കൊച്ചി. ആലപ്പുഴയിലെ പാർട്ടിയുടെ വനിതാ പ്രവർത്തകരുടെ ഉൾപ്പെടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന ആരോപണം നേരിടുന്ന സിപിഎം ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗവും പഴയ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന നേതാവിന് പൂർണ സംരക്ഷണം. ആരോപണവും തെളിവും പുറത്തു വന്നിട്ടും നേതാവിനെതിരെ ഇതുവരെ കാര്യമായ നടപടിയൊന്നുമില്ല. മേഖലാ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ നിന്നും സിഐടിയു ചുമതലയിൽനിന്നും ഒഴിവാക്കിയതു മാത്രമാണ് ഇതുവരെ ഉണ്ടായത്. പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല എന്നാണ് നേതാക്കളുടെ വിശദീകരണം. രണ്ടു മാസം മുൻപു നടന്ന സംഭവങ്ങൾ അന്നേ പാർട്ടിക്കു മുന്നിൽ പരാതിയായി എത്തിയതാണ്. എന്നാൽ, ജില്ലാ നേതൃത്വം ഇതു ഗൗരവത്തിൽ എടുത്തില്ല. പരാതി സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയപ്പോഴാണ് തിടുക്കത്തിൽ കമ്മിഷനെ നിയോഗിച്ചത്. അതും പാർട്ടി സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദൻ ജില്ലാ സെക്രട്ടറിയെ വിളിച്ച നീരസം അറിയിച്ച ശേഷം.

നേതാവ്്് ജോക്കിയും വാൻഹ്യുസെനും അടക്കമുള്ള അടിവസ്ത്രങ്ങളാണ് സ്ത്രീകൾക്ക് വാങ്ങി നൽകിയിരുന്നത്. അത് ധരിച്ച് നേതാവിന് മുന്നിലെത്തണം ഇതായിരുന്നു ഡിമാന്റ്. അങ്ങനെ നേതാവിന് മുന്നിലെത്തിയവരിൽ ജനപ്രതിനിധികളും ഉൾപ്പെട്ടതായാണ് വിവരം.
മുപ്പതിലേറെ സ്ത്രീകളുടെ നഗ്ന വിഡിയോകൾ ഇയാളുടെ ഫോണിൽ നിന്നു കണ്ടെത്തിയെന്നാണ് വിവരം. മുതിർന്നവരില്ലാത്ത സമയത്ത് ഒരു വീട്ടിൽ കയറി ഇയാൾ കുളിമുറിയിലായിരുന്ന പെൺകുട്ടിയെ ശല്യം ചെയ്തെന്നും കുട്ടി ഒച്ചവച്ചപ്പോൾ നാട്ടുകാർ ഇയാളെ പിടികൂടുകയുമായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഒട്ടേറെപ്പേരുടെ ദൃശ്യങ്ങൾ കണ്ടത്. ഇയാളുടെ പ്രേരണയിൽ പലർക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തു നൽകിയിട്ടുണ്ടെന്നും വിവരമുണ്ട്. ഈ കാര്യങ്ങളും പാർട്ടി അന്വേഷിക്കേണ്ടിവരും. കൂടാതെ ജോലി, പൊതു മേഖലാ ബാങ്കുകളിൽ നിന്നു സഹകരണ ബാങ്കുകളിൽ നിന്നും വായപ ഇതൊക്കെ തരപ്പെടുത്തി കൊടുത്തിരുന്നു.

സി പി എം സംസ്ഥാന നേതൃത്വം തെറ്റു തിരുത്തൽ രേഖ ചർച്ച ചെയ്യുകയും പാർട്ടിയിൽ ശുദ്ധികലശം അനിവാര്യമാണെന്ന വിലയിരുത്തൽ നടത്തുകയും ചെയ്തതിനിടെ ആലപ്പുഴയിൽ ഉണ്ടായ പുതിയ വിവാദം പാർട്ടിക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിയിട്ടും ജില്ലാ നേതൃത്വം നേതാവിനെ സംരക്ഷിക്കുന്നുവെന്നാണ് വിമർശനം. ഇദ്ദേഹത്തിനെതിരെ യുവതി പരാതിയുമായി വന്നതോടെ നേതൃത്വവും വെട്ടിലായിരുന്നു.
നേതാവിന്റെ മൊബൈലിൽ ഉള്ള 30 സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങളിൽ ജില്ലയിലെ തന്നെ ചില പ്രാദേശിക നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

