്രം ധരിക്കുന്ന സുന്ദരനായ മോദിയെയാണ്. മോദിയുടെ ശരീരഭാഷയിലുള്ള വ്യത്യാസം പോലും ബിബിസി കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. ആർഎസ്എസിനെ കുറിച്ച് പറയുമ്പോൾ കാണിക്കുന്നത് വാളുമായി ആയുധ പരിശീലനം നടത്തുന്ന രംഗങ്ങളാണ് കാണിക്കുന്നത്. ഇതൊക്കെ ബിബിസി ഡോക്യുമെന്ററിയുടെ കൃത്യമായ രാഷ്ട്രീയം വെളിപ്പെടുത്തുന്നതാണ്.

പക്ഷേ ഇതിൽ ഇന്ത്യ നാളിതുവരെ കേട്ടിട്ടില്ലാത്ത ഒരു പുതിയ കാര്യമോ മോദിയെ ബോധപുർവം അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളോ ഉണ്ടെന്ന് തോനുന്നില്ല. ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ വിമർശനത്തിന് വരെ ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി പാത്രമായിരുന്നു. ഇന്ത്യൻ മാധ്യമങ്ങളും മോദിയെ നിശിതമായി വിമർശിച്ചിട്ടുണ്ട്. ഹീറോ ഓഫ് ദ ഹേട്രഡ് അഥവാ വെറുക്കപ്പെട്ടവരുടെ നായകൻ എന്ന് പറഞ്ഞായിരുന്നു, മോദിയുടെ ചിത്രം വെച്ച് ഇന്ത്യാ ടുഡെയുടെ ഒരു കവർ സ്റ്റോറി. മറ്റ് ദേശീയമാധ്യമങ്ങളും മോദിയെ കണക്കിന് വിമർശിച്ചിരുന്നു. പക്ഷേ ആ സമയം എല്ലാം കഴിഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ കാലുഷ്യം രാജ്യം ഒരുകണക്കിന് ഇല്ലാതാക്കി. കോടതികൾ മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. ഈ സമയത്ത് എന്തിനാണ്, പ്രധാനമന്ത്രിയെ അപമാനിക്കാൻ ഈ വിഷയം കുത്തിപ്പൊക്കുന്നത് എന്നാണ് ബിജെപി വൃത്തങ്ങളുടെ ചോദ്യം. പക്ഷേ ബിബിസി പറയുന്നത് എത്രകാലം കഴിഞ്ഞാലും ഒരു വിഷയം നിലനിൽക്കുമെന്നും, തങ്ങൾ ലോകവ്യാപകമായി നടത്തിയ വസ്തുതാന്വേഷണങ്ങളുടെ തുടർച്ചയാണ് ഇതെന്നുമെന്നുമാണ്. കെന്നഡിയുടെ മരണം തൊട്ട് സദ്ദാമിന്റെ കൊലവരെ അന്വേഷിച്ച് ഡോക്യൂമെന്ററിയാക്കിയത് മറക്കരുതെന്നും ബിബിസി വക്താക്കൾ ചൂണ്ടിക്കാട്ടുന്നു.