കോഴിക്കോട്: ഇപ്പോൾ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന പേരുകളിൽ ഒന്ന് ടി ജി നന്ദകുമാർ എന്ന ദല്ലാൾ നന്ദകുമാറിന്റെതാണ്. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയവരിൽ പ്രമുഖൻ എന്ന് സി ബി ഐ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയ നന്ദകുമാർ എങ്ങനെ ഈ രീതിയിൽ വളർന്നു എന്നത് അത്ഭുതമാണ്്. ദുരൂഹതയുടെ ദല്ലാൾ എന്നായിരുന്നു, പത്തുവർഷം മുമ്പ് ഇന്ത്യാ ടുഡെയുടെ ഒരു കവർ സ്റ്റോറിയിൽ, ടി ജെ നന്ദകുമാർ എന്ന ഉന്നതവിദ്യാഭ്യാസങ്ങൾ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടനാട്ടുകാരനിൽനിന്ന്, കേരള രാഷ്ട്രീയത്തിലെ പവർ ബ്രോക്കറായി വളർന്ന മനുഷ്യനെ വിശേഷിപ്പിച്ചത്.

2007 വരെയും ഒരു സാധാരണക്കാരൻ മാത്രമായിരുന്ന നന്ദകുമാർ എങ്ങനെയാണ്, അംബാനിയുടെയും അദാനിയുടെയും വിഎസിന്റെയും, സുപ്രീകോടതി ജഡ്ജിമാരുടെയും, സിബിഐ ഉദ്യോഗസ്ഥരുടെയുമൊക്കെ അടുത്ത സുഹൃത്തായി മാറിയത് എന്നത് അമ്പരപ്പിക്കുന്നതാണ്. പക്ഷേ ഇപ്പോൾ സോളാർ കേസിന്റെ വാർത്തകൾ പുറത്തായതിലൂടെ പ്രതിരോധത്തിലായ സിപിഎം പ്രവർത്തകർ നന്ദകുമാറിന്റെ പഴയ കോൺഗ്രസ് ബന്ധമാണ് ചൂണ്ടിക്കാട്ടുന്നത്..

യൂത്ത് കോൺഗ്രസിൽ നിന്ന് ഡൽഹിയിലേക്ക്

ആദ്യകാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നന്ദകുമാറിന്റെ ചരിത്രമാണ് സിപിഎം സൈബർ സഖാക്കൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കുട്ടനാട്ടിലെ നെടുമുടിയിലാണ് ജനിച്ചതെങ്കിലും, പിന്നീട് ഇവർ എറണാകുളം നഗരത്തിനടുത്തുള്ള വെണ്ണലയിലേക്ക് മാറുകയായിരുന്നു. ഇവിടുത്തെ സാദാ പാൽ കച്ചവടക്കാരനിൽ നിന്നുമാണ് നന്ദകുമാറിന്റെ തുടക്കം.

പശുവിനെക്കറന്ന് പാൽ ഡയറിയിൽ വിൽക്കുന്ന ജോലിയായിരുന്നു ആദ്യം നന്ദകുമാറിന്. വെണ്ണല സർക്കാർ സ്‌കൂളിലെ പഠനകാലത്താണ് നന്ദകുമാർ കെ എസ് യുക്കാരനായി തീർന്നത്. പത്താം ക്‌ളാസിന് ശേഷം കാര്യമായി പഠിക്കാനൊന്നും പോകാതിരുന്ന നന്ദകുമാർ പാൽക്കച്ചവടത്തിനൊപ്പം യുത്ത് കോൺഗ്രസിന്റെ വെണ്ണല മണ്ഡലം ഭാരവാഹിയായി. എറണാകുളം ജില്ലയെ ഏറെക്കുറെ എല്ലാ കോൺഗ്രസ് നേതാക്കന്മാരുടെ അടുപ്പം ഉണ്ടാക്കാൻ നന്ദകുമാറിന് കഴിയുകയും ചെയ്തു. നന്ദപ്പൻ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി ജി നന്ദകുമാർ ഒരു കാലത്ത് എറണാണകുളം ഡി സിസി ഓഫീസിലെ സ്ഥിരം അന്തേവാസിയായിരുന്നു.

സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാർക്ക് ചെറിയ ചെറിയ ഉപകാരങ്ങൾ ചെയ്തു കൊടുക്കുന്ന പണിയായിരുന്നു ആദ്യമൊക്കെ. അന്നത്തെ പ്രമുഖനായ ഒരു കോൺഗ്രസ് എംഎൽഎയുടെയും എം പിയുടെയും ലെറ്റർഹെഡ്ഡുകൾ മോഷ്ടിച്ച് അതിൽ കത്തെഴുതി ഓരോരോ ആവശ്യങ്ങൾക്കെത്തുന്നവർക്ക് കൊടുത്ത് പണം വാങ്ങിക്കുന്നുവെന്ന ആരോപണം ഇയാൾക്കെതിരെ വ്യാപകമായി ഉയർന്നിരുന്നത്രെ. ഇതേ തുടർന്ന് എം പിയും എംഎൽഎയും ഇയാളെ അടുപ്പിക്കാതെയായി. എംഎൽഎ പിന്നീടു മന്ത്രിയായി തോറ്റു, വീണ്ടും ജയിച്ചു, എം പി പിന്നീട് ഇടതുമുന്നണിയിൽ ചേക്കേറി വീണ്ടും ഉന്നത പദവികളിലെത്തി.വിവിധ തരികിടകളിൽപെട്ട് ആളുകൾ അന്വേഷിച്ച് വരാൻ തുടങ്ങി. അങ്ങനെ നിക്കള്ളിയില്ലാതെ ഒരു ദിവസം നന്ദപ്പൻ എന്ന നന്ദകുമാർ ഡൽഹിയിലേക്ക് നാടുവിട്ടുവെന്നാണ് പറയുന്നത്.

