കോഴിക്കോട്: ലോകത്ത് എവിടെ ഇസ്ലാമിക ഭീകരാക്രമണം ഉണ്ടായാലും അവിടെ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ സാന്നിധ്യം ഉണ്ടാവുമെന്നാണ് പറയുക. ബംഗ്ലാദേശിലും, ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തിൽ വരെ പ്രതികളിൽ നിന്ന് കണ്ടുകിട്ടിയത് സാക്കിർ നായിക്കിന്റെ ലഘുലേഖകളും സിഡികളും ആയിരുന്നു. അതുപോലെ തന്നെ കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരിലും, ഇതിന് പ്രേരകമായി എന്ന് പറയുന്ന എം എം അക്‌ബറിന്റെ പീസ് സ്‌കൂളിലും സാക്കിർ നായിക്കിന്റെ ലഘുലേഖകൾ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ എലത്തുർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയും സാക്കിർ നായിക്കിന്റെ വീഡിയോകൾ കാണുന്നയാളാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.

എഡിജിപി എം ആർ അജിത്തകുമാർ ഇങ്ങനെ പറയുന്നു. 'ഇതുവരെയുള്ള അന്വേഷണത്തിൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും കേരളാ പൊലീസ് കണ്ടെത്തി കഴിഞ്ഞു. കൃത്യമായ തെളിവുകൾ ലഭിച്ചു. ഭീകരവാദ ബന്ധം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. അതിനു ശേഷം മാത്രമെ കൃത്യമായി പറയാൻ കഴിയൂ. നിലവിൽ പ്രതി തീർത്തും തീവ്ര മതമൗലികവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരം വീഡിയോകൾ സ്ഥിരമായി കാണുന്ന ശീലവും ഷാറൂഖിനുണ്ട്'.

സാക്കിർ നായിക് അടക്കമുള്ളവരുടെ വീഡിയോ നിരന്തരം ഷാറൂഖ് കാണുമായിരുന്നു. ഇയാൾ താമസിക്കുന്ന ഏരിയയെപ്പറ്റി അന്വേഷിച്ചാൽ തന്നെ ഇയാളുടെ ബന്ധങ്ങളെപ്പറ്റി മനസ്സിലാകും. ആ സ്ഥലത്തിന്റെ പ്രത്യേകത എല്ലാവർക്കും അറിയാം. അതുകൊണ്ട് ഇത്തരം ഒരു അക്രമം നടത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയാണ് ഷാറൂഖ് വന്നത്. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. നാഷണൽ ഓപ്പൺ സ്‌കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ സെ്ഫിക്ക് 27 വയസ്സുണ്ട്''- എഡിജിപി ചൂണ്ടിക്കാട്ടി.

കേരളത്തിലേക്ക് ഹിജറ ചെയ്യണം'

സാക്കിർ നായിക്കിന്റെ വീഡിയോകൾ സ്ഥിരമായി കാണുന്നവർക്ക് ഉണ്ടാവുന്ന എല്ലാവധി മാനസിക പരിവർത്തനങ്ങളും, ഷാറൂഖ് സെയ്ഫിക്കും ഉണ്ടായിരുന്നു. അടുത്ത കാലം വരെ അടിച്ചുപൊളിച്ച് ജീവിച്ചിരുന്ന ഇയാൾ പൊടുന്നനെ കടുത്ത മത വിശ്വാസിയാവുകയും അഞ്ചു നേരം നിസ്‌ക്കാരം തുടങ്ങുകയുമായിരുന്നു. കണ്ണിൽ നോക്കി മതപരിവർത്തനം നടത്താൻ കഴിയുന്ന ആൾ എന്നാണ് മുബൈ സ്വദേശിയായ ഡോ. സാക്കിർ നായിക്കിനെ കുറിച്ച് നേരത്തെ വിലയിരുത്തിയിരിക്കുന്നത്. സാക്കിറിന്റെ പ്രഭാഷണങ്ങൾ നിരന്തരമായി കേൾക്കുവരിൽ പലരും, തീവ്രവാദത്തിലേക്കാണ് ചെന്ന് എത്തിയിരിക്കുന്നത്.

