കോഴിക്കോട്: പലതരത്തിലുള്ള വർഗീയ പ്രചാരണങ്ങളിലുടെ അങ്ങേയറ്റം മലീമസയായ ഒരു സാമൂഹിക സാഹചര്യത്തിലുടെയാണ് കേരളം കടന്നുപോവുന്നത്. ലൗ ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് വിവാദങ്ങൾക്ക് ആരും മറന്നിട്ടുണ്ടാവില്ല. അതിന് പിന്നാലെയാണ്, കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്ന് മുൻ എംഎൽഎയായ പി സി ജോർജ് ആരോപിച്ചതും, അതിന്റെ പേരിൽ അറസ്റ്റിലാവുന്നതും. അതുപോലെ തന്നെ എം ആർ വാകിസിനേഷനെപ്പോലും മോദി- ആർഎസ്എസ് വാക്സിനേഷൻ എന്ന പറഞ്ഞ് അത് മുസ്ലീങ്ങളെ വന്ധ്യംകരിക്കാനുള്ള നീക്കമാണെന്നും പ്രചാരണം നടന്നിരുന്നു.

ഇടക്കാലത്ത് ഒന്ന് നിന്ന് എന്നുകരുതിയ വിദ്വേഷജനകമായ ഈ വ്യാജവാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ഇപ്പോൾ ടർക്കിഷ് കമ്പനിയായ സോളൻ ഉണ്ടാക്കുന്ന കോക്കനട്ട് ക്രീം മിഠായിയിൽ ലഹരി ഗുളിക
യുണ്ടെന്നും അത് ഹിന്ദുക്കളെ വന്ധ്യംകരിക്കുമെന്നുമാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് പുർണ്ണമായും വ്യാജമാണെന്ന് പറഞ്ഞ്, പൊളിച്ചടുക്കയാണ് പ്രമുഖ ശാസ്ത്രകാരനായ ശാസ്ത്രലോകം ബൈജുരാജ്.

ഇത് 2019ൽ പൊളിഞ്ഞ വ്യാജ പ്രചാരണം

തന്റെ ഫേസ്‌ബുക്ക് പേജിലുടെ പുറത്തുവിട്ട വീഡിയോയിൽ ബൈജുരാജ് ആദ്യം കാണിക്കുന്നത്, ഒരു സ്ത്രീ ലൂപ്പോ കോക്കനട്ട് ക്രീം കേക്ക് പൊളിച്ചുനോക്കുന്നതും, അതിനുള്ളിൽ രണ്ട് ഗുളികൾ കണ്ടെത്തുന്നതുമാണ്. ആ സ്ത്രീ ശബ്ദം ഇങ്ങനെ പറയുന്നു. 'ഈ വീഡിയോ ഒന്ന് കാണണം. ഇതിനകത്ത് എന്താണ് വെച്ചിരിക്കുന്നത് എന്ന് അറിയണം. ഇത് പൊളിച്ചെടുക്കുമ്പോൾ അതിൽ ഗുളികയാണ് കാണുന്നത്. അത് എന്തുതരം ഗുളികയാണെന്ന് അറിയില്ല. കഴിവതും കുട്ടികൾക്ക് ഇതുപോലുള്ള മിഠായികൾ വാങ്ങിക്കൊടുക്കരുത്. ഇത് എന്തിന്റെ ഗുളികയാണ്. ലഹരി പദാർത്ഥമാണോ എന്താണെന്ന് അറിയില്ല. മാക്സിമം ഈ വീഡിയോ ഷെയർ ചെയ്തിട്ട് നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. ഓരോ മാതാപിതാക്കളാണ് കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത്. കുഞ്ഞുങ്ങൾക്ക് ഇതുപോലുള്ള മിഠായി വാങ്ങിക്കൊടുക്കാതിരിക്കുക. ''- ഇങ്ങനെയാണ് ആ വീഡിയോ അവസാനിക്കുന്നത്. എന്നാൽ ചില ഗ്രൂപ്പുകളിൽ ഹിന്ദുക്കളെ വന്ധ്യംകരിക്കാനുള്ള ഗുളിക എന്ന നിലയിലാണ്, ഇത് പ്രചരിപ്പിക്കപ്പടുന്നത്.

