ബീജിങ്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട, ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന സമ്പുർണ്ണ തകർച്ചയിലേക്കോ? കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഹോങ്കോങ് ഓഹരി സൂചിക ഹാങ് സെങ്. 20 ശതമാനം വീഴ്ചയാണ് ഈ ആഴ്ചയും ചൈനീസ് ഓഹരി സൂചികയിൽ ഉണ്ടായിരിക്കുന്നത്. തകർച്ചകൾക്കിടയിലും യുവാന് യുഎസ് ഡോളറുമായി കൃത്രിമ മൂല്യ വർധന പ്രഖ്യാപിച്ചിരിക്കുകയാണ് ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന.

2008ൽ അമേരിക്കയെപ്പോലും പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച രാജ്യമാണ് ചൈന. തുടർന്നുള്ള വർഷങ്ങളിലും ജിഡിപി കുതിച്ചുയർന്നു. ഒരുവേള അമേരിക്കയേക്കാൾ ശക്തമാണ്, ചൈനയുടെ സാമ്പത്തിക രംഗം എന്നും വിലയിരുത്തലുണ്ടായി. പക്ഷേ കോവിഡിൽ ചൈന ശരിക്കും വീണു. കോവിഡുശേഷമുണ്ടായ അമിത നിയന്ത്രണങ്ങൾ ചൈനയുടെ തിരിച്ചുവരവ് വൈകിച്ചു. ലോക രാഷ്ട്രങ്ങൾ മുഴുവൻ മുന്നേറിയപ്പോഴും, സീറോ കോവിഡ് നയം പിൻവലിക്കാതെ ചൈന വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഒടുവിൽ വിദേശ കമ്പനികൾ രാജ്യം വിട്ടുപോവുമെന്ന അവസ്ഥ വന്നതോടെയാണ്, ചൈന കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചത്.

കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇപ്പോഴും ചൈനക്ക് തിരിച്ചുകയറാൻ ആയിട്ടില്ല. അതിന് പിന്നാലെ പണപ്പെരുപ്പം വർധിച്ചു. റിയൽ എസ്്റ്റേറ്റ്, ബാങ്കിങ്ങ് വായ്‌പ്പാ മേഖലകൾ തകർന്നു. നമ്മുടെ കരുവന്നുർ ബാങ്ക് പൊളിഞ്ഞതുപോലെ നിരവധി ബാങ്കുകളാണ് ചൈനയിൽ ഇപ്പോൾ പാപ്പരാവുന്നത്. അതുപോലെ റിയൽ എസ്റ്ററ്റേ് കമ്പനികൾ പകുതി പണിത കെട്ടിടങ്ങൾ വിൽക്കുകയാണ്. വിറ്റ കെട്ടിടങ്ങളിൽപോലും, താമസിക്കാൻ ആളില്ല.

കച്ചവടക്കാർക്ക് സ്വാതന്ത്ര്യമില്ലെന്നും, ചൈനീസ് കമ്പോളത്തിൽ സർക്കാറിന്റെ അനാവശ്യ ഇടപെടൽ നടക്കുകയാണെന്നും, വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. സർക്കാർ വൻതോതിൽ ഡോളർ വിറ്റുകൂട്ടിയതും പണപ്പെരുപ്പം വർധിപ്പിച്ചു. ബാങ്കിങ് സംരംഭങ്ങളിൽ നിന്ന് വായ്‌പ്പ കിട്ടാൻ വൈകിയതോടെ ജനം ഷാഡോ ബാങ്കിങ് എന്ന ബ്ലേഡ് പലിശയുള്ള സംവിധാനങ്ങളെ ആശ്രയിച്ചു. ഇതും കടഭാരം കൂട്ടി. റിയൽഎസ്റ്റേറ്റ് ഭീമന്മാർ പലരും വീണു. 90കളിൽ ജപ്പാനിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായാണ് വിദഗ്ദ്ധർ ഇതിനെ കാണുന്നത്. 90കളിൽ തുടങ്ങിയ 'ജപ്പാൻ സ്നോ ഡെക്കേഡ്' എന്ന സാമ്പത്തിക പ്രതിസന്ധി 12 വർഷമാണ് നീണ്ടുനിന്നത്. ഇതോടൊപ്പം റഷ്യ- യുക്രൈൻ യുദ്ധ നീണ്ടതും ചൈനയെ ബാധിച്ചു. ഈ കയറ്റുമതി അധിഷ്ഠിത രാജ്യത്ത് ഇപ്പോൾ തൊഴിലില്ലായ്മയും വർധിക്കയാണ്.

