ഇടുക്കി: ഹൈക്കോടതി ഉത്തരവിനെയും വെല്ലുവിളിച്ചു ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണം തുടർന്ന പാർട്ടി ഒടുവിൽ മുട്ടുമടക്കി. ഇന്നലെ രാത്രി മുഴുവൻ കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ലെന്ന വിധത്തിൽ പാർട്ടി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇന്ന് രാവിലെയും ശാന്തൻപാറയിലെ നിർമ്മാണ കേന്ദ്രത്തിൽ തൊഴിലാളികൾ എത്തി. തൊഴിലാളികൾ പണി പതിവുപോലെ തുടരുകയും ചെയ്തു. ഇതിനിടെ വില്ലേജ് ഓഫീസിൽ നിന്നും പത്ത് മണിയോടെ സ്‌റ്റോപ്പ് മെമോ എത്തി. ഇതോടെ നിർമ്മാണം നിർത്തിവെക്കുകയാണ് ഉണ്ടായത്.

ഇന്നലെ രാത്രി തന്നെ പരമാവധി പണി പൂർത്തിയായിരുന്നു. ഇതോടെ ഹൈക്കോടതിയും കടുത്ത അമർഷത്തിലാണെന്നാണ് സൂചനകൾ. കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ചട്ടം ലംഘിച്ചു നിിർമ്മിക്കുന്ന സിപിഎം ഓഫീസുകളുടെ നിർമ്മാണം ഇന്നലെ തന്നെ നിർത്തിവെക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ നിർമ്മണത്തിനാണ് ഡിവിഷൻ ബഞ്ച് തടയിട്ടത്. ഉത്തരവ് നടപ്പാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഈ ഉത്തരവ് വകവെക്കാതെയാണ് സിപിഎം ഓഫീസ് നിർമ്മാണം തുടർന്നത്. ഉത്തരവ് കൈയിൽ കിട്ടിയില്ലെന്ന വാദത്തോടെയാണ് നിർമ്മാണം തുടർന്നു പോയത്. ഇന്നലെ രാത്രിയിലും കെട്ടിടം പണി നടന്നു. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ രാത്രിയിൽ ശാന്തപാറ പാർട്ടി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധ്രുത ഗതിയിൽ നടത്തി. പ്രാദേശിക നേതാക്കളുടെ സഹകരണത്തോടെ തൊഴിലാളികളെ എത്തിച്ച് ജനറേറ്റർ വച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടത്തിയത്. ഇത് കോടതികളെ വെല്ലുവിളിക്കലായിരുന്നു. ഈ വിഷയത്തിൽ കോടതി ഇനിയെടുക്കുന്ന നടപടിയും തീരുമാനവും അതിനിർണ്ണായകമാകും. കേസ് അതിവേഗം പരിഗണിക്കാനും സാധ്യത ഏറെയാണ്.

സ്റ്റോപ്പ് മെമോ നൽകിയിട്ടും നിർമ്മാണം തുടരുകയാണെന്നു ഹർജിക്കാർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്നായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. സ്റ്റോപ്പ് മെമോ കർശനമായി നടപ്പാക്കാൻ കലക്ടർക്കും പൊലീസ് സഹായം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദ്ദേശം നൽകി. നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ കെട്ടിട നമ്പർ നൽകരുതെന്നു പഞ്ചായത്തിനോടും നിർദ്ദേശിച്ചു. എന്നാൽ ഇതൊന്നും ആരും അറിഞ്ഞതു പോലെ ഭാവിച്ചില്ല. രാത്രിയും കെട്ടിട നിർമ്മാണം നടന്നു. അതിവേഗം കെട്ടിടം പൂർത്തിയാക്കാനാണ് നീക്കം.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ സംബന്ധിച്ച ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചാണു ഉത്തരവിട്ടത്. ശാന്തൻപാറ, ബൈസൺവാലി ഉൾപ്പെടെയുള്ള പാർട്ടി ഓഫിസുകളുടെ നിർമ്മാണമാണു കേസിൽ കക്ഷിയായ അതിജീവന പോരാട്ടവേദിയുടെ അഭിഭാഷകൻ അഡ്വ. പീയൂസ് എ.കൊറ്റം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തിയത്. ഹർജി ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. ഓണത്തിന് മുമ്പ് പണി തീർക്കാനാണ് സിപിഎം ശ്രമം. അതിന് വേണ്ടിയാണ് ഇന്നലെ രാത്രിയും പണി നടന്നത്.