ഇതിന്റെ യാഥാർത്ഥ്യം ശാസ്ത്രലോകം ബൈജുരാജ് വിശദീകരിക്കുന്നു. '2019ലാണ് ഈ വീഡിയോ ആദ്യമായി ഇറങ്ങുന്നത്. അന്ന് ഇത് കഴിച്ചുകഴിഞ്ഞാൽ കുട്ടികൾക്ക് പക്ഷാഘാതം ഉണ്ടാവും എന്ന് പ്രചാരണം ഉണ്ടായിരുന്നു. അതുപോലെ ഇത്, മുസലീം സമുദായത്തിലെ ആളുകളാണ് ഉണ്ടാക്കുന്നത്, ഹിന്ദുകുട്ടികൾക്ക് കൊടുത്ത്, അവരെ വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കുക എന്ന, ലക്ഷ്യത്തോടേയാണ് ഇറക്കിയത് എന്നെല്ലാം പറഞ്ഞായിരുന്നു പ്രചാരണം. എന്നാൽ 2019ൽ തന്നെ സോളൻ കമ്പനി ഈ വീഡിയോ ഇറക്കിയ ആളുകൾക്ക്, നിയമ നടപടിക്ക് പോയി. ഈ വിഡിയോ തെറ്റാണെന്നും കമ്പനിയെ അപകീർത്തിപ്പെടുത്താനായി നിർമ്മിച്ചതാണെന്നുമായിരുന്നു അവരുടെ വാദം. ലൂപ്പോ കോക്കനട്ട് കേക്ക് എവിടയാണ് നിർമ്മിച്ചത് എന്നുൾപ്പടെ, ബ്രാൻഡിന്റെ സുരക്ഷാ മാനദണ്ഡങ്ങളും സർട്ടിഫിക്കേഷൻ സംബന്ധിച്ച തെളിവുകളും, കമ്പനി പുറത്തുവിട്ടു. സ്വിസ് കമ്പനിയാണ് എസ് ജി എസ് ആണ് ഇത് പരിശോധിച്ചത്. ടർക്കിഷ് കമ്പനിയായ സോളന്റെ ഉൽപ്പന്നമാണിത്. കമ്പനിയുടെ കാറ്റലോഗ് പ്രകാരം ഏഷ്യാ വൻകരയിൽ ഇതിന്റെ വിൽപ്പന ഇല്ലായിരുന്നു.

ഈ വീഡിയോ കാണുമ്പോൾ തന്നെ സ്വാഭാവികമായി നമുക്ക് വരുന്ന സംശയമാണ്, ഈ കേക്കുണ്ടാക്കുന്ന കമ്പനി എന്തിന് ഈ ഗുളിക, ഇതേ രൂപത്തിൽ തന്നെ വെച്ചിരിക്കുന്നു എന്നത്. അവർക്ക് ഈ കാര്യം നടപ്പാക്കാണമെങ്കിൽ ഈ ഗുളിക കേക്കിന്റെ കൂടെ ഉണ്ടാക്കുന്ന സമയത്ത് തന്നെ, പൊടിച്ച് ചേർത്താൽ മതിയായിരുന്നു. അവരുടെ കാര്യം നടക്കും. പക്ഷേ എന്തുകൊണ്ട് ഇത് ഗുളിക രൂപത്തിൽ, ഇതിൽ വെച്ചിരിക്കുന്നു. അപ്പോൾ ഇത് ആളുകളെ പേടിപ്പിക്കാനാണ് എന്ന് വ്യക്തമാണ്. എന്തായാലും 2019ൽ തന്നെ സോളൻ കമ്പനി ഈ വീഡിയോ ഉണ്ടാക്കിയവർക്ക് എതിരെ നിയമ നടപടി, എടുത്തിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഈ വീഡിയോ ആളുകളെ പേടിപ്പിക്കാനായി ആരോ മനഃപൂർവം ഉണ്ടാക്കിയിരിക്കുന്നതാണ്. ''- ബൈജുരാജ് വ്യക്തമാക്കുന്നു.