നാലു പതിറ്റാണ്ട് നീണ്ട സ്വപ്നക്കുതിപ്പിലൂടെ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈന നിലതെറ്റി വീഴുകയാണ്. പാശ്ചാത്യ മാധ്യമങ്ങൾ മിക്കവയും ചൈനയുടെ ചരമക്കുറിപ്പ് എഴുതിക്കഴിഞ്ഞു. കോവിഡ് മഹാമാരി നേരിടാൻ എടുത്ത കടുത്ത നടപടികളോടെ തെന്നിത്തുടങ്ങിയ സമ്പദ്വ്യവസ്ഥ സമാനതകളില്ലാത്ത പല പ്രതിസന്ധികളിലേക്ക് ഒന്നിനു പിന്നാലെ ഒന്നായി വീണുകൊണ്ടിരിക്കുന്നു.

കുതിപ്പിന്റെ ടോപ് ഗിയറിൽനിന്ന് നേരെ റിവേഴ്സ് ഗിയറിലേക്കാണ് ചൈനീസ് സമ്പദ്വ്യവസ്ഥ നീങ്ങിയിരിക്കുന്നതെന്ന് സാമ്പത്തിക മാധ്യമ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ചൈനയുടെ 40 വർഷം നീണ്ട വളർച്ചാ മോഡൽ തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് യുഎസ് സാമ്പത്തിക മാധ്യമം ഫിനാൻഷ്യൽ ടൈംസ് കഴിഞ്ഞയിടെ പ്രഖ്യാപിച്ചു.

ലീമാന് സമാനമായ പ്രതിസന്ധി

കടബാധ്യതയും നിയന്ത്രണവും കൈവിട്ടു പോകുന്നതറിഞ്ഞ് രണ്ടായിരത്തിഇരുപതിനോടടുത്ത് പ്രസിഡന്റ് ഷി റിയൽ എസ്റ്റേറ്റ് വമ്പന്മാർക്ക് മൂക്കുകയറിട്ടപ്പോഴാണ് പ്രതിസന്ധിയുടെ ആഴം പുറത്തറിയുന്നത്. കമ്പനികൾ ഇലപൊഴിയും പോലെ വീഴാൻ തുടങ്ങി. വിലകൾ താഴോട്ടായി. വീട് വാങ്ങാൻ ഇരുന്നവരുടെ ആവേശം നഷ്ടപ്പെട്ടു, പിന്നീട് അത് ആശങ്കയായി മാറി. പൂർത്തിയാക്കാൻ ആകാതെ പദ്ധതികൾ പാതിവഴിയിൽ മുടങ്ങി. മുടങ്ങിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിലെ വില്ലകളുടെ മുറ്റത്ത് കർഷകർ കൃഷി ഇറക്കിയ വാർത്തകൾ വരെ പുറത്തുവന്നു. അളില്ലാതെ കെട്ടിടങ്ങൾ മാത്രമായി പ്രേതനഗരങ്ങൾ ചൈനയിലുടനീളം കാണാം.

2007ൽ യുഎസ് നേരിട്ട ലീമാൻ ബ്രദേഴ്സ് പ്രതിസന്ധിക്ക് സമാനമായി സമാനമാണ് ചൈനയിലെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധിയെന്ന് വിലയിരുത്തുന്ന വിദഗ്ധരുണ്ട്. ധനകാര്യ ഭീമനായിരുന്ന ലീമാൻ ബ്രദേഴ്സിനുണ്ടായ പ്രതിസന്ധി യുഎസിലെ മറ്റു ബാങ്കുകളെയും നിക്ഷേപകരെയും തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥയെയും പിടിച്ചുലച്ചു. ചൈനയിലെ റിയൽ എസ്റ്റേറ്റ് പ്രതിസന്ധി രാജ്യത്തെ മൂന്ന് ലക്ഷം കോടിയോളം ഡോളർ വരുന്ന ഈ നിക്ഷേപ ട്രസ്റ്റ് വ്യവസായത്തെ ഉലച്ചിരിക്കുകയാണ്. ഇനിയും റിയൽ എസ്റ്റേറ്റ് വിലകൾ താഴ്ന്നാൽ ഇവയിൽ നിക്ഷേപം നടത്തിയിരിക്കുന്ന വൻകിട സ്ഥാപനങ്ങളും നിക്ഷേപകരും എന്തിന് സാധാരണ നിക്ഷേപകർ വരെ കടുത്ത നഷ്ടം നേരിടും. 8700 കോടി ഡോളറോളം തുക കൈകാര്യം ചെയ്യുന്ന സോങ് ട്രസ്റ്റ് 1.9 കോടി ഡോളറോളം വരുന്ന നിക്ഷേപം മടക്കി നൽകാനാകാതെ ഓഗസ്റ്റ് ആദ്യം പ്രതിസന്ധിയിലായിരുന്നു.

