തിരുവനന്തപുരം: സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടയിൽ, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷനേതാവിനെയും പങ്കെടുപ്പിച്ച് 14ന് വൈകിട്ട് 5ന് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കാനുള്ള ഗവർണറുടെ ക്ഷണം സർക്കാർ തള്ളിയതിനു പിന്നാലെ മുഖ്യമന്ത്രി സ്വന്തം നിലയിൽ തിരുവനന്തപുരത്ത് ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നു. മന്ത്രിമാരും നേതാക്കളും മതമേലദ്ധ്യക്ഷന്മാരും ജനപ്രതിനിധികളും സഭാനേതാക്കളുമടക്കം പങ്കെടുക്കും. ഈ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിട്ടില്ല. ഉത്തരേന്ത്യയിൽ പരിപാടികളുള്ളതിനാൽ 20ന് ഗവർണർ സംസ്ഥാനത്തുണ്ടാവില്ല. ക്ഷണിച്ചാലും ഗവർണർ പങ്കെടുക്കില്ലെന്നാണ് രാജ്ഭവൻ പറയുന്നത്.

ഇന്ന് രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ യോഗത്തിലാണ് ഗവർണറുടെ വിരുന്നിൽ പങ്കെടുക്കേണ്ടതില്ലെന്ന് ധാരണയിലെത്തിയത്. സർക്കാരുമായി ശത്രുതാമനോഭാവം തുടരുന്ന ഗവർണറുടെ ക്ഷണം സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു പൊതു തീരുമാനം. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇന്ന് വൈകിട്ട് ജയ്പൂരിലേക്ക് പോവുന്നതിനാൽ വിരുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കില്ല. എന്നാൽ സ്പീക്കർ എ.എൻ.ഷംസീർ പങ്കെടുത്തേക്കും.

രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിച്ച് കേക്ക് മുറിക്കൽ, വിഭവസമൃദ്ധമായ ഭക്ഷണം അടക്കമുള്ളവയാണ് ഗവർണർ നിശ്ചയിച്ചിരുന്നത്. 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കുന്നുമുണ്ട്. എംപിമാർ, എംഎ‍ൽഎമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ, എല്ലാ സഭാദ്ധ്യക്ഷന്മാർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പിന്മാറിയതോടെ എംപിമാരും എംഎ‍ൽഎമാരും പങ്കെടുത്തേക്കില്ല. ഗവർണർ ക്ഷണിച്ചാൽ മറ്റു പരിപാടികൾ മാറ്റിവച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. നിയമസഭാ സമ്മേളനം നാളെ അവസാനിക്കുന്നതിനാലാണ് ഗവർണർ 14ന് ക്രിസ്മസ് സത്കാരം സംഘടിപ്പിച്ചത്. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നത്.

നേരത്തേ സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഗവർണർ ഉപേക്ഷിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സത്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമാണ് സത്കാരം റദ്ദാക്കിയത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക നൽകാൻ ഗവർണർ തീരുമാനിക്കുകയായിരുന്നു.