ഡൽഹിയിൽ നിന്ന് ഉന്നതങ്ങളിൽ

ഡൽഹിയാണ് ഇന്ന് കാണുന്ന ടി ജി നന്ദകുമാറിനെ സൃഷ്ടിച്ചത്. ഐഐ സി സി ഓഫീസിൽ ഏതോ തസ്തികയിൽ ജോലി ചെയ്യുന്നുവെന്നാണ് നാട്ടിലൊക്കെ പറഞ്ഞു. അപ്പോഴാണ് കേരളത്തിൽ നിന്നൊരു ന്യായാധിപൻ സുപ്രീം കോടതിയിലെ ഉന്നത പദവിയിലെത്തുന്നത്. ഈ ന്യായാധിപനും കുടുംബവും പിന്നീട് ഒട്ടേറെ ആരോപണങ്ങൾക്ക് വിധേയമാവുകയും ചെയ്തത്രെ. അപ്പോഴാണ് ഇദ്ദേഹത്തിന്റെ മുന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കുടുംബങ്ങളിലൊന്നിന്റെ കേസ് വന്നത്. പെട്രോൾ നിക്ഷേപവുമായി ബന്ധപ്പെട്ട് മറ്റൊരു വ്യവസായ സ്ഥാപനവുമായാണ് കേസ്. അതിൽ മേൽപ്പറഞ്ഞ വ്യവസായ കുടുബവും സുപ്രീം കോടതിയിലെ അന്നത്തെ പ്രമുഖനും തമ്മിൽ ബന്ധപ്പെടുന്നതിനുള്ള ഇടനിലക്കാരൻ ഈ ദല്ലാളാണെന്ന് കേരളത്തിലെ ചില മാധ്യമങ്ങൾ തന്നെ അക്കാലത്ത് ആരോപിച്ചിരുന്നു.

കേസിൽ ഇന്ത്യയിലെ ഉന്നത വ്യവസായ കുടുംബത്തിനനുകൂലമായ പരമോന്ന കോടതിയുടെ വിധി വന്നു. ശതകോടികൾ ഇതിന് പിന്നിൽ മറിഞ്ഞുവെന്ന് വലിയ ആക്ഷേപം അക്കാലത്തുണ്ടായിരുന്നു.ഇതോടെയാണ് വെണ്ണലക്കാരൻ നന്ദകുമാർ അതിസമ്പന്നനായ ദല്ലാൾ നന്ദകുമാറായയത്രെ. പിന്നീട് കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയക്കാരെല്ലാം നന്ദകുമാറിന്റെ കക്ഷത്തിലായി. കോടതി വ്യവഹാരങ്ങളിൽ ഇയാളുടെ സഹായം തേടിയ രാഷ്ട്രീയ നേതാക്കൾ നിരവധിയാണ്.

പക്ഷേ സിപിഎം സൈബർ സഖാക്കൾ പ്രചരിപ്പിക്കാത്ത ഒരു കാര്യമുണ്ട്. 2000ത്തിനുശേഷമുള്ള കാലത്ത് വിഎസിന്റെ അടുപ്പക്കാരൻ എന്ന നിലയിൽ നന്ദകുമാർ അറിയപ്പെടുന്നത്. അതിന്മുമ്പുതന്നെ കൊച്ചിയിൽ ചിലർ കംപ്ലയിന്റ് കുമാർ എന്ന ഓമനപ്പേരിട്ട് വിളിച്ചിരുന്നു. ഇതിന് കാരണം, അഭിഭാഷകരും ജഡ്ജിമാരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പമായിരുന്നു. ഒരു കേസ് വന്നാൽ അതിൽ ഏത് അഭിഭാഷകനെ കാണണം എന്നത് അടക്കമുള്ള കൃത്യമായ ഉപദേശം നന്ദകുമാറിന്റെ ഭാഗത്തുനിന്ന് കിട്ടും. ഇവിടെ മാത്രമല്ല, അങ്ങ് സുപ്രീംകോടതിയിൽ വരെയുണ്ട് പിടി.

കംപ്ലയിന്റ് കുമാർ ദല്ലാൾ നന്ദകുമാർ ആയി മാറുന്നത് സിപിഎം വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാൾ എന്ന നിലയിലാണ് നന്ദകുമാർ പിൽക്കാലത്ത് വാർത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചർച്ചകളിലും ഇടംപിടിച്ചത്. ലാവ്‌ലിൻ കേസിലും, ഇടമലയാർ കേസിലുമൊക്കെ കോടതി വിധികളിൽ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. പിണറായി വിജയനെ കുടുക്കാൻ വി എസ് നന്ദകുമാറിന്റെ സഹായം തേടിയതായി ആരോപിക്കുന്ന സിപിഎം അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് വലിയ വിവാദമാണ് ഉണ്ടാക്കിയത്. അങ്ങനെ പിണറായി പക്ഷം ഇട്ട പേരാണ് ദല്ലാൾ എന്നത്.