നേതാവിന്റെ സ്വഭാവ ദൂഷ്യം സംബന്ധിച്ച് പാർട്ടിയിൽ ഒരു പാട് കഥകൾ പ്രചരിക്കുന്നുണ്ട്. താല്പര്യമുള്ളവരെ കണ്ടാൽ നേതാവ് ആദ്യ വളച്ചെടുക്കും. പിന്നീട് ബ്രാൻഡഡ് ജട്ടിയും ബ്രായും വാങ്ങി നല്കും. ഈ വസ്ത്രങ്ങൾ ധരിച്ച് നേതാവ് പറയുന്ന സ്ഥലത്ത് യുവതികൾ എത്തണം അതാണ് ചട്ടം. ജോലി ഉൾപ്പെടെയുള്ള വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് വരുന്നവരെയാണ് പീഡിപ്പിക്കുന്നത്.
ഇങ്ങനെ വരുന്നവരെ ചൂഷണം ചെയ്ത ശേഷം ദൃശ്യങ്ങൾ പകർത്തും. ഇതാണ് നേതാവിന്റെ രീതി എന്നാണ് ചില അണികൾ അടക്കം പറയുന്നത്. സംഭവം വിവാദമായതോടെ ഏരിയ കമ്മിറ്റിയിൽ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവർ തന്നെ പരസ്യമായി എതിർത്തു രംഗത്ത് വന്നിട്ടുണ്ടെങ്കിലും ജില്ലാ നേതൃത്വത്തിന് നിസംഗ ഭാവമാണെന്നാണ് അണികളുടെ സംസാരം.

സ്ത്രീകളുമായുള്ള വിഡിയോ കോളുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണിൽ കണ്ടെത്തിയിരുന്നു. ഇതിൽ ഒരു വീഡിയോ ആർക്കോ കൈമാറിയപ്പോൾ അബദ്ധത്തിൽ കുറേയെണ്ണം ഒന്നിച്ച് അയച്ചുപോയെന്നും തുടർന്നാണ് സംഭവം പുറത്തായതെന്ന കഥയും പാർട്ടി അണികൾക്കിടയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളുടെ വിഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപ് ഇയാൾക്കെതിരെ ഒന്നിലേറെ പരാതികൾ പാർട്ടിക്കു മുന്നിൽ എത്തിയിരുന്നു എന്നാണ് വിവരം. അന്നും പാർട്ടിയിൽ ചർച്ചയായെങ്കിലും വിഭാഗീയതയുടെ പേരിൽ ഇയാളെ ചിലർ സംരക്ഷിച്ചെന്ന് വിമർശനമുണ്ട്. പരാതികൾ അതിശയോക്തി കലർന്നതാണെന്നാണ് നേതാക്കൾ പലരും കരുതിയത്. ഇപ്പോൾ തെളിവു സഹിതം ബോധ്യപ്പെട്ടിട്ടും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരെട്ടെയെന്ന പറയുന്നതിലെ സാംഗത്യത്തെയാണ് അണികൾ വിമർശിക്കുന്നത്.

എന്നാൽ ആലപ്പുഴ ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയതെന്നും വിമർശനം ഉണ്ട്. ആരോപണ വിധേയൻ, പി പി ചിത്തരഞ്ജനെ അനുകൂലിക്കുന്ന പക്ഷക്കാരനാണ്. സൗത്ത് എര്യാകമ്മിറ്റി ചിത്തരഞ്ജൻ വിഭാഗം പിടിച്ചെടുത്തപ്പോൾ മുന്നിൽ നിന്ന് നയിച്ച നേതാവാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾ ആളി കത്തിക്കുന്നത് സജിചെറിയാൻ വിഭാഗമാണെന്ന വിമർശനവും പാർട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. കൂടാതെ ജില്ലയിലെ വിവിധ ഏര്യാകമ്മിറ്റികളിൽ നിന്നം നേതാക്കൾ കൂട്ടത്തോടെ രാജിവെയ്ക്കുന്നതും പതിവാകുന്നു. കുട്ടനാട്ടിൽ നിന്നും മാത്രം 30ഓളം പേർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.

