കോഴിക്കോട്: ഓയൂരിനടുത്ത് ഓട്ടുമലയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കേരളാ പൊലീസിന് പൊൻതൂവലായിരിക്കുന്നത് രേഖാചിത്രമാണ്. ഏകദേശം 95 ശതമാനം കൃത്യതയോടെ തയ്യാറാക്കിയ പ്രതികളുടെ രേഖാചിത്രങ്ങൾ കണ്ട് ഏവരും അമ്പരപ്പെടുകയാണ്. ദൃക്‌സാക്ഷികളും ആറു വയസുകാരിയും പറഞ്ഞത് അനുസരിച്ചു രേഖാചിത്രം തയ്യാറാക്കിയപ്പോൾ അത് അച്ചട്ടായി മാറുകയായിരുന്നു. തട്ടിക്കൊണ്ടു പോയ കേസിലെ മൂന്ന് പേരുടെയും മുഖത്ത ചുളിവുകൾ പോലും അതുപോലെ ശരിവെക്കുന്ന വിധത്തിലായിരുന്നു ഈ രേഖാചിത്രങ്ങൾ. ഇതോടെ സോഷ്യൽ മീഡിയയിലും ഇതുസംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കയാണ്.

പക്ഷേ രേഖാചിത്രങ്ങൾ ഫോട്ടാഗ്രാഫിപോലെ കൃത്യമാവുക എന്നത് അത്ഭുതം തന്നെയാണെന്നാണ് ശാസ്ത്ര പ്രചാരകരും ഫോറൻസിക്ക് സയൻസിൽ പ്രാഗൽഭ്യമുള്ളവരും പറയുന്നത്. രേഖാ ചിത്രങ്ങൾക്ക് ആഗോള അടിസ്ഥാനത്തിലുള്ളത് വെറും എട്ട് ശതമാനം കൃത്യതയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫോറൻസിക് ആർട്ടിസ്റ്റ് ലൂയിസ് ഗിബ്സണുപോലുമുള്ളത് മൂന്നിലൊന്ന് വിജയം മാത്രമാണ്. രേഖാചിത്രങ്ങൾ എന്നത് പുർണ്ണമായും ശാസ്ത്രീയമല്ലെന്നും, പ്രതിയിലേക്കുള്ള ഒരു ലീഡ് മാത്രമാണെന്നും ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ് ഇതുസംബന്ധിച്ച് എഴുതിയ പോസ്റ്റ് ഇങ്ങനെയാണ്. -''പൊലീസ് പുറത്തു വിടുന്ന രേഖാചിത്രം എത്ര മാത്രം കൃത്യതയുള്ളതായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്? മിക്കവാറും കരുതുന്ന പോലെ ഇതത്ര കൃത്യതയുള്ള സംഗതിയൊന്നുമല്ല. വെറും എട്ടു ശതമാനം കൃത്യതയാണ് ഒരു പഠനത്തിൽ കാണുന്നത്. 'ലോകത്തിലെ ഏറ്റവും മികച്ച ഫോറൻസിക് ആർട്ടിസ്റ്റ്' ആയി ഗിന്നസ് ബുക്ക് പറയുന്ന ലൂയിസ് ഗിബ്സൺ പോലും മൂന്നിലൊന്ന് വിജയമേ അവകാശപ്പെടുന്നുള്ളൂ.

അപ്പോൾ എന്താണ് പ്രശ്‌നം? പ്രശ്നം നമ്മുടെ ഓർമ്മ ഒട്ടും തന്നെ കൃത്യതയുള്ളതല്ല എന്നതാണ്. നിയമദൃഷ്ട്യാ ദൃക്‌സാക്ഷികളെ ശക്തമായ തെളിവായാണ് കണക്കാക്കുന്നതെങ്കിലും, ദൃക്‌സാക്ഷി വിവരണം ഒട്ടും തന്നെ വിശ്വസംനീയമായ തെളിവല്ല. കോടതി ശിക്ഷിച്ച്, പിന്നീട് ഡി എൻ എ തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിൽ നിരപരാധികളെന്നു കണ്ടിട്ടുള്ള കേസുകളിൽ എൺപതു ശതമാനത്തിലും ദൃക്‌സാക്ഷികളുടെ ബലത്തിലാണ് അവരെ ശിക്ഷിച്ചത് എന്നാണ് കണ്ടിട്ടുള്ളത്. നമ്മൾ ഒരു മുഖം ഒരൊറ്റ യൂണിറ്റായാണ് കാണുന്നത്. ദൃക്‌സാക്ഷികളുടെ ഓർമ്മയെ വളരെ എളുപ്പം തെറ്റിദ്ധരിപ്പിക്കാനാകും എന്ന് എലിസബത്ത് ലോഫ്റ്റസിന്റെ പഠനങ്ങൾ കാണിക്കുന്നു. അത് കണ്ണ്, മൂക്ക്, വായ അങ്ങനെ ഓരോന്നായി വേറൊരാൾക്ക് വിവരിച്ചു കൊടുത്ത് കൃത്യമായി വരപ്പിക്കുന്നത് അത്രയൊന്നും എളുപ്പമുള്ള കാര്യമല്ല.