ശാന്തൻപാറയിൽ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നിർത്തിവെക്കാൻ 2022 നവംബർ 25 ശാന്തൻപാറ വില്ലേജ് സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് മൂന്ന് നില കെട്ടിടം പണം അവസാന ഘട്ടത്തിലാണ്. ബൈസൺവാലിയിൽ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. രണ്ടിടത്തെയും ചട്ട ലംഘനം ചൂണ്ടികാട്ടി സ്റ്റോപ് മെമോ നൽകിയെങ്കിലും റിപ്പോർട്ടിൽ തുടർന്നടപടിയൊന്നും ഉണ്ടായില്ല. ചട്ട ലംഘനം ചൂണ്ടികാട്ടിയുള്ള മാധ്യമ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടതോടെയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

ഇതിനായി പൊലീസ് സംരക്ഷണം വേണമെങ്കിൽ തേടാമെന്നും ആവശ്യമായ സുരക്ഷ ഒരുക്കാൻ പൊലീസ് മേധാവിക്കും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിൻ ബഞ്ച് നിർദ്ദേശിച്ചിരുന്നു. വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമോ നൽകിയിട്ടും ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമ്മാണം തുടരുകയാണെന്നു വ്യക്തമാക്കി ഹർജിക്കാരൻ ഹൈക്കോടതിയിൽ ഫോട്ടോയും ഹാജരാക്കിയിരുന്നു. സർക്കാർ അഭിഭാഷകനിൽനിന്നു കോടതി വിവരങ്ങൾ തേടിയപ്പോൾ സ്റ്റോപ്പ് മെമോ നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. നിർമ്മാണം നടക്കുന്നുണ്ടെന്നും പൊലീസിന്റെ സഹായം ആവശ്യമാണെന്നും അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ വ്യക്തമാക്കി. തുടർന്നാണു സ്റ്റോപ് മെമോ കർശനമായി നടപ്പാക്കാൻ കലക്ടർക്കും സംരക്ഷണം നൽകാൻ പൊലീസിനും കോടതി നിർദ്ദേശം നൽകിയത്.

320 കയ്യേറ്റക്കാരുടെ പട്ടികയും കലക്ടർ കോടതിയിൽ നൽകി. ഇവരിൽ 20 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ ചിലരുടെ കാര്യത്തിൽ ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ നടപടിക്കു തടസ്സമുണ്ടെന്ന് അമിക്കസ് ക്യൂറി വിശദീകരിച്ചിരുന്നു. കേസുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. മൂന്നാറിൽ മൂന്നു നിലകളിൽ കൂടുതലുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. കൂടാതെ, ഇടുക്കിയിൽ റെഡ്, ഓറഞ്ച് സോണുകളിലുള്ള നിർമ്മാണത്തിനു സർക്കാർനിയന്ത്രണവും നിലവിലുണ്ട്. ഈ സോണുകൾ കൃത്യമായി നിർണയിക്കണമെന്നും കലക്ടർക്കു കോടതി നിർദ്ദേശം നൽകി. റവന്യു ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ മതിയായ പരിശീലനം നൽകാനും ഉത്തരവിട്ടു. മാത്യു കുഴൽനാടനെ പൂട്ടാൻ വേണ്ടിയാണ് വിഷയം സിപിഎം എടുത്തിട്ടത്. ഇത് ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കയാണ്.