ചൈനയുടെ തളർച്ച ആ രാജ്യവുമായി വ്യാപാരം നടത്തുന്ന നാൽപതോളം രാജ്യങ്ങളെ നേരിട്ടുതന്നെ ബാധിക്കും. ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതിയും ചൈനയിലേക്കുള്ള കയറ്റുമതിയും ചൈനയുടെ നിക്ഷേപങ്ങളിലൂടെയുള്ള വളർച്ചയും എല്ലാം തകിടംമറിയും.

മികച്ച വരുമാനം ലക്ഷ്യമിട്ട് സാധാരണക്കാരായ ചൈനക്കാർ കുടുംബ സമ്പാദ്യത്തിന്റെ 60 ശതമാനത്തോളം റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് തകർച്ചയ്ക്ക് തടയിടാൻ അവസാന ശ്രമത്തിലാണ് സർക്കാർ. മികച്ച തിരിച്ചടവുള്ളവർക്കുള്ള പലിശ നിരക്ക് (ലോൺ പ്രൈം റേറ്റ് എൽപിആർ) മൂന്നു മാസത്തിനിടെ രണ്ടുതവണയായി താഴ്‌ത്തി 3.45 ശതമാനത്തിൽ എത്തിച്ചു. നിലച്ചുപോയ പദ്ധതികൾ പൂർത്തിയാക്കാൻ ഭവന നിർമ്മാതാക്കൾക്ക് പണം ലഭ്യമാക്കാൻ ബാങ്കുകളുടെ റിസർവ് പരിധിയിലും കുറവ് വരുത്തി. നിക്ഷേപകരുടെ ആത്മവിശ്വസത്തിലും താൽപര്യങ്ങളിലും വന്ന മാറ്റം മറികടക്കാൻ ഇതുകൊണ്ടുമാത്രമാകുമോ?

കഴിഞ്ഞ 10 മാസത്തിനിടെ ഒൻപതിലും ചൈനയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് താഴോട്ടാണ്. കർശനമായ കോവിഡ് ലോക്ഡൗണിന് ശേഷം 2022 അവസാനം ചൈന വിപണി തുറന്നു കൊടുത്തതിനു പിന്നാലെ എല്ലാ മേഖലയിലും ഉണർവ് ദൃശ്യമായിയിരുന്നു. എന്നാൽ ഇത് നീണ്ടുനിന്നില്ല. 2023 ജൂലൈയിൽ കയറ്റുമതി മുൻ വർഷത്തെ ജൂലൈ അപേക്ഷിച്ച് 14.5% താണു. ഓഗസ്റ്റിൽ ഇടിവ് 8.8%. ആഗോളതലത്തിലെ ഡിമാൻഡ് കുറവ് മാത്രമല്ല ചൈനയ്ക്ക് തിരിച്ചടിയായത്. യുഎസും യൂറോപ്പും തങ്ങളുടെ സപ്ലൈ ചെയിനിൽ ചൈന ആശ്രിതത്വം കുറച്ചു കൊണ്ടുവരാനുള്ള ചടുല നീക്കം നടത്തുന്നത് അതിലേറെ പ്രത്യാഘാതം സൃഷ്ടിക്കുന്നു. ഇതിനു പുറമേ യുഎസുമായുള്ള വ്യാപാര യുദ്ധവും ചൈനയ്ക്ക് കൂനിന്മേൽ കുരുവായി. താൽക്കാലിക പ്രതിഭാസത്തിലേറെ സ്ഥായിയായ ദിശ മാറ്റമാകും ഇതിലൂടെ സംഭവിക്കുക.

ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയായ, യാങ് ഹുയാൻ എന്ന ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരി ഇപ്പോൾ പാപ്പരായിരിക്കയാണ്. വിവിധ ബാങ്കുകളിൽനിന്ന് എടുത്ത കോടികളുടെ കടം തിരിച്ചടയ്ക്കാനാകാതെ കുഴഞ്ഞതാണ് കൺട്രി ഗാർഡനെ പ്രതിസന്ധിയിലാക്കിയത്.

ചൈനയുടെ തകർച്ച ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും, പല സാമ്പത്തിക വിദഗ്്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ തങ്ങളുടെ സപ്ലൈ ചെയിനിൽ ഇന്ത്യയ്ക്ക് പ്രാമുഖ്യം വർധിപ്പിച്ചത് ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫോക്സ് കോൺ, വിസ്ട്രോൺ, പെഗാട്രോൺ തുടങ്ങിയ ആപ്പിൾ കോൺട്രാക്ട് നിർമ്മാതാക്കൾക്കെല്ലാം ഇന്ത്യയിൽ പ്ലാന്റുകൾ ഉണ്ട്. 2017 ൽ പ്രവർത്തനം തുടങ്ങിയ ഇവ കോവിഡിനു പിന്നാലെ വൻ വിപുലീകരണം നടത്തി. ഇതെല്ലാം ചൈനയിലേക്ക് പോകേണ്ട പ്രോജക്റ്റുകൾ ആയിരുന്നുവെന്നാണ് പറയുന്നത്.