തിരുവനന്തപുരം: വിമർശനങ്ങളെ തെല്ലും വച്ചുപൊറുപ്പിക്കില്ല എന്നതാണ് പിണറായി സർക്കാരിന്റെ നയം. നവകേരള യാത്രയ്ക്കിടയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ 'രക്ഷാപ്രവർത്തനത്തെ' മുഖ്യമന്ത്രി ന്യായീകരിച്ചത് 2023 ലെ വലിയ തമാശകളിൽ ഒന്നായി മാറുകയും ചെയ്തു.

നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെയാണ് ആദ്യം കേസെടുത്തത്. പ്രതിഷേധക്കാരെ വിളിച്ചുവെന്ന തൊടുന്യായം പറഞ്ഞാണ് വിനീതയ്‌ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള ബസിനെതിരെ കെ എസ് യു പ്രവർത്തകർ നടത്തിയ ഷൂ ഏറ് തത്സമയം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് കഴിഞ്ഞയാഴ്ച വിനീതയ്‌ക്കെതിരെ പൊലീസ് ഗൂഢാലോചന കുറ്റത്തിന് കേസെടുത്തത്. എറണാകുളം കുറുപ്പംപടി പൊലീസ് നീതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയായിരുന്നു.

വനിത കമ്മീഷൻ പോലും വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ചു. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്നാണ് വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചത്. വിനീതയുടെ കേസ് കൊണ്ട് അവസാനിച്ചില്ല കാര്യങ്ങൾ. ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത മൂന്നു മൂന്ന് മാധ്യമപ്രവർത്തകർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചിരിക്കുകയാണ്. പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിന് പിന്നാലെയാണ് നോട്ടീസ്.ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറമാൻ നിഥിൻ എബി, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്കാണ് മ്യൂസിയം പൊലീസ് നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം.

ക്രിമിനൽ നടപടി ക്രമം 41എ വകുപ്പ് പ്രകാരമാണ് ചോദ്യം ചെയ്യാൻ ഹാജരാകാൻ നിർദ്ദേശിച്ചതെന്ന് നോട്ടീസിൽ പറയുന്നു. തെളിവുകൾ നശിപ്പിക്കാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നോട്ടീസിലുണ്ട്. കണ്ടാലറിയാവുന്ന നാല് മാധ്യമപ്രവർത്തകർക്ക് എതിരെയായിരുന്നു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു മഹിള മോർച്ച പ്രവർത്തകർ ഡിജിപിയുടെ വസതിയിലേക്കു തള്ളിക്കയറിയത്. ഡിജിപി വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധം മുൻകൂട്ടിയറിഞ്ഞിരുന്നില്ല.

സാധാരണ ഗതിയിൽ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രകടനങ്ങളോ മാർച്ചുകളോ പ്രതിഷേധങ്ങളോ ഉണ്ടാകാറില്ല. ഇക്കാരണത്താൽ പൊലീസിനെ ഞെട്ടിച്ച പ്രതിഷേധമായിരുന്നു മഹിള മോർച്ച പ്രവർത്തകരുടേത്. പരാതി നൽകാനെന്ന പേരിലാണ് പ്രതിഷേധക്കാരിൽ രണ്ടു പേർ ഗേറ്റിനു സമീപം കാവലുണ്ടായിരുന്ന പൊലീസുകാരെ സമീപിച്ചത്. എന്നാൽ പരാതി പൊലീസ് ആസ്ഥാനത്താണ് നൽകേണ്ടത് എന്ന് ഇവർ സ്ത്രീകളെ അറിയിച്ചു. ഇതിനിടെ മൂന്നു സ്ത്രീകൾ കൂടി ഇവിടെയെത്തി.

ഗേറ്റ് പൂർണമായി അടച്ചിട്ടില്ലായിരുന്നതിനാൽ ആ പഴുതിലൂടെ ഇവർ അഞ്ചുപേരും അകത്തു കയറുകയായിരുന്നു. ഗേറ്റ് തുറന്നിട്ടതും പ്രതിഷേധക്കാരെ മടക്കി അയയ്ക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്നും നിരുത്തരവാദപരമായ നടപടിയാണെന്നും ആർആർഎഫിന്റെ തന്നെ അസിസ്റ്റന്റ് കമാൻഡന്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്നുപൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ ന്യായീകരണം

പൊലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. ഗൂഢാലോചന ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവർത്തകർക്കെതിരായ കേസിൽ പൊലീസിന് വിശ്വാസക്കുറവില്ല. പൊലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെയല്ലെന്ന് നിങ്ങൾക്ക് തെളിയിക്കാം. ശബ്ദമുയർത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ ഗൂഢാലോചന നടത്താൻ പറ്റിയവരുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശക്തമായ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

മാധ്യമപ്രവർത്തകർക്കെതിരായ കേരള പൊലീസിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഡി ജി പി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടയാൻ കഴിയാത്തിന്റെ നാണക്കേട് മറക്കാനാണ് കേസെടുത്തതെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.

കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പൊലീസ് തയ്യാറാകണം. കോടതി തന്നെ റദ്ദാക്കിയിട്ടും സമാന വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് സർക്കാർ നടപടികൾ സ്വീകരിക്കേണ്ടത്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്‌നമായ അധികാര ദുർവിനിയോഗവുമാണ്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവുമാണ് ആവശ്യം ഉന്നയിച്ചത്.

കേരള പൊലീസ് വിഡ്ഢികളുടെ സ്വർഗ്ഗത്തിലെന്ന് കെ സുരേന്ദ്രൻ

സർക്കാർ വിരുദ്ധ വാർത്തകൾ ജനങ്ങളിലെത്തിച്ചതിന് മാധ്യമപ്രവർത്തകർക്ക് നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മാധ്യമപ്രവർത്തകർ വാർത്തകൾക്ക് പിന്നാലെ പോകുന്നത് സ്വാഭാവികമാണ്. അതിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്ന കേരള പൊലീസ് വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണം. ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് എതിരെ നോട്ടീസ് അയച്ച നടപടി ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണവുമാണ്. ജനം ടിവി റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറമാൻ നിഥിൻ എബി, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് മ്യൂസിയം പൊലീസ് നോട്ടീസ് നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. മാധ്യമപ്രവർത്തകർ വാർത്തകൾക്ക് പിന്നാലെ പോവുന്നത് സ്വാഭാവികമാണ്. അതിനെ കേസെടുത്ത് ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. നേരത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തത് സർക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.