ഇതൊക്കെ നിസ്സാരമായി പരീക്ഷിക്കാവുന്നതേയുള്ളൂ. ഏതെങ്കിലും സെലിബ്രിറ്റികളുടെ മുഖം ഒരു കൂട്ടം ചിത്രകാരന്മാർക്ക് വിവരിച്ചു കൊടുക്കുക. അവർ വരയ്ക്കുന്ന ചിത്രങ്ങൾക്ക് പരസ്പരം എന്തെങ്കിലും സാമ്യം ഉണ്ടോ എന്നു നോക്കുക. ഈ ചിത്രങ്ങൾ വേറൊരു കൂട്ടം ആളുകളെ കാണിച്ച് ഏത് സെലബ്രിറ്റിയുടെ ചിത്രമാണ് എന്ന് മനസ്സിലാകുന്നുണ്ടോ എന്നു നോക്കുക.

നിങ്ങൾ ജനിച്ച ദിവസം മുതൽ കാണുന്ന സ്വന്തം മുഖം പോലും നിങ്ങൾക്ക് വേറൊരാൾക്ക് കൃത്യമായി വിവരിച്ചു കൊടുക്കാനാകില്ല. പിന്നല്ലേ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ഇരിക്കുമ്പോൾ കണ്ടു പോകുന്ന ഒരു മുഖം? ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന കേസിലെ രേഖാചിത്രവും, പ്രതികളുമായുള്ള അതിശയകരമായ സാമ്യമാണ് എന്നെ ഈ ചിന്തയിലേക്കു നയിച്ചത്.ആ രേഖാ ചിത്രങ്ങൾ ഫോട്ടോ കൊടുത്തു വരപ്പിച്ച പോലെയുണ്ട്. പൊലീസിന് കോടതിയിൽ കൊടുക്കാനുള്ള ഫിക്ഷന് അങ്ങനൊരു ചിത്രം ആവശ്യമുണ്ടാകും. പൊലീസ് ആദ്യം പുറത്തു വിട്ട രേഖാ ചിത്രത്തിന് ഇപ്പോൾ ഉടമസ്ഥനില്ല. അങ്ങനൊരു പ്രതിയുമില്ല ഇപ്പോൾ.

പക്ഷെ ഈ രേഖാചിത്ര രചന അഥവാ ദൃക്‌സാക്ഷി വിവരണം വരെ ശാസ്ത്രീയമായൊരു സംഗതിയാണെന്ന തെറ്റിദ്ധാരണ പരത്തുന്നത് അപകടമുണ്ടാക്കും. അതുമായി സാമ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ (ഉണ്ടാകുമെന്നു ഉറപ്പാണ്) അയാൾ വെറുതെ നാട്ടുകാരുടെ തല്ലു മേടിക്കും. അങ്ങിനെ ഉണ്ടാകുകയും ചെയ്തല്ലോ. പ്രതികളുടെ വക്കീൽ നല്ലതാണെങ്കിൽ ഈ രേഖാചിത്രം നിസ്സാരമായി പൊളിച്ചു കൊടുക്കാം. കുട്ടിക്ക് അസാമാന്യമായ ഓർമ്മ ശക്തിയുണ്ട്, ചിത്രം വരച്ചവർ അസാമാന്യ പ്രതിഭയുള്ളവരാണ് എന്നൊക്കെ വാദിക്കാനാണെങ്കിൽ ആരുടെയെങ്കിലും ഒരു ഫോട്ടോ കുട്ടിയെ കാണിച്ച് ആ വിവരണം വച്ച് പടം വരപ്പിച്ചു നോക്കിയാൽ മതി. രണ്ടു വാദങ്ങളും അവിടെ പൊളിയും.

പിന്നെ വേറൊരു കാര്യമുള്ളത് രേഖാചിത്രവും, പ്രതിയുടെ ഫോട്ടോയും അടുത്തടുത്തു വച്ച് നോക്കുമ്പോൾ നമ്മൾ അതു രണ്ടും തമ്മിലുള്ള പൊതുവായ കാര്യങ്ങൾ മാത്രമാണ് നോക്കുന്നത്. കൂടുതൽ സമയം നോക്കും തോറും രണ്ടും തമ്മിലുള്ള സാമ്യം കൂടി വരുന്നതായി അനുഭവപ്പെടും. കഷണ്ടിയുള്ള, കട്ടി മീശയുള്ള, കണ്ണടയുള്ള ഏതൊരാളുടെ ഫോട്ടോയും പ്രതിയുടെ ഫോട്ടോയുടെ ഒപ്പം വച്ചു നോക്കിയാൽ മനസ്സിലാകും.

വിമാനത്താവളത്തിലും മറ്റും നമ്മുടെ പാസ്‌പോർട്ടിലെ ഫോട്ടോയും, നമ്മളുമായി ഒത്തു നോക്കാറില്ലേ? അതിലൊന്നും വലിയ കാര്യമില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. അതേ എത്നിസ്റ്റി ഉള്ള ഏതാണ്ടൊരു സാമ്യമുള്ള ഏതെങ്കിലും ഫോട്ടോ മതി. ഇവിടെയും രണ്ടും തമ്മിലുള്ള സാമ്യങ്ങൾ മാത്രമാണ് അവർ നോക്കുന്നത്.''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഇതേതുടർന്ന് സോഷ്യൽ മീഡിയയിലും വലിയ ചർച്ച നടക്കയാണ്. അപൂർവങ്ങളിൽ അപൂർവമായി നടക്കാറുള്ള ക്ലിനിക്കൽ കൃത്യതയാണ് ഇവിടെ നടന്നയെന്നും, ഇതിൽ കേരളാപൊലീസിനെ അഭിനന്ദിക്കയാണ് വേണ്ടതെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.