തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും അലവൻസുകളും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ശുപാർശ. ശമ്പള വർധനയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് 35 ശതമാനം വരെ വർധനവിന് ശുപാർശ നൽകിയത്. 2022 ജൂലൈയിലാണ് കമ്മിഷനെ നിയമിച്ചത്.

അതേ സമയം ശമ്പളവർധനവിന് കമ്മിഷൻ ശുപാർശ ചെയ്തിട്ടില്ല. യാത്രാ ചെലവ്, ടെലഫോൺ ചെലവ്, ചികിത്സാ ചെലവ് തുടങ്ങിയവയിൽ കാലോചിത മാറ്റം വേണമെന്നാണ് ശുപാർശ. മന്ത്രിസഭായോഗം ശുപാർശയിൽ തീരുമാനമെടുക്കും. 70,000രൂപയാണ് എംഎൽഎയുടെ നിലവിലെ ശമ്പളം.

പ്രതിമാസ സ്ഥിര അലവൻസ് 2,000 രൂപ, മണ്ഡലം അലവൻസ് 25,000 രൂപ, ടെലിഫോൺ അലവൻസ് 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, മറ്റ് ആവശ്യങ്ങൾക്കുള്ള ചെലവുകൾ 8,000 രൂപ, മിനിമം പ്രതിമാസ ടിഎ 20,000 രൂപ, സ്വകാര്യ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഒരു വർഷത്തേക്ക് 3 ലക്ഷം രൂപ, നിയമസഭാ സമ്മേളനം ഉൾപ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ അലവൻസ് കേരളത്തിനകത്ത് ദിവസം 1000 രൂപ, ചികിത്സാ ചെലവ് മുഴുവൻ റീ ഇംബേഴ്‌സ്‌മെന്റ്., പലിശരഹിത വാഹന വായ്പ 10 ലക്ഷം രൂപ വരെ, ഭവന വായ്പ അഡ്വാൻസ് 20 ലക്ഷം രൂപ, പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം 15.000 രൂപ വീതമാണ് എംഎൽഎമാർക്ക് ആനുകൂല്യമായി ലഭിക്കുന്നത്.

അലവൻസുകളും ആനൂകൂല്യങ്ങളും 30% മുതൽ 35 % വരെ കൂട്ടാനാണ് നിലവിൽ കമ്മീഷൻ ശുപാർശ. യാത്ര ചെലവുകൾ, ഫോൺ സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവൻസുകളിലെല്ലാം വർധനവ് വേണമെന്നാണ് നിർദ്ദേശിക്കുന്നത്.

ദൈനം ദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ നായരെ കമ്മീഷനാക്കി നിയോഗിച്ചത്. കഴിഞ്ഞ ജൂലായിൽ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനപ്രകാരം കമ്മീഷനെ നിയോഗിച്ചപ്പോൾ ആറുമാസമായിരുന്നു കാലാവധി. ഇത് പിന്നീട് ഉത്തരവായി ഇറങ്ങിയപ്പോൾ കാലാവധി മൂന്ന് മാസമായി കുറച്ചു.

പഠനങ്ങൾക്ക് ശേഷം രണ്ടാഴ്ച മുമ്പ് കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ വ്യത്യാസം വരുത്താൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടില്ല. എന്നാൽ ടി.എ അടക്കമുള്ള അലവൻസുകളിലാണ് പ്രധാനമായും ശ്രദ്ധ കൊടുത്തത്. ടി.എ കിലോമീറ്ററിന് 15 എന്നത് 20 രൂപയാക്കി ഉയർത്തണമെന്നാണ് കമ്മീഷൻ നിർദ്ദേശം.

2018 ലാണ് ഇതിന് മുൻപ് ശമ്പള വർധന നടപ്പാക്കിയത്. ഇതനുസരിച്ച് മന്ത്രിമാർക്ക് നിലവിൽ 97,429 രൂപയും എംഎൽഎമാർക്ക് 70000 രൂപയും ആണ് നിലവിൽ ശമ്പളം. ഇതിന്റെ നല്ലൊരു ഭാഗം അലവൻസുകളാണ്. ഇത്തവണയും അലവൻസുകൾ വർധിപ്പിക്കാനുള്ള ശുപാർശയാണ് രാമചന്ദ്രൻ നായർ കമ്മീഷനും നൽകിയിരിക്കുന്നത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ തിരക്കിട്ട തീരുമാനമുണ്ടാകില്ലെന്നാണ് കരുതുന്നത്.

'എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളമായി അധികം വകയിരുത്താറില്ല. കഴിഞ്ഞ കമ്മീഷന്റെ കാലത്ത് അങ്ങനെ ഒരു നിർദ്ദേശം വന്നിരുന്നെങ്കിലും എല്ലാവരും ചേർന്ന് ശമ്പളം വർധിപ്പിക്കേണ്ടെന്നും കാലോചിതമായി അലവൻസുകൾ വർധിപ്പിച്ചാൽ മതിയെന്നുമാണ് നിർദ്ദേശിച്ചിരുന്നത്. അങ്ങനൊരു നിലപാട് ഉള്ളതിനാൽ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്തിയിട്ടില്ല. കാലോചിതമായി പുതുക്കണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് കമ്മീഷനെ സർക്കാർ നിയോഗിച്ചത്. രണ്ടാഴ്ചയ്ക്ക് മുമ്പ് അത് സമർപ്പിക്കുകയും ചെയ്തു. അലവൻസുകളിൽ ഏകദേശം 30 മുതൽ 35 ശതമാനം വരെ ഉയർത്താമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. അതിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും ജസ്റ്റിസ് രാമചന്ദ്രൻ നായർ പറയുന്നു.

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നത് കേരളത്തിലെ എംഎൽഎമാർക്കാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഈ കാലയളവിൽ തന്നെയായിരുന്നു മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം പരിഷ്‌ക്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ കേരളത്തിലെ എംഎൽഎമാരെക്കാൾ കുറഞ്ഞ ശമ്പളം വാങ്ങുന്നവരും കൂടിയ ശമ്പളം വാങ്ങുന്നവരുമുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോഴും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവിനെ കുറിച്ച് പഠിക്കാൻ ഏകാംഗ കമ്മിഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

മന്ത്രിമാർക്കും എംഎൽഎമാർക്കും 2018 ലാണ് അവസാനമായി ശമ്പളവർധന നടപ്പിലാക്കിയത്. 2018 മാർച്ച് 27ന് ശമ്പള വർധനവിനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. സംസ്ഥാനത്തു മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്നു 97,429 രൂപയായും എംഎൽഎമാരുടേത് 39,500 രൂപയിൽനിന്ന് 70,000 രൂപയായും വർധിപ്പിച്ചു. ശമ്പള വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതു സംബന്ധിച്ചു ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിഷൻ ശുപാർശ ചെയ്തതിലും കുറഞ്ഞ നിരക്കാണു മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിമാരുടെ ശമ്പളം 1.43 ലക്ഷം രൂപയാക്കി ഉയർത്തണമെന്നായിരുന്നു കമ്മിഷന്റെ ശുപാർശ.

ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തുക കുറവാണെന്നാണ് എംഎൽഎമാരിൽ പലരുടെയും അഭിപ്രായം. 70000 രൂപയിൽനിന്ന് പാർട്ടിക്കു ലെവി കൊടുക്കുന്നവരുമുണ്ട്. ഇതിനു പുറമേ ഡ്രൈവർക്കും മണ്ഡലത്തിലെ ഓഫിസ് ജീവനക്കാരനും ശമ്പളം കൊടുക്കണം. സഹായം അഭ്യർത്ഥിക്കുന്നവർക്ക് സ്വന്തം കീശയിൽനിന്ന് പണം നൽകേണ്ട സാഹചര്യം ഉണ്ടാകും. വിവിധ പദ്ധതികൾ അവലോകനം ചെയ്യാനെത്തുമ്പോൾ കൂടെയുള്ള ഉദ്യോഗസ്ഥരുടെ ഭക്ഷണ കാര്യങ്ങളും നോക്കേണ്ടി വരും. മണ്ഡലത്തിലുള്ളപ്പോൾ വിവിധയിടങ്ങൾ സന്ദർശിക്കേണ്ടിവരും. ഇപ്പോഴത്തെ ഇന്ധനചെലവ് താങ്ങാൻ കഴിയാത്തതാണെന്നും എംഎൽഎമാർ പറയുന്നു.

രാജ്യത്ത് ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്നത് തെലങ്കാനയിലെ എംഎൽഎമാരാണ്. ശമ്പളവും മറ്റു മണ്ഡല അലവൻസുമായി 2,50,000 രൂപ ലഭിക്കും. മീറ്റിങ്ങുകളിൽ പങ്കെടുക്കാൻ 1000 രൂപ അലവൻസ്. ശമ്പളവും അലവൻസും അടക്കം മഹാരാഷ്ട്രയിൽ 232000 രൂപയും കർണാടകയിൽ 205000 രൂപയും എംഎൽഎമാർക്കു ലഭിക്കും. കുറവ് തുക ലഭിക്കുന്നത് ത്രിപുരയിലാണ്- 34,000 രൂപ.