ദോഹ: നടിയും നിർമ്മാതാവുമായ പ്രിയങ്ക ചോപ്ര ജോനാസ്, എയ്റോനോട്ടിക്കൽ എഞ്ചിനീയറായസിരിഷ ബാൻഡ്ല, ബുക്കർ പുരസ്‌കാര ജേതാവായ ഗ്രന്ഥകാരി ഗീതാഞ്ജലിൽ ശ്രീ, സാമൂഹ്യ പ്രവർത്തകയായ സ്നേഹ ജ്വാല എന്നിവർ ബി ബി സിയുടെ ലോകത്തെ ഏറ്റവുമധികം സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. സ്ത്രീകൾ ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങൾ എടുത്തു കാണിക്കുവാനായി എല്ലാ വർഷവും ബി ബി സി ഈ പട്ടിക തയ്യാറാക്കാറുണ്ട്.

താഴെക്കിടയിൽ നിന്നുള്ളവർ മുതൽ ലോക നേതാക്കൾ വരെ ഈ പട്ടികയിൽ ഉൾപ്പെടാറുണ്ട്. സ്ത്രീകളുടേ അനുഭവങ്ങൾ ആഗോളാടിസ്ഥാനത്തിൽ തന്നെ നടത്തപ്പെടുന്ന അഭിമുഖങ്ങൾ, ഡോക്യൂമെന്ററികൾ, ഫീച്ചറുകൾ എന്നിവയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും ബി ബി സി ശ്രദ്ധിക്കാറുണ്ട്. ഈ പട്ടികയുടെ ചരിത്രത്തിൽ ഇതാദ്യമായി, മുൻകാലങ്ങളിൽ ഈ പട്ടികയിൽ ഇടം പിടിച്ച ചില വനിതകളോട് ഈ വർഷത്തേക്ക് സ്ത്രീകളെ നാമനിർദ്ദേശം ചെയ്യുവാനും ആവശ്യപ്പെട്ടിരുന്നു.

ബോളിവുഡിലെ വലിയ താരം എന്നാണ് പട്ടികയിൽ പ്രിയങ്കാ ചോപ്രയെ പരാമർശിച്ചിരിക്കുന്നത്. 60 ൽ അധികം ചിത്രങ്ങൾ ഇവരുടേതായിട്ടുണ്ട് എന്നും അതിൽ പറയുന്നു. മുൻ മിസ് വേൾഡ് കൂടിയായ പ്രിയങ്ക 2002 ൽ ആയിരുന്നു സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2015-ൽ ക്വാണ്ടികോ എന്ന സീരീസിൽ അഭിനയിച്ചതോടെ അമേരിക്കൻ നെറ്റ്‌വർക്ക് ഡ്രാമാ സീരീസുകളിൽ ആദ്യമായി പ്രധാന വേഷത്തിൽ എത്തുന്ന തെക്കൻ ഏഷ്യാക്കാരി കൂടിയായി അവർ.

യൂണിസെഫിന്റെ ഗുഡ്വിൽ അംബാസിഡർ കൂടിയായ പ്രിയങ്ക ചോപ്രക്ക് ഇന്ത്യയിൽ സ്വന്തമായി സിനിമ നിർമ്മാണ കമ്പനിയുമുണ്ട്. ചരിത്രപ്രാധാന്യമുള്ള 2021 യൂണിറ്റി 22 മിഷ്യന്റെ ഭാഗമായ സിരിഷ ബാൻഡ്ല ബഹിരാകാശത്തിന്റെ വക്കോളം പോയി എന്നാണ് പരാമർശിച്ചിരിക്കുന്നത്. അതുപോലെ ബുക്കർ പ്രൈസ് നേടിയ ആദ്യ ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ നോവലായ റേത് സമാധിയുടെ ഇംഗ്ലീഷ്, ഫ്രഞ്ച് പരിഭാഷകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഫ്രഞ്ച് പരിഭാഷ എമിൽ ഗുമിറ്റ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടിരുന്നു.

ഗാർഹിക പീഡനത്തിൽ തകർന്ന ജീവിതത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് സാമൂഹിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്നേഹ ജ്വാലയാണ് ഈ ലിസ്റ്റിൽ ഇടം നേടിയ നാലാമത്തെ ഇന്ത്യാക്കാരി. സ്ത്രീധനം പോരെന്ന് പറഞ്ഞ് ഭർത്താവ് തീകൊളുത്തിയ സ്ത്രീയാണ് ജ്വാല എന്ന് പട്ടികയിൽ അവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്.

ഖത്തർ ലോകകപ്പ് വേദിയിൽ ഇന്ത്യൻ സൗന്ദര്യം

ഈ മാസം പകുതിയോടെ ഖത്തറിലെ ലോകകപ്പ് വേദിയിൽ ഇന്ത്യൻ നടി ദീപിക പദുക്കോൺ ഫിഫ വേൾഡ് കപ്പ് അനാച്ഛാദനം ചെയ്യും. ഡിസംബർ 18 ലെ ലോകകപ്പ്‌ഫൈനലിനു മുൻപായി ഈ ചടങ്ങു നടക്കും. ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന ഒരു കായിക മത്സരത്തിന്റെ വേദിയിൽ ഇത്രയും പ്രാധാന്യമുള്ള ഒരു ചുമതല ലഭിക്കുന്ന ആദ്യ നടിയാണ് ദീപിക പദുക്കോൺ.

കഴിഞ്ഞയാഴ്‌ച്ച ഖത്തറിലെ ഫിഫ ഫാൻ ഫെസ്സ്റ്റിൽനോറ ഫത്തേയുടെ പ്രകടനം ഉണ്ടായിരുന്നു. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായലൈറ്റ് ദി സ്‌കൈക്ക് ചുവടു വെച്ച് അവർ കാണികളുടെ കൈയടി നേടിയിരുന്നുൽ അതുപോലെ അവരുടെ പ്രശസ്ത ഗാനങ്ങളായ ഓ സാക്കി സാക്കി പോലുള്ള ഗാനങ്ങളൂം ഉണ്ടായിരുന്നു.