മതപരിവർത്തനവും വിദേശനാണ്യവിനിയ ലംഘനവും അടക്കമുള്ള ഗുരുതരമായ കേസുകൾ പതിവായതിനെ തുടർന്ന് ഇന്ത്യ വിട്ട നായിക്ക് ഇപ്പോൾ മലേഷ്യയിലാണ്. അവിടെവെച്ചും ക്രിസ്മസ് ആഘോഷിക്കരുത് എന്നും, മലേഷ്യയിലെ ഇന്ത്യാക്കാർക്ക് കൂറ് നരേന്ദ്ര മോദിയോട് ആണ് കൂറ് എന്നൊക്കെയുള്ള വിവാദ പ്രസ്താവനകൾ ഇയാൾ നടത്തി. ഐസിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി രാജ്യത്തെ വിവിധ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്ത 127 പേർ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളാലും ആശയങ്ങളാലും പ്രചോദിതരായവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കേരളത്തിലേക്ക് ഹിജറചെയ്യണം എന്ന് സാക്കിർ നായിക്ക് പറഞ്ഞതും എലത്തുർ തീവെപ്പ് കേസിന്റെ പശ്ചാത്തലത്തിൽ ചർച്ചയാവുന്നുണ്ട്്. ഇന്ത്യയിൽ ഇപ്പോഴും മതപീഡനം ശക്തമാണെന്ന് അഭിപ്രായപ്പെട്ട സാക്കിർ നായിക്ക് ഹിജറ ചെയ്യാൻ ആഗ്രഹിക്കുന്ന മുസ്ലീങ്ങൾക്ക് നല്ല സംസ്ഥാനം കേരളം ആണെന്നാണ് അഭിപ്രായപ്പെട്ടത്. ഹിജ്റ എന്ന വാക്കിനർഥം പലായനം ചെയ്യുക എന്നതാണ്. അതായത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ മോശമാണെന്നും മുസ്ലീങ്ങൾക്ക് കുടിയേറിപ്പാർക്കാൻ പറ്റിയ സംസ്ഥാനം കേരളം ആണെന്നുമാണ് സാക്കിർ നായിക്ക് വ്യക്തമാക്കുന്നത്. പുറമെ നിഷ്‌ക്കളങ്കമാണെന്നും തോന്നുമെങ്കിലും ഈ പ്രസ്താവനക്ക് പിന്നിലും തീവ്രവാദമാനങ്ങൾ ഉണ്ടെന്ന് നേരത്തെ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

ഫ്രം മലേഷ്യ ടു എലത്തുർ

മുംബൈയിൽ 1965ൽ ജനിച്ച സാകിർ നായിക്ക് വളരെ ചെറുപ്പത്തിലെ ഇസ്ലാമിക പ്രഭാഷണ രംഗത്ത് എത്തിപ്പെട്ട വ്യക്തിയാണ്. ലോകത്തെമ്പാടുമായി ധാരാളം മതപഠന ക്ലാസുകൾ നടത്തുകയും നിരവധി സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തെ ആധുനിക ശാസ്ത്രം, ക്രിസ്തു മതം, മതേതരത്വം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സാധാരണയായി നായിക്ക് പ്രഭാഷണങ്ങൾ നടത്താറുള്ളത്. ഇവയൊക്കെ മത പരിവർത്തനം ലക്ഷ്യമിട്ടുള്ളതായിരുന്നു.

2016 ജൂലൈ 1 - 2 തീയതികളിൽ ധാക്കയിൽ നടന്ന ആക്രമണങ്ങളിലെ പ്രതികളിൽ ഒരാൾ താൻ സാക്കിർ നായിക്കിന്റെ അനുയായിയാണെന്നു വെളിപ്പെടുത്തിയതോടെ ഇയാൾ ഇന്ത്യൻ പൊലീസിന്റെയും ഐബിയൂടെയും നോട്ടപ്പുള്ളിയാവുന്നത്. ബ്രിട്ടനും കാനഡയും നേരത്തെതന്നെ സാകിർ നായിക് തങ്ങളുടെ രാജ്യത്തു പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നു. മതസ്പർദ്ധ ഉണ്ടാകുമെന്ന സംശയത്താൽ പലരാജ്യങ്ങളും ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിരോധിച്ചിട്ടുമുണ്ട്.

അതേസമയം നായിക്കിന്റെ കോടികളുടെ സ്വത്തുവകകളാണ് മോദി സർക്കാർ കണ്ടുകെട്ടിയത്. വിവിധ ഘട്ടങ്ങളിലായി 70 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്നാണ് കണക്ക് . മുംബൈ, പൂണെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. സാക്കിർ നായിക്കിനും അദ്ദേഹത്തിനു കീഴിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ (ഐ.ആർ.എഫ്) പ്രവർത്തകർക്കുമെതിരേ 2017 ഒക്ടോബറിൽ എൻ.ഐ.എ സമർപ്പിച്ച കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇ.ഡിയുടെ നടപടി.

2016 നവംബർ 15 നാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ പ്രവർത്തനം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഭീകരസംഘടനകളുമായുള്ള സംശയകരമായ സാമ്പത്തിക ഇടപാട്, തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര ചാനലായ പീസ് ടീവിയുമായി ദുരൂഹബന്ധം തുടങ്ങിയ ആരോപണങ്ങളെത്തുടർന്നാണ് സാക്കിർ നായിക്കിന്റെ സംഘടനയുടെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാർശ ചെയ്തത്. യുഎപിഎ നിയമപ്രകാരമാണ് വിലക്ക്. നിരോധനത്തെ തുടർന്ന് സംഘടനയുടെ പേരിൽ നായിക്കിന് പ്രസംഗങ്ങൾ നടത്താനോ ഫണ്ടുകൾ സ്വീകരിക്കാനോ സാധിക്കില്ല. പക്ഷേ മലേഷ്യയിൽ ഇരുന്നുകൊണ്ട് സാക്കിർ നായിക്ക് ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നതിന്റെ സൂചനയാണ് എലത്തൂർ സംഭവം.