തിരുവനന്തപുരം: പൊലീസ് സേനയിലെ ഗുണ്ടാ- മണൽ -മണ്ണ് മാഫിയ ബന്ധത്തിന് അറുതി വരുത്താനും സേനയ്ക്ക് പുതിയൊരു മുഖം നൽകാനും പിണറായി സർക്കാർ നടപടി ആരംഭിച്ച് അടുത്തിടെയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരെ സേനയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. സേനയിലെ നാണം കെടുത്തുന്ന വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള സ്റ്റേഷനിൽ നിന്നും ഉണ്ടായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്നു രക്ഷപ്പെടുത്താമെന്നു പറഞ്ഞ് വീട്ടമ്മയെ നിരന്തരം ഫോൺ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത കന്റോൺമെന്റ് എസ്ഐ എൻ അശോക് കുമാർ സേനയിലെ സ്ഥിരം പ്രശ്നക്കാരൻ.

പൊലീസിൽ കോൺസ്റ്റബിൾ ആയാണ് സർവ്വീസിൽ കയറിയത്. പൊലീസുകാരനായിരിക്കെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ചു ബഹളം വെച്ചതിനാണ് ആദ്യമായി അച്ചടക്ക നടപടി നേരിട്ടത്. അന്ന് പല ഉന്നതരുടെയും കാലു പിടിച്ച് പ്രശ്നം ഒതുക്കി, ഇതിനിടെ സേനയിലേക്ക് പുതിയ സബ് ഇൻസ്‌പെക്ടർമാരെ വിളിച്ചപ്പോൾ പൊലീസ് ക്വാട്ടയിൽ എസ് ഐ ആയി. പ്രൊബേഷൻ എസ് ഐ ആയുള്ള ആദ്യ നിയമനം തുമ്പയിൽ ആയിരുന്നു. അവിടെ മണ്ണു-മണൽ മാഫിയകളുമായി ചങ്ങാത്തത്തിലായി.

തുമ്പയിലെ മണ്ണുമാഫിയയുടെ പ്രധാന ആളായി ഇദ്ദേഹം മാറിയതോടെ ഇന്റലിജൻസ് റിപ്പോർട്ട് പല തവണ പൊലീസ് ആസ്ഥാനത്തേക്ക് പോയി. ഇതിനിടെ മണ്ണു മാഫിയ സംഘത്തെ സഹായിച്ചതിന് സസ്പെൻഷനുമായി. പ്രൊബോഷൻ എസ് ഐ ആയിരിക്കെ നടപടി നേരിട്ടതിനാൽ ഇദ്ദേഹത്തെ പിരിച്ചുവിടാൻ തടസമില്ലായായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി തുടങ്ങിയപ്പോൾ തന്നെ ഉന്നതതലത്തിൽ സ്വാധീനം ചെലുത്തി ഒടുവിൽ ഐ ജി ക്ക് അപ്പീൽ നൽകി നടപടിയിൽ നിന്നും രക്ഷപ്പെട്ടു. തുടക്കത്തിലെ മണ്ണു മാഫിയയുമായി ചങ്ങാത്തത്തിലായ ഇദ്ദേഹം സേനയിലെ നോട്ടപ്പുള്ളി ആയിരുന്നു.

അതുകൊണ്ടു തന്നെ നിർണായക ചുമതലകൾ നൽകിയിരുന്നില്ല. അങ്ങനെയാണ് കന്റോൺെമെന്റ് സ്റ്റേഷനിൽ എത്തുന്നത്. ഇവിടെയും പ്രധാന ചുമതലകൾ ഒന്നു ം നല്കിയിരുന്നില്ല. ഇതിനിടെ അവിടെ വന്ന ഒരു പരാതി എടുത്ത്് പ്രതിക്കൂട്ടിൽ നിൽക്കുന്ന വിദ്യാർത്ഥിയുടെ അമ്മയെ വിളിച്ച് ചങ്ങാത്തം ഉണ്ടാക്കാൻ ശ്രമിച്ചത്. പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിക്കേസിൽ പ്രതിയായ കുട്ടിയുടെ അമ്മയോടാണു മോശമായി പെരുമാറിയത്. കേസ് ഒഴിവാക്കിത്തരാം എന്നു പറഞ്ഞ് ഇവരെ നിരന്തരം വിളിക്കുകയായിരുന്നു.

കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വീട്ടമ്മയെ എസ് ഐ തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കും അടക്കം ക്ഷണിച്ചുവെന്നാണ് പരാതി. സ്റ്റേഷനിലേക്കു വരാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. തുടർന്ന് ഫോൺ റെക്കോർഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് എസ് ഐ അശോക് കുമാറിനെ സിറ്റി പൊലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു സസ്പെൻഡ് ചെയ്തത്. അശോക് കുമാറിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

വിദ്യാർത്ഥികളുടെ അടിപിടിക്കേസിന്റെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനിൽ ലഭിച്ച പരാതി കണ്ട് ഇയാൾ വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയായിരുന്നു. എന്തായാലും സംഭവത്തെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ഗൗരവമായി ആണ് കണ്ടിരിക്കുന്നത്. പുഴുക്കുത്തുകളെ സേനയിൽ വെച്ചു പൊറുപ്പിക്കില്ലന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ മറുനാടനോടു വെളിപ്പെടുത്തി. അതു കൊണ്ട് തന്നെ സേനയിലെ സ്ഥിരം പ്രശ്നക്കാരെ പിരിച്ച വിടുന്നത് അടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന.