കോഴിക്കോട്: ഒരുപണിയും ചെയ്യാതെ നോക്കുകൂലിയെന്ന പേരിൽ വൻ തുക പിടുങ്ങുന്ന യൂണിയൻ ഭീകരതക്കെതിരെ കേരളം ഏറെ പ്രതികരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയടക്കം കർശന നിലപാട് എടുത്തതോടെ നോക്കുകൂലി ഇപ്പോൾ ഏതാണ്ട് ഇല്ലാതായ മട്ടാണ്. പക്ഷേ യഥാർത്ഥ കൂലിയുടെ മൂന്നും നാലും ഇരട്ടിയാണ്, ഇപ്പോഴും ചുമട്ടുതൊഴിലാളികൾ വാങ്ങുന്നുതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് എൽഡിഎഫ് ഭരിക്കുന്ന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ ദിവസം കണ്ടത്.

ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യാനുള്ള വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ലോറിയിൽ നിന്നിറക്കാനാണ് സിഐടിയുക്കാരായ തൊഴിലാളികൾ അമിതകൂലി ചോദിച്ചത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് എത്തിയ സാധനങ്ങൾ ഇറക്കുന്നതിനാണ് തൊഴിലാളികൾ 11,000 രൂപ കൂലിയായി ചോദിച്ചത്. കേന്ദ്ര സർക്കാർ പദ്ധതി മുഖേന ലഭിച്ച മുച്ചക്ര സൈക്കിളും വീൽച്ചെയറും ഉൾപ്പെടെയുള്ള ഉപകരണങ്ങളായിരുന്നു ലോറിയിൽ. ഭിന്നശേഷിക്കാർക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള ഈ സാധനങ്ങൾ ഇറക്കാനാണ് വലിയ കൂലി ചോദിച്ചത്. ഇത്രയും തുക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ജീവനക്കാരും ചേർന്ന് ചുമട് ഇറക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് ബംഗളൂരുവിൽ നിന്ന് രണ്ട് ലോറികളിലായി സാധനങ്ങൾ എത്തിയത്. ബംഗളൂരുവിൽ നിന്ന് ചരക്ക് കൊണ്ടുവരാൻ ലോറിക്ക് 15,000 രൂപ മാത്രമായിരുന്നു ചെലവ് വന്നത്. എന്നാൽ ഇത് ഇറക്കാനാണ് 11,000 രൂപ തൊഴിലാളികൾ ചോദിച്ചത്. ഇത്രയും തുക നൽകാൻ ഫണ്ടില്ലെന്ന് ബ്ലോക്ക് അധികൃതർ അറിയിച്ചപ്പോൾ ഏഴായിരം രൂപയ്ക്ക് ഇറക്കാമെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ അയ്യായിരം രൂപ മാത്രമെ നൽകാനാവുകയുള്ളുവെന്നായിരുന്നു ബ്ലോക്ക് അധികൃതരുടെ നിലപാട്. 21.73 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഇറക്കാതെ തിരിച്ചയച്ചാൽ പിന്നീട് ലഭിക്കാൻ പ്രയാസമായിരിക്കുമെന്നതുകൊണ്ട് ബ്ലോക്ക് പ്രസിഡന്റ് വി കെ അനിതയും വൈസ് പ്രസിഡന്റ് ടി എം ശശിയും ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കം ഒൻപത് ജീവനക്കാരും ചേർന്ന് ലോഡ് ഇറക്കുകയായിരുന്നു.

ശരിക്കും വെറും രണ്ടായിരം രൂപക്കുള്ള പണി മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളുവെന്നാണ് പറയുന്നത്. ഇതേ ലോറിക്കാർ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതേ ലോഡ് ഇറക്കിയപ്പോൾ വെറും രണ്ടായിരം രൂപയാണ് നൽകിയത്. പക്ഷേ ബാലുശ്ശേരിയിൽ എത്തിയപ്പോൾ അത് യൂണിയൻ മുഷ്‌ക്കിൽ 7000 ആയി ഉയർന്നു. പക്ഷേ അത്രയും പണിയുണ്ടായിരുന്നെന്നും, ന്യായമായ കൂലി മാത്രമാണ് ചോദിച്ചതെന്നുമാണ് തൊഴിലാളി നേതാക്കൾ പറയുന്നത്.