കോഴിക്കോട്: ആചാരങ്ങളുടെ പേരിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചു കൊണ്ട് നടത്തുന്ന ചടങ്ങുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്, ബാലാവകാശ കമ്മീഷനിൽ പരാതി. കപടവൈദ്യത്തിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നിരന്തരം പോരാടുന്ന ക്യാപ്സ്യൂൾ കേരള എന്ന സംഘടനയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

കേരളത്തിൽ അങ്ങോളങ്ങോളമുള്ള പല ക്ഷേത്രങ്ങളിലും ആചാരങ്ങളുടെ പേരുപറഞ്ഞ് കുട്ടികളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചും ഉപദ്രവിച്ചും പല പ്രവർത്തികളും നടന്നു വരുന്നത് ബാലാവകാശങ്ങളുടെ ലംഘനമായതിനാൽ അവയ്ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ക്യാപ്സ്യൂൾ കേരള പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രോത്സവങ്ങളുടെയും ഭാഗമായി നടന്നുവരുന്ന ഗരുഡൻ തൂക്കം, ശൂലം കുത്തൽ തുടങ്ങിയ ഇത്തരം ബാലപീഡനങ്ങൾക്ക് ഉദാഹരണമാണ്.

ഉത്സവനാളുകളിലും അല്ലാതെയും പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഉള്ള മൈനർ കുട്ടികളുടെ ശരീരത്തിൽ വരെ മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും അതേ അവസ്ഥയിൽ യാതൊരുവിധ പ്രാഥമിക ചികിത്സ പോലും നൽകാതെ മണിക്കൂറുകളോളം പ്രദർശന വസ്തുക്കളായി നിർത്തുകയും ചെയ്യുന്നത് പതിവാണ്. സാധാരണ നിലയിൽ ഇതേ പ്രവൃത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 324 എന്നീ വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്റ്റിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് എടുക്കാവുന്ന കുറ്റമാണ്. വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ഇത്തരം ഹീനപ്രവൃത്തികളും അതേ സൂചിക ഉപയോഗിച്ച് മതിയായ ശിക്ഷ കിട്ടേണ്ട കുറ്റം തന്നെയാണ് എന്ന് ക്യാപ്സ്യൂൾ കേരള ഭാരവാഹികളായ ഡോ യു നന്ദകുമാറും, എം പി അനിൽകുമാറും വ്യക്തമാക്കി.

മാതാപിതാക്കളുടെ വിശ്വാസം/ ആചാരനുഷ്ഠാനങ്ങളിലുള്ള വിശ്വാസം എന്നിവ പ്രകാരം നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ പരാതിക്കാരോ വാദികളോ ഇല്ലാത്തതിനാൽ നിയമ നടപടികളിൽ നിന്ന് രക്ഷനേടി വരികയാണ്. ഇരയായ കുട്ടികളുടെ താൽപ്പര്യമോ അഭ്യൂദയമോ കണക്കാക്കാതെ കാഴ്ചവസ്തുക്കളായി ശരീരത്തിലൂടെ തുളച്ചു കൊളുത്തിൽ തൂക്കിയിട്ടും, ശൂലവും മറ്റു കൂർത്ത വസ്തുക്കളും കവിളിലും നാക്കിലും കുത്തി ഇറക്കിയും നടത്തുന്ന ഈ അധമ പ്രവർത്തിക്കെതിരെ നാട്ടിലെ നിയമ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടുണ്ട്.

മരണംവരെ സംഭവിക്കാൻ ഇടയുള്ള, ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പുള്ള ഇത്തരം ആചാരങ്ങളിൽനിന്ന് സ്വന്തമായി സമ്മതം നിയമപ്രകാരം നൽകാൻ പോലും കഴിയാത്ത മൈനറുകളെ ഒഴിവാക്കാൻ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് കാപ്സ്യൂൾ കേരള പരാതിയിൽ പറഞ്ഞു. ഇത്തരം പീഡനപ്രവൃത്തികൾ മിക്ക ഉത്സവങ്ങളിലും പുതുതായി തുടങ്ങിയതോ നേരത്തെയുള്ളവയിൽ പുതുതായി കൂട്ടിച്ചേർത്തവയോ ആണ്. ഈ സാഹചര്യത്തിൽ ബാലാവകാശകമ്മീഷൻ ഇക്കാര്യത്തിൽ ഉചിതമായി ഇടപെടണമെന്ന് സംഘടന പരാതിയിൽ ആവശ്യപ്പെട്ടു.

നേരത്തെ കപടചികിത്സകൻ മോഹൻ വൈദ്യർക്കെതിരെ പരാതി നൽകിയത് അടക്കമുള്ള നിരവധി നിയമപോരാട്ടങ്ങൾ ക്യാപ്സൂൾ കേരള നടത്തിയിട്ടുണ്ട്. ഇതേതുടർന്ന് അന്വേഷണം ഉണ്ടായിരുന്നു. 2018 ഏപ്രിൽ 13 ലെ സുപ്രീംകോടതി വിധി പ്രകാരം, നിയമപ്രകാരം ഉള്ള യാതൊരു യോഗ്യതയും ഇല്ലാതെ മോഹനൻ വൈദ്യർ നടത്തുന്ന ചികിത്സ നിയമ വിരുദ്ധം ആണെന്ന് കാപ്‌സ്യൂൾ കേരളയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ കോവിഡ് കാലത്തെ, പ്രചരിച്ച വ്യാജമരുന്നുകൾക്ക് എതിരെയും, വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് പരസ്യം ചെയ്യുന്നതിനെതിരെയൊക്കെ ക്യാപ്സ്യൂൾ കേരള നിയമ നടപടികൾ സ്വീകരിച്ചിരുന്നു.