-തിരുവനന്തപുരം: ലോട്ടറി അടിച്ചാൽ ജീവിതത്തിലെ ഭാഗ്യം അപ്പാടെ പോകും എന്നൊക്കെ പണ്ടൊരു അന്ധവിശ്വാസമുണ്ടായിരുന്നു. സമ്മാനം,, വിശേഷിച്ചും ബമ്പർ അടിക്കുമ്പോൾ ഉള്ള സന്തോഷത്തിന് ഒപ്പം സമ്മർദ്ദവും ചെറുതല്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത കുറെ നിമിഷങ്ങൾ. സെപ്റ്റംബർ 18, ശ്രീവരാഹം സ്വദേശി ഏനൂപിനും ഇതുവരെ സന്തോഷ ദിവസമായിരുന്നു. കേരള ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം നേടിയ ഭാഗ്യശാലി. നറുക്കെടുപ്പിന് തലേന്ന് രാത്രി മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത 50 രൂപ കൂടി ചേർത്ത് 500 രൂപയുടെ ടിക്കറ്റ് വാങ്ങിയത്, പിറ്റേന്ന് ഫലം അറിഞ്ഞപ്പോഴുള്ള ഞെട്ടൽ, സന്തോഷ കണ്ണീർ, അങ്ങനെ എന്തെല്ലാം. എന്നാൽ ഇപ്പോൾ മാസ്‌ക് വച്ച് പോലും പുറത്തിറങ്ങാനാകുന്നില്ലെന്ന് അനൂപ് പറയുന്നു. ഡിയോ സന്ദേശത്തിലൂടെയാണ് അനൂപിന്റെ പ്രതികരണം.

ഇതുവരെ സമ്മാനത്തുക ലഭിച്ചിട്ടില്ല. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണെന്നും അനൂപ് പറഞ്ഞു. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ പഴവങ്ങാടി ഭഗവതി ഏജൻസിയിലെ ജീവനക്കാരിയാണ്. സഹോദരിയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അനൂപ് ടിക്കറ്റെടുത്തത്. അനൂപിന്റെ വട്ടിൽ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്.

തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയിൽ നിന്നാണു പഴവങ്ങാടിയിൽ ടിക്കറ്റ് കൊടുത്തത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.

അനൂപിന്റെ പ്രതികരണം

''ലോട്ടറി അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ ദിവസവും കഴിയുമ്പോൾ അവസ്ഥ മാറിമാറി വരുകയാണ്. പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നിൽക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. ഇപ്പോൾ വിഡിയോയിൽ പറയുന്നതിനിടയിലും ആൾക്കാർ വന്ന് ഗേറ്റിൽ തട്ടിക്കൊണ്ടുനിൽക്കുന്നു.-

ശ്വാസംമുട്ടൽ കാരണം ജോലിക്ക് പോയിട്ട് രണ്ടുമാസമായി. ലോട്ടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും ഇതു മനസ്സിലാക്കണം. കിട്ടി കഴിഞ്ഞാലും എനിക്കിപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവർ പറയുന്നത് കേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. രണ്ടുവർഷത്തേക്ക് ലോട്ടറിയടിച്ച പണം കൊണ്ട് ഒന്നും ചെയ്യുന്നില്ല. ബാങ്ക് അക്കൗണ്ടിൽ ഇടാനാണ് തീരുമാനം. അതുകഴിഞ്ഞെ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരിൽ ആർക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല.

എന്റെ അവസ്ഥ മനസ്സിലാക്കണം. ആൾക്കൂട്ടവും ബഹളവും ക്യാമറകളും കണ്ടപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോൾ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം വീട്ടിൽ കയറാൻ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി. പണ്ടും ശത്രുക്കളുണ്ട്. ഇപ്പോൾ ശത്രുക്കൾ കൂടി വരുന്നു. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാൽ മതിയായിരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. ഇതു മാധ്യമങ്ങളോട് പറയാത്തത്, ഒരു ചാനലിനോട് പറഞ്ഞാൽ, മറ്റു ചാനലുകാർ വന്നുകൊണ്ടിരിക്കും. മാസ്‌ക് വച്ച് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.''

കഴിഞ്ഞ വർഷം ഓണം ബമ്പറിച്ച മരട് സ്വദേശി ജയപാലൻ അടുത്തിടെ പറഞ്ഞതും ഇതുതന്നെയാണ്. എല്ലാവരെയും സഹായിക്കുക പ്രായോഗികമല്ല. രണ്ടുവർഷത്തേക്ക് തുക ബാങ്കിൽ ഇട്ട് അതിന്റെ പലിശ എടുത്ത് മാത്രം കാര്യങ്ങൾ ചെയ്താണ് ജയപാലൻ ജീവിക്കുന്നത്.