കണ്ണൂർ: ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഫീൽഡ് സർവേ ആരംഭിച്ചു. ബഫർ സോണിൽ ഉൾപ്പെടുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ കണക്കെടുക്കുന്നതിന്റെ ഭാഗമായാണ് ഫീൽഡ് സർവ്വേ കേളകത്ത് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേരള സർക്കാർ മൂന്നു മാപ്പ് പുറത്തിറക്കിയെങ്കിലും ആദ്യ മാപ്പിന്റെ അടിസ്ഥാനത്തിനാണ് സർവ്വേ നടത്തുന്നത്. മാപ്പിൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ആറളം കേളകം മേഖലയിൽ മാർക്ക് ചെയ്യപ്പെട്ടിട്ടുള്ള ബഫർ സോൺ രേഖകളും ആയി ബന്ധപ്പെട്ടാണ് സർവ്വേ നടത്തുക. ബഫർ സോണിൽ ഉൾപ്പെട്ട പ്രദേശങ്ങൾക്ക് ജീയോ ടാഗ് പ്രദേശങ്ങൾക്ക് നൽകുക എന്നതാണ് ലക്ഷ്യം.

ബഫർ സോണുമായി ബന്ധപ്പെട്ട ചുവന്ന മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്ക് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ കെട്ടിടങ്ങളും മറ്റ് വീടുകളും ഉണ്ടോ എന്നുള്ള വിവരമാണ് ശേഖരിക്കുന്നത്. പ്രദേശത്തുള്ള കുടുംബശ്രീയുടെ പ്രവർത്തകർ മുഖേനയാണ് കണക്കെടുക്കുന്നത്. കണക്കെടുപ്പിന്റെ വിവരം സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം എട്ടാണ്. ചെട്ടിയാംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ പരിസരത്ത് നിന്നാണ് ഇന്ന് സർവേ ആരംഭിച്ചത്.

കേളകം പഞ്ചായത്തിന്റെ ആറു വാർഡുകൾ ബഫർ സോണിന്റെ കീഴിൽ വരുന്നതാണ്. മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഫീൽഡ് വെരിഫിക്കേഷൻ നടത്തുന്നത്. പക്ഷേ ഈ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പരാതി വ്യാപകമാണ്. കൃത്യമായി എല്ലാ ഫോണുകളിലും ആപ്ലിക്കേഷൻ വർക്ക് ചെയ്യുന്നില്ല എന്നാണ് പരാതി. ഈ പ്രദേശത്ത് ഇന്റർനെറ്റ് കണക്ടിവിറ്റിയുടെ വേഗത വളരെ കുറവാണ്. ഇതും പരാതികൾക്ക് വഴി വെക്കുന്നുണ്ട്.

കേരള ഇൻഡിപെൻഡന്റ്‌സ് ഫാംസ് അസോസിയേഷൻ നടത്തിയ ഡാറ്റാ കലക്ഷനിൽ 1400 അധികം കെട്ടിടങ്ങളുടെ ആപ്ലിക്കേഷൻ പെർഫോമ മുഖേനെ സംസ്ഥാന സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ സർവ്വേ തീർക്കണം എന്നത് കുടുംബശ്രീപ്രവർത്തകർക്ക് തലവേദനയാണ്. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ആറളം, കേളകം മേഖല. കൃത്യമായ ഇന്റർനെറ്റ് സൗകര്യം ഈ പ്രദേശത്ത് ഇല്ല താനും. അതുകൊണ്ടുതന്നെ സർവ്വേ എട്ടാം തീയതിക്കുള്ളിൽ തീർക്കുക എന്നത് എത്രത്തോളം നടക്കുന്ന കാര്യമാണ് എന്ന് കുടുംബശ്രീ പ്രവർത്തകർക്ക് പോലും അറിയില്ല.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കൽ അസിസ്റ്റന്റ് അബ്ദുൽ റഹ്‌മാൻ പരിശീലനം നൽകി. പഞ്ചായത്ത് സെക്രട്ടറി തോമസ് പുളിക്കകണ്ടം, സജീവൻ പാലൂമി, പ്രീത ഗംഗാധരൻ, ലീലാമ്മ, ഷാന്റി സജി, ബിനു മാനുവൽ, മനോഹരൻ മരാടി, ആറളം വൈൽഡ് ലൈഫ് റേഞ്ച് ഓഫിസർ പ്രസാദ്, സജീവൻ, വില്ലേജ് ഓഫിസർ ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.