വെളിയനാട്ടും പ്രവർത്തകർ സിപിഎം വിടുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.. പഞ്ചായത്തിലെ 27 പ്രവർത്തകർ പാർട്ടി വിടുന്നതായി ജില്ലാ നേതൃത്വത്തിനു കത്തു നൽകിയിട്ടുണ്ട്. പകർപ്പ് സംസ്ഥാന കമ്മിറ്റിക്കും അയച്ചു. ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എൻ.ഡി.ഉദയകുമാർ, മുൻ ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്തംഗവുമായ എം.കെ.ഭാസ്‌കരൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തകർ കത്തു നൽകിയത്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി പമ്പ് സെറ്റ് നൽകിയപ്പോൾ പാർട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട് സിഡിഎസ് അധ്യക്ഷ തിരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഞ്ചാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തിയത് തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം പാർട്ടി വിരുദ്ധമായി ഇടപെട്ടതായി ഒരു വിഭാഗം ആരോപിക്കുന്നു.പ്രതികാരമായി ഒരു വിഭാഗത്തെ ഒഴിവാക്കുന്നതും ലോക്കൽ കമ്മിറ്റി നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടും പാർട്ടി വിടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു.

ലഹരിക്കടത്തു കേസിൽ ആരോപണവിധേയനായ ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെതിരെ ഉയർന്ന ആരോപണങ്ങളിലും പാർട്ടി പ്രതിരോധത്തിലാണ്. ഷാനവാസിനെ പുറത്താക്കാൻ പാർട്ടി സെക്രട്ടറി മുൻകൈ എടുത്തപ്പോൾ അതിനെ സെക്രട്ടറിയേറ്റിൽ ഒരു വിഭാഗം ചോദ്യം ചെയ്തതും പാർട്ടിയിലെ വിഭാഗീതയ്ക്ക് തെളിവാണ്. ഷാനവാസിനെ പുറത്താക്കണമെന്ന ആർ.നാസറിന്റെ നിലപാടിനെ എം.സത്യപാലൻ, ജി.ഹരിശങ്കർ, പി.പി.ചിത്തരഞ്ജൻ എംഎൽഎ എന്നിവർ സെക്രട്ടേറിയറ്റിൽ അനുകൂലിച്ചു. മന്ത്രി സജി ചെറിയാന്റെ പ്രൈവറ്റ് സെക്രട്ടറി മനു സി.പുളിക്കൽ, എച്ച്.സലാം എംഎൽഎ, ജി.രാജമ്മ, കെ.എച്ച്.ബാബുജാൻ, ജി.വേണുഗോപാൽ, എ.മഹീന്ദ്രൻ എന്നിവർ എതിർത്തു.

തൽക്കാലം പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്നായിരുന്നു ഭൂരിപക്ഷത്തിന്റെ നിർദ്ദേശം. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് വന്ന ശേഷം ബാക്കി ആലോചിക്കാമെന്നും വാദമുയർന്നു. ഇത് അംഗീകരിക്കപ്പെട്ടു. കടുത്ത നടപടി വേണ്ടെന്നു പറഞ്ഞവർക്കാണ് മൂന്നംഗ അന്വേഷണ കമ്മിഷനിൽ ഭൂരിപക്ഷം. അതു കൊണ്ട് ഷാനവാസിനെ ഇപ്പോഴത്തെ വിവാദങ്ങൾക്ക് ശേഷം പാർട്ടി കൂടെ നിർത്തുമെന്നുറപ്പാണ്. എന്തായാലം ആലപ്പുഴയിലെ പാർട്ടിയിലെ വിഭാഗീയത അന്വേഷിക്കാൻ സംസ്ഥാന ഘടകം ചുമതലപ്പെടുത്തിയ പി കെ ബിജുവും ടി പി രാമകൃഷണനും ഉൽപ്പെടുന്ന രണ്ടംഗ കമ്മീഷൻ സംസ്ഥാന സെക്രട്ടറിക്ക് ഉടൻ റിപ്പോർട്ട് കൈമാറും. ഈ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഒരു ശുദ്ധികലശം കൂടി ആലപ്പുഴയിലെ പാർട്ടിയിൽ പ്രതീക്ഷിക്കാം.